വിശ്വാസം അതല്ലേ എല്ലാം.. ട്വിസ്റ്രിൽ ജയിച്ചുകയറി കൽപന
റാഞ്ചി: ആദ്യ മണിക്കൂറുകളിൽ ഏറെ പിന്നിൽ.. ‘വോട്ടെണ്ണൽ പുരോഗമിക്കുകയാണ് കുറച്ചു മണിക്കൂറുകൾ കൂടി കാത്തിരിക്കാം’ -ഏഴു റൗണ്ട് വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ 3000 ത്തിൽപ്പരം വോട്ടുകൾക്ക് പിന്നിലായപ്പോഴും ജെ.എം.എം നേതാവും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യയുമായ കൽപന സോറൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പിന്നെയുണ്ടായത് ട്വിസ്റ്ര്.. അവസാന റൗണ്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ലീഡ് നില മാറിമറിഞ്ഞു. ഗന്ധേയ് മണ്ഡലത്തിൽ ബി.ജെ.പിയുടെ മുനിയ ദേവിയെ പിന്തള്ളി കൽപന വോട്ടുനില ഉയർത്തി. മിന്നും വിജയം. ‘ഇത് സത്യത്തിന്റെ വിജയം, സാഹോദര്യത്തിന്റെ വിജയം” – അവർ എക്സിൽ കുറിച്ചു.
അഴിമതി കേസിൽ ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തതോടെയാണ് രാഷ്ട്രീയത്തിൽ കൽപന ശ്രദ്ധേയയാകുന്നത്. ഹേമന്തിന്റെ അഭാവം തോന്നാത്ത വിധം അക്കാലയളവിൽ പാർട്ടിയെ നയിച്ചു. ചെറിയ കാലയളവിനുള്ളിൽ തീപ്പൊരി പ്രസംഗങ്ങളിലൂടെ രാജ്യമൊട്ടാകെ അറിയപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ കല്പനയുടെ പ്രസംഗശൈലിയും ഇടപെടലും ജനങ്ങൾക്കിടയിൽ അവരെ പ്രിയങ്കരിയാക്കി. 200ഓളം തിരഞ്ഞെടുപ്പ് റാലികളാണ് അവർ നടത്തിയത്. പ്രതിപക്ഷം ഹെലികോപ്ടർ മാഡം എന്ന് പരിഹസിച്ചപ്പോഴും അവർ ശക്തമായി മുന്നോട്ട് പോയി.
അത് ഗുണമാകുമെന്നും തിരഞ്ഞെടുപ്പിൽ അനായാസം വിജയിക്കാമെന്നുമുള്ള ജെ.എം.എമ്മിന്റെ കണക്കുകൂട്ടൽ വിജയിച്ചു. ഹേമന്ത് സർക്കാരിന്റെ ജനപ്രിയത ഉയർത്തിയതിൽ പ്രധാന ഘടകം കൽപനയായിരുന്നു. ജെ.എം.എം എം.എൽ.എ സർഫറാസ് അഹമ്മദ് രാജിവച്ചതിനെ തുടർന്ന് ഒഴിവുവന്ന ഗന്ധേയിൽ കഴിഞ്ഞ ജൂൺ നാലിന് നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് ഭരണതലത്തിലേക്ക്.
1976 ഒഡീഷയിലെ മയൂർഭഞ്ജിൽ ജനനം
എൻജിനിയറിംഗ്, എം.ബി.എ പഠനം
2006ൽ ഹേമന്ത് സോറനുമായി വിവാഹം
രണ്ട് ആൺകുട്ടികൾ
2019ൽ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ കണക്ക് പ്രകാരം അഞ്ച് കോടിയുടെ സ്വത്ത്
Source link