KERALAMLATEST NEWS

അസംബ്ളി സീറ്റുകളിലും എൻ.ഡി.എ മുന്നേറ്റം

ന്യൂഡൽഹി: കേരളത്തിന് പുറത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ എൻ.ഡി.എ നേട്ടമുണ്ടാക്കി. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലെ നാല് സീറ്റടക്കമാണിത്.

ആസാമിൽ അഞ്ചു സീറ്റും സഖ്യം നേടി. ഉത്തർപ്രദേശിൽ 9 സീറ്റിൽ ആറിലും ബി.ജെ.പി ജയിച്ചു. പശ്‌ചിമ ബംഗാളിൽ ആറു സീറ്റും തൃണമൂൽ കോൺഗ്രസിനും കർണാടകയിൽ മൂന്നു സീറ്റ് കോൺഗ്രസിനും ലഭിച്ചു. കേരളം അടക്കം 14 സംസ്ഥാനങ്ങളിലെ 46 അസംബ്ലി സീറ്റിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 30 സീറ്റും എൻ.ഡി. എ നേടി.

ബിഹാറിൽ ഇമാംഗഞ്ച് നിലനിറുത്തിയ എൻ.ഡി.എ രാഷ്ട്രീയ ജനതാദളിന്റെ കുത്തകയായിരുന്ന ബെലഗഞ്ചും രാംനഗറും സി.പി.എം എല്ലിൽ നിന്ന് തരാരിയും പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് വിദഗ്‌ദ്ധൻ പ്രശാന്ത് കിഷോറിന്റെ പാർട്ടി ജൻ സൂരജ് ക്ളച്ച്‌പിടിച്ചില്ല. ഉത്തർപ്രദേശിൽ ആറ് സീറ്റ് ജയിച്ച് ബി.ജെ. പി ആധിപത്യം നിലനിർത്തി. ഒരിടത്ത് സഖ്യകകക്ഷിയായ ആർ.എൽ.ഡി ജയിച്ചു. സമാജ്‌വാദിക്ക് രണ്ട് സീറ്റ് ലഭിച്ചു. രാജസ്ഥാനിൽ ഏഴിൽ അഞ്ചിലും ബി.ജെ.പി നേടി. ഭാരതീയ ആദിവാസി പാർട്ടിയും കോൺഗ്രസും ഒാരോന്നിൽ ജയിച്ചു.

കർണാടകയിൽ സന്ദൂർ, ഷിഗാവ്, ചന്നപട്ടണ സീറ്റുകളാണ് കോൺഗ്രസ് ജയിച്ചത്. ജെ.ഡി (എസ്) നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെ മുൻ മണ്ഡലമായ ചന്നപട്ടണയിൽ മകൻ നിഖിൽ കുമാരസ്വാമിയും ബി.ജെ.പിയുടെ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ മണ്ഡലമായ ഷിഗ്ഗോണിൽ മകൻ ഭരത് ബൊമ്മെയും തോറ്റു.

അസാമിൽ മൂന്നു സീറ്റിൽ ബി.ജെ.പിയും ഒന്നു വീതം സഖ്യകക്ഷികളായ അസാം ഗണ പരിഷത്തും യു.പി.പി ലിബറലും ജയിച്ചു. മധ്യപ്രദേശിൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന് മന്ത്രിയായ രാംനിവാസ് റാവത്തിന് തിരിച്ചടി. മുൻ സിറ്റിംഗ് സീറ്റായ വിജയ് പൂരിൽ കോൺഗ്രസ് ജയിച്ചു. മുൻമുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ എംപിയായ ഒഴിവിൽ മത്സരം നടന്ന ബുധ്‌നി സീറ്റ് ബി.ജെ.പി നിലനിർത്തി.

പഞ്ചാബിൽ മൂന്ന് സീറ്റിൽ ആംആദ്‌മി പാർട്ടിയും ഒാരോന്ന് കോൺഗ്രസും ബി.ജെ.പിയും ജയിച്ചു.ഗുജറാത്തിൽ കോൺഗസിന്റെ വാവ് മണ്ഡലം ബി.ജെ.പി പിടിച്ചെടുത്തു. ഛത്തീസ്ഗഡിൽ റായ്‌പൂർ സിറ്റി സൗത്ത് ബി.ജെ.പി നിലനിർത്തി. ഉത്തരാഖണ്ഡിൽ കേദാർനാഥും ബി.ജെ.പി നിലനിർത്തി. ഇവിടെ കോൺഗ്രസ് മൂന്നാമതായി. സിക്കിമിലെ രണ്ടു സീറ്റിൽ എസ്.കെ.എം സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കോൺഗ്രസിന് ഒരു ലോക്‌സഭാ സീറ്റ് നഷ്‌ടം

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയിലൂടെ ഉജ്ജ്വല വിജയം നേടിയ കോൺഗ്രസിന് മഹാരാഷ്‌ട്രയിലെ നാന്ദെഡ് ലോക്‌സഭാ മണ്ഡലം നഷ്‌ടമായി. പാർട്ടി എംപിയായിരുന്ന വസന്ത് ചവാന്റെ നിര്യാണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലത്തിൽ ബി.ജെ.പിയുടെ ഡോ. സന്തുക് റാവു മരോത്റാവു ഹംബാർഡെ 30,000ലേറെ വോട്ടിന് ജയിച്ചു. സഹതാപ തരംഗം പ്രതീക്ഷിച്ച് വസന്ത് ചവാന്റെ മകൻ രവീന്ദ്ര ചവാനെയാണ് കോൺഗ്രസ് നിർത്തിയത്.


Source link

Related Articles

Back to top button