മരംവെട്ടുകാർ കെട്ടിയ കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
സിയാദ്
തിരുവല്ല: സ്‌കൂൾ വളപ്പിലെ മരംമുറിക്കാനായി റോഡിനു കുറുകെ മുന്നറിയിപ്പില്ലാതെ കെട്ടിയ കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ തകഴി പഞ്ചായത്ത് 12-ാം വാർഡ് കുന്നുമ്മ കുറപ്പൻചേരിയിൽ സൈഫുദ്ദീൻ- അയിഷ ദമ്പതികളുടെ മകൻ സിയാദ് കെ.എസ് (32) ആണ് മരിച്ചത്.
കുടുംബവുമായി സഞ്ചരിക്കുകയായിരുന്നു സിയാദ്. ഭാര്യ സിബിനയും മക്കളായ ന്യൂറാ ഫാത്തിമ (മൂന്നര വയസ്), സഹറൻ (ഒന്നര വയസ്) എന്നിവരും നിസാര പരിക്കുകളോടെ രക്ഷപെട്ടു. മുത്തൂർ – കുറ്റപ്പുഴ റോഡിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെ ആയിരുന്നു ഒരു കുടുംബത്തെ അനാഥമാക്കിയ സംഭവം.
മുത്തൂർ ഗവ.സ്കൂൾ വളപ്പിൽ ഭീഷണിയായി നിന്നിരുന്ന അക്കേഷ്യമരം മുറിച്ചുനീക്കാൻ റോഡിനു കുറുകെ മുന്നറിയിപ്പിനായി കെട്ടിയതായിരുന്നു പ്ളാസ്റ്റിക് കയർ. റോഡിന്റെ ഇരുവശങ്ങളിലും കയർ കുറുകെ കെട്ടിയിരുന്നു. മരം വെട്ടിയിടുമ്പോൾ വാഹനങ്ങൾ കടന്നുപോകാതിരിക്കാനാണ് കയർ കെട്ടിയത് എന്നാണ് ബന്ധപ്പെട്ടവരുടെ വശദീകരണം. എന്നാൽ, മുന്നറിയിപ്പു നൽകാനായി ബോർഡോ ആളോ റോഡിൽ ഉണ്ടായിരുന്നില്ല.
ബൈക്കോടിച്ചു വന്ന സിയാദിന്റെ കഴുത്തിൽ കയർ കുരുങ്ങി ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സിയാദ് 15 അടിയോളം പിന്നിലേക്ക് തെറിച്ചുവീണു. നാട്ടുകാർ ഓടിയെത്തി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡിൽ വീണ ഭാര്യയും മക്കളും അദ്ഭുതകരമായി രക്ഷപെടുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയാണ് സിയാദ്. മരംവെട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു. കയർ പെട്ടെന്ന് കാഴ്ചയിൽപ്പെടാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കരുതുന്നതായി തിരുവല്ല ഡിവൈ.എസ്.പി. എസ്.അഷാദ് പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി ആലപ്പുഴ ജില്ല പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
Source link