‘ഇടതുപക്ഷത്തിനെതിരെ നടന്നത് വലിയ ക്യാമ്പയിൻ, ചേലക്കരയിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും’

ചേലക്കര: ഉപതിരഞ്ഞെടുപ്പിൽ ചേലക്കരയിലെ എൽഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കുമെന്ന് ആലത്തൂർ എംപി കെ രാധാകൃഷ്ണൻ. ചേലക്കരയിൽ വർഗീയ വേർതിരിവ് നടത്താനുളള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയിലെ തിരഞ്ഞെടുപ്പ് ഫലത്തിനെക്കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാധാകൃഷ്ണൻ.
‘ചേലക്കരയിലെ ബിജെപി വോട്ട് വർദ്ധിച്ചത് പ്രത്യേക സാഹചര്യത്തിലാണ്. വർഗീയ വേർതിരിവ് നടത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ബിജെപിയുടെ വോട്ട് ശതമാനം കൂടിയ സാഹചര്യം പരിശോധിക്കും. പാർലമെന്റ് തിരഞ്ഞെടുപ്പ് വന്നപ്പോൾ 28000 ആയിരുന്നു. ഇപ്പോൾ 33000 ലേക്ക് കൂടി. ബിജെപി കേന്ദ്ര ഭരണം ഉപയോഗിച്ചുകൊണ്ട് ആളുകളെ സ്വാധീനിക്കാൻ ശ്രമം നടത്തുന്നുണ്ട്. വലിയ രീതിയിലുള്ള വർഗീയ വേർതിരിവ് നടത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ബിജെപിയുടെ വോട്ട് ശതമാനം കൂടിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ തന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് എതിരായി വലിയ ക്യാമ്പയിനാണ് നടത്തിയത്. അത് ബിജെപിയും യുഡിഎഫും ഡിഎംകെയും നടത്തി’- രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിലെ രമ്യ ഹരിദാസിനെ 12,201 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായ യു ആർ പ്രദീപ് രണ്ടാം വരവിൽ തോൽപ്പിച്ചത്. 2016ൽ പ്രദീപിന് ലഭിച്ച ഭൂരിപക്ഷം (10,200 വോട്ട്) മറികടക്കാനായെങ്കിലും 2021ലെ രാധാകൃഷ്ണന്റെ 39,400 എന്ന ഭൂരിപക്ഷത്തിലെത്താനായില്ല.
Source link