വൈദികനെന്ന് വിശ്വസിപ്പിച്ച് എംബിബിഎസ് സീറ്റ് നൽകാമെന്ന് വാഗ്ദാനം, തട്ടിയെടുത്തത് കോടികൾ; പ്രതി പിടിയിൽ

ചെന്നൈ: വെല്ലൂർ മെഡിക്കൽ കോളേജിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് വൈദികനെന്ന് വിശ്വസിപ്പിച്ച് കോടികൾ തട്ടിയെടുത്തയാൾ പിടിയിൽ. പത്തനംതിട്ട സ്വദേശിയായ ജേക്കബ് തോമസാണ് അറസ്റ്റിലായത്. ചെന്നൈ വിമാനത്താവളത്തിൽ നിന്ന് മലേഷ്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ തൃശൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ജേക്കബ് തോമസ് കേരളത്തിലും സംസ്ഥാനത്തിന് പുറത്തുനിന്നും രക്ഷിതാക്കളെ വൈദികനെന്ന് പരിചയപ്പെടുത്തിയാണ് പണം തട്ടിയത്.
തമിഴ്നാട്ടിലെ വെല്ലൂരിൽ സ്റ്റാഫ് ക്വാട്ടയിൽ എംബിബിഎസ് സീറ്റ് നൽകാമെന്നായിരുന്നു വിശ്വസിപ്പിച്ചാണ് രക്ഷിതാക്കളിൽനിന്ന് കോടികൾ തട്ടിയത്. ജേക്കബ് തോമസിനെതിരെ തൃശൂർ വെസ്റ്റ്, അങ്കമാലി, കൊരട്ടി, പാല, പന്തളം, അടൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തിന് പുറത്തും ഇയാൾക്കെതിരെ കേസുണ്ട്. വർഷങ്ങളായി നാട്ടിൽ നിന്നും മാറി നിൽക്കുന്ന ജേക്കബ് തോമസ് കന്യാകുമാരി തക്കലയിൽ താമസിച്ചിരുന്ന സമയത്താണ് കേരളത്തിലെ രക്ഷിതാക്കളെ കബളിപ്പിച്ചത്.
പ്രതിയെ തൃശൂരിലെത്തിച്ച് മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ആയ ലാൽ കുമാർ ,സബ് ഇൻസ്പെക്ടർ സുജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ആയ ടോണി വർഗീസ്, മഹേഷ്, സിവിൽ പൊലീസ് ഓഫീസർ റൂബിൻ ആന്റണി എന്നിവരുണ്ടായിരുന്നു.
Source link