തിരുവനന്തപുരം: പാലക്കാട്ടെ തോൽവിയെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്ന് വ്യക്തമാക്കി മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. തനിക്ക് മഹാരാഷ്ട്രയുടെ ചുമതലയാണ് നൽകിരുന്നതെന്നും അവിടത്തെക്കുറിച്ചുപറയാമെന്നും മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
‘ഈ തിരഞ്ഞെടുപ്പിൽ പാർട്ടി എന്നെ ഏൽപ്പിച്ചത് മഹാരാഷ്ട്രയുടെ ചുമതലയാണ്. ഓഗസ്റ്റ് മാസം പകുതിതൊട്ട് ഈ മാസം ഇരുപതാം തീയതിവരെ മുംബയ് കേന്ദ്രമാക്കി മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പാണ് ഞാൻ ശ്രദ്ധിച്ചത്. പ്രധാനപ്പെട്ട നേതാവായതുകൊണ്ടാണല്ലോ പാർട്ടി എനിക്ക് മഹാരാഷ്ട്രയുടെ ചുമതല തന്നത്. അതുകൊണ്ട് മഹാരാഷ്ട്രയെക്കുറിച്ച് നിങ്ങൾക്ക് അറിയാൻ താൽപ്പര്യമുണ്ടെങ്കിൽ ഞാൻ പറഞ്ഞുതരാം. ഇവിടെ എന്തൊക്കെയാണ് പ്ലാൻചെയ്തത്, എന്തൊക്കെ നടപ്പിലായി, എന്തൊക്കെ നടപ്പിലായില്ല അതൊക്കെ പാർട്ടി വിലയിരുത്തും. ഇനി ഈ ഘട്ടത്തിൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് പ്രസിഡന്റ് പറയും. വേറെന്തുപറയാനാ’- മുരളീധരൻ പറഞ്ഞു.
അതേസമയം, പാലക്കാട്ടെ ദയനീയ തോൽവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന ബിജെപി പൊട്ടിത്തെറിയുടെ വക്കിലാണ്. ഇതുവ്യക്തമാക്കി നേതൃസ്ഥാനത്തിനെതിരെ പരസ്യപ്രതികരണവുമായി മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ പക്ഷങ്ങൾ കെ സുരേന്ദ്രനെ മാറ്റുന്നതിനുള്ള കരുനീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. സംസ്ഥാന അദ്ധ്യക്ഷൻ പാലക്കാട്ട് തമ്പടിച്ചതുകൊണ്ടുമാത്രം വിജയിക്കാവാനില്ലെന്ന് ബിജെപി ജില്ലാകമ്മിറ്റി അംഗം സുരേന്ദ്രൻ തരൂർ ഒരു സ്വകാര്യ ചാനലിൽ പരസ്യ പ്രതികരണം നടത്തുകയും ചെയ്തു. സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനോടുള്ള എതിർപ്പ് ഉയർന്നപ്പോൾ തന്നെ നേതൃത്വം ഇത് പരിഗണിച്ച് മറ്റൊരാളെ സ്ഥാനാർത്ഥിയാക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സംഘടനാ സംവിധാനത്തിൽ പാളിച്ചകളുണ്ടായെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണൻ നേരത്തേ പറഞ്ഞിരുന്നു. പാർട്ടിയുടെ മേൽക്കൂര ശക്തിപ്പെടുത്തണമെന്നാണ് മുതിർന്ന നേതാവ് എൻ ശിവരാജൻ പറഞ്ഞത്.
കെ സുരേന്ദ്രന്റെ നോമിനിയായാണ് കൃഷ്ണകുമാർ സ്ഥാനാർത്ഥിയായത്. പ്രചാരണമടക്കമുള്ള കാര്യങ്ങൾ എല്ലാം നിയന്ത്രിച്ചത് കെ സുരേന്ദ്രൻ നേരിട്ടായിരുന്നു. പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിച്ച അദ്ദേഹം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു മണ്ഡലമായ ചേലക്കരയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് പോയത്. അവിടെ പാർട്ടിക്ക് വോട്ടുവിഹിതം കാര്യമായി ഉയർന്നപ്പോൾ പാലക്കാട്ട് പാർട്ടി കേന്ദ്രങ്ങളിൽപ്പോലും ബിജെപിക്ക് വോട്ടുകുറയുകയായിരുന്നു.
പാലക്കാട്ട് ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം ശക്തമായിരുന്നുവെങ്കിലും അത് നേതൃത്വം കാര്യമാക്കിയില്ല. ജനസ്വാധീനമുളള മുതിർന്ന നേതാവ് സന്ദീപ് വാര്യർ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയപ്പോഴും അതിനെ നിസാരമായി കണ്ട നേതൃത്വം അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാനുളള നടപടി സ്വീകരിച്ചതുമില്ല. ഇതെല്ലാം പാർട്ടി വോട്ടുകൾ കുറച്ചുവെന്നാണ് പ്രവർത്തകരുടെയും നേതാക്കളുടെയും വിലയിരുത്തൽ.
Source link