മഹാരാഷ്‌ട്ര: മുഖ്യമന്ത്രി പദത്തിനായി ബി.ജെ.പി, കസേരയുറപ്പിക്കാൻ ഷിൻഡെ

ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ മഹാകുതിപ്പ് നടത്തുകയും ബി.ജെ.പി ഒറ്റയ്‌ക്ക് ഏറ്റവും കൂടുതൽ സീറ്റുകൾ നേടുകയും ചെയ്‌തതിനാൽ മുഖ്യമന്ത്രി പദം സംബന്ധിച്ച് ആശയക്കുഴപ്പം. ഉദ്ധവ് താക്കറെ സർക്കാരിനെ താഴെയിറക്കുകയും ശിവസേനയെ പിളർത്തുകയും ചെയ്‌തതിന് പ്രതിഫലമായി ഏക്‌നാഥ് ഷിൻഡെയ്‌ക്ക് നൽകിയ മുഖ്യമന്ത്രി സ്ഥാനം പുതിയ സാഹചര്യത്തിൽ ബി.ജെ.പി തിരിച്ചെടുക്കുമെന്ന സൂചനകൾ ശക്തം.അങ്ങനെയാണെങ്കിൽ ഫഡ്നാവിസ് മുഖ്യമന്ത്രിയും ഷിൻഡേയും അജിത് പവാറും ഉപ മുഖ്യമന്ത്രിമാരുമാകും.
ലഡ്‌കി ബെഹൻ പദ്ധതി അടക്കം സംസ്ഥാന സർക്കാരിന്റെ നയങ്ങളും വാഗ്ദാനങ്ങളുമാണ് ജനവിധിയെ സ്വാധീനിച്ചതെന്ന കണക്കുകൂട്ടലിൽ മുഖ്യമന്ത്രിയായി തുടർച്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഏകനാഥ് ഷിൻഡെ. മുഖ്യമന്ത്രി സ്ഥാനത്തിന് അദ്ദേഹം അവകാശവാദമുന്നയിച്ചതായി സൂചനയുണ്ട്. തിരഞ്ഞെടുപ്പിൽ ഷിൻഡെയെ നേതാവാക്കിയാണ് മഹായുതി മത്സരിച്ചതും.
മത്സരിച്ച 149 സീറ്റുകളിൽ 130ലധികം സീറ്റുകൾ, അതും മഹാ വികാസ് അഘാഡിയുടെ ഇരട്ടിയിലേറെ നേടിയതിനാൽ തങ്ങൾക്ക് മുഖ്യമന്ത്രി പദം ലഭിക്കണമെന്ന നിലപാടിലാണ് ബി.ജെ.പി. ഏക്‌നാഥ് ഷിൻഡെയ്‌ക്കായി ഉപമുഖ്യമന്ത്രി പദത്തിലേക്ക് മാറിയ ദേവേന്ദ്ര ഫഡ്‌നാവിസിന് അവസരം നൽകണമെന്നും ബി.ജെ.പിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി പദം തുടർച്ചയായിരിക്കില്ലെന്ന സൂചനയാണ് ഫഡ്‌നാവിസ് ഇന്നലെ നൽകിയത്. മുഖ്യമന്ത്രി പദത്തിൽ തർക്കമില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം മൂന്ന് സഖ്യകക്ഷികളുടെ നേതാക്കളും ഒരുമിച്ചിരുന്ന് തീരുമാനിക്കുമെന്നും അക്കാര്യം നേരത്തെ ധാരണയായതണെന്നും ഫഡ്‌നാവിസ് പത്രസമ്മേളനത്തിൽ പറഞ്ഞു. വിജയം ഉറപ്പായ ശേഷം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവർ സംയുക്തമായാണ് പത്രസമ്മേളനം നടത്തിയത്.
മുഖ്യമന്ത്രി സ്ഥാനത്തിനായി ഒരു ഫോർമുലയും ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഫഡ്‌നാവിസ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഷിൻഡെയുമായും അജിത് പവാറുമായും ചർച്ച ചെയ്യും. അതിൽ ആശയക്കുഴപ്പമോ തർക്കമോ ഇല്ല. വളരെ നേരത്തെ തീരുമാനിച്ചതാണ്. തീരുമാനങ്ങൾ നേതാക്കൾ അംഗീകരിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.
മുഖ്യമന്ത്രി പദം: 2019ലും തർക്കം
2019ൽ അവിഭക്ത ശിവസേനയെ എൻ.ഡി.എ വിടുന്നതിലേക്ക് നയിച്ചത് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമായിരുന്നു. അന്ന് 56 സീറ്റു നേടിയതിനാൽ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം ആവശ്യപ്പെട്ടു. ബി.ജെ.പി അത് നിരാകരിച്ചതോടെയാണ് മുന്നണി വിട്ടത്. ഉദ്ധവ് കോൺഗ്രസിനും എൻ.സി.പിക്കുമൊപ്പം മഹാവികാസ് അഘാഡി രൂപീകരിച്ച് സർക്കാരുണ്ടാക്കി. ഏക്‌നാഥ് ഷിൻഡെ വഴി ശിവസേനയെ പിളർത്തി ബി.ജെ.പി ഭരണം തിരിച്ചു പിടിച്ചതും ചരിത്രം.
Source link