ഉദ്യോഗസ്ഥ മോശമായി പെരുമാറി; വസ്ത്രമഴിക്കാൻ പറഞ്ഞു: വനിത വ്യവസായിയുടെ മരണത്തിൽ പരാതി നൽകി കുടുംബം

ചോദ്യംചെയ്യാൻ വിളിപ്പിച്ച ഡിഎസ്പി വസ്ത്രം അഴിപ്പിച്ചു; പിന്നാലെ വനിതാ വ്യവസായി ജീവനൊടുക്കി – Businesswoman Dies by Suicide, Alleges Harassment by CID Officer in Karnataka Scam Probe | Latest News | Manorama Online
ഉദ്യോഗസ്ഥ മോശമായി പെരുമാറി; വസ്ത്രമഴിക്കാൻ പറഞ്ഞു: വനിത വ്യവസായിയുടെ മരണത്തിൽ പരാതി നൽകി കുടുംബം
ഓൺലൈൻ ഡെസ്ക്
Published: November 24 , 2024 06:28 PM IST
1 minute Read
പ്രതീകാത്മക ചിത്രം
ബെംഗളൂരു∙ കർണാടക ഭോവി ഡവലപ്മെന്റ് കോർപറേഷൻ തട്ടിപ്പിന്റെ പേരിൽ സിഐഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെ മുപ്പത്തിമൂന്നുകാരിയായ വനിതാ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. സിഐഡി ഉദ്യോഗസ്ഥയിൽനിന്നു മോശം പെരുമാറ്റം നേരിട്ടതിനു പിന്നാലെയാണ് എസ്. ജീവ ആത്മഹത്യ ചെയ്തതെന്നു സഹോദരി എസ്. സംഗീത പരാതിപ്പെട്ടു. ജീവയോടു വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട സിഐഡി ഉദ്യോഗസ്ഥ 25 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്നുമാണു പുറത്തുവരുന്ന വിവരം.
സംഗീത നൽകിയ പരാതിയിൽ സിഐഡി ഡപ്യൂട്ടി എസ്പി കനകലക്ഷ്മിക്കെതിരെ ബനാശങ്കരി പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു. നവംബർ 14നാണ് ജീവയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. പാലസ് റോഡിലെ സിഐഡി ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യൽ. ‘‘നവംബർ 14നും 23നും ഇടയിൽ വിഡിയോ കോൺഫറൻസ് വഴി ജീവയെ ചോദ്യം ചെയ്യാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. എന്നാൽ ഡിഎസ്പി കനകലക്ഷ്മി 14ന് നേരിട്ടു ഹാജരാകാൻ ജീവയോട് ആവശ്യപ്പെട്ടു. ഉൾവസ്ത്രത്തിനുള്ളിൽ സയനൈഡ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച് അന്ന് ഡിഎസ്പി വസ്ത്രം അഴിപ്പിച്ചു പരിശോധിച്ചു. പിന്നീട് പീന്യയിലെ തടിക്കടയിൽ ജീവയുമായി പോയി പരിശോധന നടത്തി. അവിടെവച്ച് എല്ലാവരുടെയും മുന്നിലും ജീവയെ അപമാനിച്ചു’’ – പരാതിയിൽ പറയുന്നു.
കനകലക്ഷ്മിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും അഴിമതി നിരോധനക്കുറ്റവും ചുമത്തി എഫ്ഐആർ ഇട്ടതായി പൊലീസ് അറിയിച്ചു. ആവശ്യപ്പെട്ട രേഖകളെല്ലാം സമർപ്പിച്ചിട്ടും 25 ലക്ഷം രൂപ കൈക്കൂലി നൽകണമെന്നായിരുന്നു കനകലക്ഷ്മിയുടെ ആവശ്യമെന്നും സംഗീത പരാതിയിൽ പറയുന്നു. അതേസമയം, കനകലക്ഷ്മി സംഭവത്തോടു പ്രതികരിച്ചിട്ടില്ല. കുറ്റങ്ങൾ അന്വേഷിക്കുന്നതായി മേലുദ്യോഗസ്ഥൻ അറിയിച്ചു.
നിയമബിരുദധാരിയായ ജീവയെ വെള്ളിയാഴ്ചയാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 11 പേജുള്ള ആത്മഹത്യാക്കുറിപ്പിൽ പൊലീസ് സ്റ്റേഷനിൽ നേരിട്ട അപമാനത്തെക്കുറിച്ച് വിശദമായി പറഞ്ഞിരുന്നു. ഇതുവച്ചാണ് സംഗീത പരാതി നൽകിയിരിക്കുന്നത്. കർണാടക ഭോവി ഡവലപ്മെന്റ് കോർപറേഷന് തടി നൽകുന്നത് ജീവയുടെ കമ്പനിയായിരുന്നു. 97 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നിട്ടുണ്ടെന്നാണ് ആരോപണം.
English Summary:
Businesswoman Suicide – Family of S. Jeeva, a businesswoman who died by suicide, alleges she was harassed and humiliated by CID officer Kanakalaksmi during an investigation into the Karnataka Bhovi Development Corporation scam.
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-health-suicide mo-news-world-countries-india-indianews 5bg77i98ov6gksfnsbdqnbcqgi mo-news-national-states-karnataka
Source link