ഹിയറിംഗിന് ഹാജരാകാത്ത 6 ഉദ്യോഗസ്ഥർക്ക് സമൻസ്

തിരുവനന്തപുരം: ഹിയറിംഗിൽ ഹാജരാകാതിരുന്ന 6 ഉദ്യോഗസ്ഥർക്ക് സംസ്ഥാന വിവരാവകാശ കമ്മിഷൻ സമൻസയച്ചു. വയനാട് ജില്ലാ പട്ടികവർഗ വികസന ഓഫീസിലെയും കോഴിക്കോട് നോർത്ത് സോൺ വിജിലൻസിലെയും ഈരണ്ട് ഉദ്യോഗസ്ഥർക്കും എരവന്നൂർ എ.യു.പി സ്കൂളിലെ ഹെഡ്മാസ്റ്റർ, പാലക്കാട് ഷോളയാർ എസ്.എച്ച്.ഒ എന്നിവർക്കുമാണ് സമൻസ്. ഇവർ ഡിസംബർ 11ന് വിശദീകരണവുമായി കമ്മിഷൻ ആസ്ഥാനത്ത് ഹാജരാകണം.

ഹിയറിംഗിന് വിളിച്ചാൽ നേരിൽ ഹാജരാകണമെന്നും പകരക്കാരെ സ്വീകരിക്കില്ലെന്നും കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കിം അറിയിച്ചു. പകരക്കാരായി എത്തിയ രണ്ടുപേരെ തിരിച്ചയച്ചു. സർക്കാർ ഓഫീസുകളിൽ ഫയൽ കാണാതാകുന്നത് ക്രിമിനൽ കുറ്റമാണെന്നും പൊതുരേഖാ നിയമപ്രകാരം 5 വർഷംവരെ ജയിൽ ശിക്ഷയും പതിനായിരം രൂപ മുതൽ പിഴയും ലഭിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ വിവരാവകാശ നിയമത്തിലും പൊതുരേഖാ നിയമത്തിലും ഫയൽ കാണാതാകുന്ന കേസുകളിൽ ഒരേസമീപനമാണ് വ്യവസ്ഥചെയ്യുന്നത്. വിവരാവകാശ അപേക്ഷ ലഭിക്കുംവരെ ഓഫീസിൽ ഉണ്ടായിരിക്കുന്ന ഫയൽ അപേക്ഷ ലഭിച്ചാലുടൻ കാണാതാകുന്ന സംഭവങ്ങളുണ്ടെന്നും അത്തരം ചില കേസുകൾ കമ്മിഷന്റെ പരിഗണനയിലാണെന്നും അദ്ദേഹം വിശദമാക്കി. ഏറ്റവുമൊടുവിൽ മണിയൂർ ഗ്രാമപഞ്ചായത്തിലാണ് ഫയൽ കാണാനില്ലെന്ന് മൊഴിനല്കിയത്. ഈ ഫയൽ 14 ദിവസത്തിനകം കണ്ടെടുത്ത് വിവരം നല്കണമെന്നും കമ്മിഷൻ ഉത്തരവിട്ടു.

ഒരു അപേക്ഷയിൽ നെയ്യാറ്റിൻകര ജില്ലാ വിദ്യാഭ്യാസ ഓഫീസിൽനിന്ന് വിവരം നൽകിയില്ല. ഉത്തരവാദിയായ ഓഫീസറെ കണ്ടെത്താൻപോലും കഴിയാത്തത്ര നിരുത്തരവാദമാണ് നടക്കുന്നതെന്ന് ഹിയറിംഗ് വേളയിൽ കമ്മിഷൻ പരാമർശിച്ചു.


Source link
Exit mobile version