മുനമ്പത്തിനൊരു മുഖവുര
അളവില്ലാത്ത സമ്പത്തിന്റെയും അവിശ്വസനീയ പ്രതാപത്തിന്റെയും ഭൂതകാലം പറയാനുണ്ടായിരുന്ന ഒരു കുടുംബത്തിന്റെ അതിലും അവിശ്വസനീയമായ ദുർബല ശേഷിപ്പാണ് എറണാകുളം നഗരമദ്ധ്യത്തിൽ, ചിറ്റൂർ റോഡരികിലെ ഒരേക്കർ ഭൂമിയിലെ ഈ ഇരുനില മാളിക. ചുവരുകളിൽ ചായം പുരണ്ടിട്ട് പതിറ്റാണ്ടുകളായി. അവിടവിടെ കുമ്മായം പൊളിഞ്ഞിളകിയ ഇടങ്ങളിൽ അടുത്തിടെ സിമെന്റ് തേച്ചിട്ടുണ്ടെങ്കിലും അതിലും വെള്ളപൂശിയിട്ടില്ല. ബെൻസും ഷെവർലേയും ഡോഡ്ജും അടക്കം ആഡംബര കാറുകൾ കയറിയിറങ്ങിയിരുന്ന മുറ്റത്ത് കുറ്റിച്ചെടികളുടെ പടർപ്പ്.
പൊയ്‌പ്പോയ പ്രൗഢിയുടെ ലക്ഷണങ്ങളൊന്നുമില്ലാത്ത ചുവരിലെ പഴയ ഫോട്ടോകളിൽ ആ വീടിന്റെ ജന്മരഹസ്യമുണ്ട്. മട്ടാഞ്ചേരിയിലെ ഒന്നാം നമ്പർ പ്രമാണിയായിരുന്ന അബ്ദുൾ സത്താർ ഹാജി മൂസാ സേട്ടിന്റെ ഗാംഭീര്യം തുളുമ്പുന്ന ചിത്രത്തിൽ നിന്നു തുടങ്ങുന്നു, ആ കഥ. കൊച്ചിയിലും തൃശൂരും ആയിരക്കണക്കിന് ഏക്കർ ഭൂമിയുണ്ടായിരുന്ന സേട്ടിന്റെ കൊച്ചുമക്കളാണ് ‘കോവിലത്ത് നയമത്ത് ഹൗസ്” എന്ന ഈ വീട്ടിലെ താമസക്കാരെന്ന് അവരുടെ പഴയ കഥകളറിയാവുന്നവർ പോലും വിശ്വസിക്കില്ല.
നാട്ടിലെ പുതിയ ചർച്ചാവിഷയമായ മുനമ്പം വഖഫ് ഭൂമിയുടെയും വഖഫ് ബോർഡിന്റെയും വിവാദങ്ങളുമായി ഹാജി അബ്ദുൾ സത്താർ ഹാജി മൂസാ സേട്ടിന്റെ സ്വത്തുക്കളും പിൻഗാമികളുടെ ജീവിതവും കെട്ടുപിണഞ്ഞു കിടക്കുന്നു. മട്ടാഞ്ചേരിയിലും എറണാകുളം നഗരത്തിലും ആലുവയിലും വൈപ്പിനിലും കൊടുങ്ങല്ലൂരിലും മറ്റും തെങ്ങിൻതോപ്പുകളും പുരയിടങ്ങളും വമ്പൻ ബംഗ്ളാവുകളുമൊക്കെയായി വലിയ ഭൂസ്വത്തിന്റെ ഉടമകളായിരുന്നു, അബ്ദുൾ സത്താർ ഹാജി മൂസാ സേട്ടും കുടുംബാംഗങ്ങളും. ആർഭാടത്തിന്റെയും പ്രൗഢിയുടെയും അവസാന വാക്കായിരുന്നു അക്കാലത്ത് സേട്ടുമാരുടെ ജീവിതം. തലമുറകൾ പിന്നിട്ടതോടെ സ്വത്തുക്കൾ ശോഷിച്ചു. നല്ലൊരു ഭാഗം ഭൂസ്വത്തും വഖഫും ദാനവും മറ്റുമായി മതകാര്യങ്ങൾക്ക് സമർപ്പിച്ചു. പിൻഗാമികൾക്കായി ട്രസ്റ്റ് രൂപീകരിച്ച് മാറ്റിവച്ച സ്വത്തുക്കളും ഇപ്പോൾ കേസുകളിലും വഖഫ് സങ്കീർണതകളിലും കുടുങ്ങിക്കിടക്കുന്നു.
സമ്പന്നതയുടെ
കഥ മാറുന്നു
അബ്ദുൾ സത്താർ ഹാജി മൂസാ സേട്ടിന് രുക്കുബായ് എന്ന ഏകമകൾ. ഇവരുടെ രണ്ടു മക്കളിൽ മൂത്തയാളായ മുഹമ്മദ് ഹുസൈൻ സേട്ടിന് മക്കൾ നാല്. ഇവരിൽ അവിവാഹിതരായ അബ്ദുൾ സത്താർ മുഹമ്മദ് ഹുസൈൻ സേട്ടും സഹോദരി ഷംഷാദുമാണ് എറണാകുളത്തെ വീട്ടിൽ താമസം. സമ്പന്നതയുടെ മടിത്തട്ടിൽ നിന്ന് സാമ്പത്തിക പ്രതിസന്ധിയുടെയും നിസഹായതയുടെയും വിഹ്വലതകളിലേക്ക് പറിച്ചെറിയപ്പെട്ട കുടുംബം പിടിച്ചു നിൽക്കാൻ നടത്തുന്ന നിയമപോരാട്ടങ്ങൾ ആരുടെയും മനസ്സുലയ്ക്കും.
അറുപത്തിയെട്ടുകാരിയായ ഷംഷാദാണ്, തങ്ങൾക്ക് അവകാശപ്പെട്ട സ്വത്തുക്കൾക്കായി ഇപ്പോൾ കേരള വഖഫ് ബോർഡുമായി നിരന്തര പോരാട്ടം നടത്തുന്നത്. അവസാന ആശ്രയമായ പൂർവികരുടെ മണ്ണിൽ നിന്ന് പെരുവഴിയിലേക്ക് ഇറക്കിവിടുമെന്ന വാശിയിലാണ് വഖഫ് ബോർഡും ചില സമുദായ പ്രമാണിമാരുമെന്ന് കണ്ണീരോടെ ഷംഷാദ് പറയുന്നു. മൂന്നാമത്തെ സഹോദരി മൈമുന മരണമടഞ്ഞു. സഹോദരി മുംതാസും ഇടയ്ക്ക് ഇവർക്കൊപ്പം താമസിക്കാനെത്തും. മുംതാസിന്റെ മക്കളുടെ സാമ്പത്തിക സഹായംകൊണ്ടു മാത്രമാണ് ജീവിതം മുന്നോട്ടു പോകുന്നത്. കേസുകൾ നടത്താൻ പോയിട്ട്, നിത്യവൃത്തിക്കു പോലും വക കണ്ടെത്താനാവുന്നില്ല!
2000 കോടിയുടെ
സ്വത്ത്; പക്ഷേ…
പിൻഗാമികളുടെ സ്വസ്ഥ ജീവിതത്തിനായി സമ്പത്തു നീക്കിവച്ച്, ‘ധർമ്മസ്ഥാപനം” എന്ന ട്രസ്റ്റ് രൂപീകരിച്ച ശേഷമാണ് അബ്ദുൾ സത്താർ ഹാജി മൂസാ സേട്ട് മരിച്ചത്. 1923-ൽ തയ്യാറാക്കിയ ഇദ്ദേഹത്തിന്റെ ഒസ്യത്തിന് രണ്ടു ഭാഗങ്ങളുണ്ട്. ഒന്നാം പട്ടികയിൽ വഖഫ് ചെയ്തവ. രണ്ടാമത്തേതിലുള്ള എട്ടു വസ്തുക്കളിലായി 169 ഏക്കർ ഭൂമിയും കെട്ടിടങ്ങളുമാണ് ട്രസ്റ്റിനു കീഴിൽ. ഇതിൽപ്പെട്ടതാണ് ഇപ്പോൾ ഷംഷാദ് താമസിക്കുന്ന 1.16 ഏക്കർ വീടും പറമ്പും. ട്രസ്റ്റിനു കീഴിലെ സ്വത്തുക്കളുടെ മൂല്യം മാത്രം രണ്ടായിരം കോടി രൂപയോളം വരും. പൗരാണികമായ കെട്ടിടങ്ങളുടെ വാടക പുറമേ.
അബ്ദുൾ സത്താർ സേട്ടിന്റെ പേരിൽ അറിയപ്പെടുന്ന മൂത്തകുന്നത്തെ ‘സത്താർ ഐലന്റ്” 154 ഏക്കറുണ്ട്. ഇതിൽ കുറെയേറെ കയ്യേറിപ്പോയി. സത്താർ ഐലന്റും ഷംഷാദ് താമസിക്കുന്ന മാളികയുടെ പിന്നിലുണ്ടായിരുന്ന അര ഏക്കറോളം ഭൂമിയും വഖഫ് ബോർഡ് ഏറ്റെടുത്തു. കെട്ടിടങ്ങളുടെ വാടകയും ബോർഡ് തന്നെ പിരിക്കുന്നു. തന്റെ പിൻഗാമികളുടെ നന്മയ്ക്കെന്നു പറഞ്ഞ് അബ്ദുൾ സത്താർ ഹാജി മൂസാ സേട്ട് സ്ഥാപിച്ച ട്രസ്റ്റിൽ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ലെന്ന് ഷംഷാദ് വേദനയോടെ വെളിപ്പെടുത്തുന്നു. ആറ് അംഗങ്ങളുള്ള ട്രസ്റ്റിൽ ഷംഷാദോ സഹോദരനോ ഇല്ല! സ്ത്രീ ആയതുകൊണ്ട് അംഗത്വം നൽകുന്നില്ലെന്നായിരുന്നു ബോർഡിന്റെ വാദം. ഹൈക്കോടതിയെ സമീപിച്ചപ്പോൾ സ്ത്രീകളെ വിലക്കരുതെന്ന് വിധിയുണ്ടായി. എന്നിട്ടും അംഗത്വം നല്കാൻ ട്രസ്റ്റ് തയ്യാറായില്ല. ട്രസ്റ്റിന്റെ കണക്കുകൾ ഓഡിറ്റ് ചെയ്യാനുള്ള നിയമയുദ്ധവും തുടരുന്നു.
ട്രസ്റ്റിന്റെ സ്വത്തുക്കൾ വഖഫ് അല്ലെന്നും, ഒരാളുടെ മൂന്നിലൊന്നു സ്വത്തുക്കൾ മാത്രമേ വഖഫ് ചെയ്യാൻ സാധിക്കൂവെന്നും ഷംഷാദ് ഹുസൈൻ സേട്ട് സാക്ഷ്യപ്പെടുത്തുന്നു: ”ശത്രുതയോടെയാണ് എന്നെ വഖഫ് ബോർഡ് കാണുന്നത്. ഒരു സ്ത്രീ ചോദ്യങ്ങൾ ചോദിക്കുന്നതും അവകാശങ്ങൾ ചോദിച്ചു ചെല്ലുന്നതും അവർക്ക് ഇഷ്ടപ്പെടുന്നില്ല. നിയമത്തിനും മീതെ, സർവാധികാരികളെപ്പോലെയാണ് പെരുമാറ്റം. വഖഫ് നിയമത്തിന്റെ കാർക്കശ്യംകൊണ്ട് ആരെയും ഇല്ലാതാക്കാമെന്ന നിലപാട് ശരിയല്ല. വീട്ടിൽ നിന്ന് ഒഴിയാൻ ആവശ്യപ്പെട്ട് ഞങ്ങൾക്ക് നോട്ടീസ് തന്നിട്ടുണ്ട്. ഇനി വീട് കയ്യേറിയതിന് പ്രോസിക്യൂഷൻ നടപടികളും പ്രതീക്ഷിക്കാം. എന്റെ പൂർവികരുടെ ഓർമ്മകൾ ഉറങ്ങുന്ന മണ്ണാണിത്.””
അബ്ദുൾ സത്താർ സേട്ട് വാർദ്ധക്യകാലത്ത് ഇവിടെ താമസിച്ചിട്ടുണ്ട്. ഈ മണ്ണിൽ മരിക്കണമെന്നു തന്നെ ഷംഷാദിന്റെയും സഹോദരൻ അബ്ദുൾ സത്താർ മുഹമ്മദ് ഹുസൈൻ സേട്ടിന്റെയും ആഗ്രഹം. പക്ഷേ, അതിനു സമ്മതിക്കില്ലെന്നാണ് വഖഫ് ബോർഡിന്റെ ക്രൂരമായ വാശിയെന്നും, കോടതിയിലും ജയിലിലും കയറ്റി തന്നെ അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഷംഷാദ് പറയുന്നു. കുറച്ചു വർഷം മുമ്പ് മാളികയ്ക്കു പിന്നിലെ കിണറും മതിലും പൊളിച്ചുകളഞ്ഞാണ് ആ സ്ഥലം വഖഫ് ബോർഡ് കയ്യേറി കൈവശമാക്കിയത്.
അന്ന് വീടിനു മുന്നിലും വഖഫ് ബോർഡിന്റെ കൊച്ചിയിലെ ആസ്ഥാനത്തും സത്യഗ്രഹം നടത്തി. ആ പോരാട്ടത്തിന്റെ ഫലമായാണ് ഇവർക്ക് ഇന്ന് ഈ വീട്ടിൽ താമസിക്കാൻ കഴിയുന്നതു പോലും! മതിലും കിണറും വീണ്ടും കെട്ടി. ആ കാലഘട്ടത്തിൽ വഖഫ് ബോർഡ് ചെയർമാനായിരുന്ന ടി.കെ. ഹംസ മാത്രമാണ് തന്നോട് മാന്യമായി പെരുമാറിയതെന്ന് ഷംഷാദ് ഓർക്കുന്നു. ‘നീ ധൈര്യമുള്ളവാണ്; ആരും നിന്നെ ഈ വീട്ടിൽ നിന്ന് ഇറക്കില്ലെ”ന്നാണ് ടി.കെ. ഹംസ അന്നു പറഞ്ഞത്. ഇപ്പോൾ 24 സെന്റ് ഭൂമിയും പഴയ മാളികയും മാത്രമുണ്ട്, ഷംഷാദിന്റെയും സഹോദരന്റെയും പേരിൽ.
സേട്ടുമാർ ആയത്
കച്ചിലെ മേമന്മാർ
ഗുജറാത്തിലെ കച്ചിലുള്ള സമ്പന്ന മുസ്ളിം വ്യാപാരി സമൂഹമാണ് കച്ചി മേമന്മാർ. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇവർ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലേക്ക് കുടിയേറാൻ തുടങ്ങി. സത്യസന്ധരും വിശ്വസ്തരും കഠിനാദ്ധ്വാനികളുമായ മേമന്മാരെ തിരുവിതാംകൂർ രാജാവാണ് കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നത്. കയറ്റുമതി, വാണിജ്യ രംഗത്ത് ഇവരിലൂടെ രാജ്യ പുരോഗതിയായിരുന്നു രാജാവിന്റെ ലക്ഷ്യം. തുറമുഖങ്ങളുണ്ടായിരുന്ന ആലപ്പുഴയിലും കൊച്ചിയിലും ഇവർ താമസമാക്കി. കുറഞ്ഞ നാൾകൊണ്ട് വലിയ സമ്പത്തിന് ഉടമകളായി. കൊച്ചിയിൽ മുനമ്പത്ത് ഉൾപ്പെടെ ആയിരക്കണക്കിന് ഏക്കർ ഭൂമി രാജാവ് ഇവർക്ക് പാട്ടത്തിനു നൽകി.
അന്തസും ആഭിജാത്യവും നിശ്ചയദാർഢ്യവും സാഹസികതയും മാത്രമല്ല, മറ്റുള്ളവരോട് സഹാനുഭൂതിയോടെ ഇടപെടുന്നതും സേട്ടുമാർ എന്ന് അറിയപ്പെട്ട കച്ചി മേമന്മാരുടെ പ്രത്യേകതകളായിരുന്നു. ഇസ്ളാമിക വിശ്വാസത്തിൽ അടിയുറച്ചു നിന്നപ്പോഴും മറ്റു മതങ്ങളെയും വിശ്വാസങ്ങളെയും അവർ ആദരിച്ചു. സ്വന്തം സമുദായത്തിലെ സ്ത്രീകൾക്ക് വിദ്യാഭ്യാസവും സ്വാതന്ത്ര്യവും നൽകി.
കൊച്ചിയുടെ സാമ്പത്തിക, സാംസ്കാരിക, വാണിജ്യ രംഗങ്ങളിൽ ഒരു കാലത്ത് സേട്ടുമാരുടെ സ്വാധീനം വലുതായിരുന്നു. അക്കാലത്ത് മട്ടാഞ്ചേരി ആയിരുന്നു കൊച്ചിയുടെ വാണിജ്യ കേന്ദ്രം. കാറുകളും ബോട്ടുകളും അനുചരന്മാരും സമ്പത്തുംകൊണ്ട് സേട്ടുമാർ മട്ടാഞ്ചേരിയിൽ നിറഞ്ഞുനിന്നു. ആഡംബര ജീവിതം എന്തെന്ന് ഒരുകാലത്ത് കൊച്ചിക്കാർ കണ്ടറിഞ്ഞത് ഇവരിലൂടെയായിരുന്നു. കൊച്ചിയുടെ നിരത്തുകൾ ആദ്യമായി കാർ കണ്ടത് സേട്ടുമാരിലൂടെയായിരുന്നത്രെ! സേട്ടുമാരുടെ ആറാമത്തെയും ഏഴാമത്തെയും തലമുറകളാണ് ഇന്ന് കൊച്ചിയിലുള്ളത്. തലമുറകളുടെ മാറ്റത്തോടെ സേട്ടുമാരുടെ സാമ്പത്തിക നില ക്ഷയിച്ചു. അപൂർവം കുടുംബങ്ങൾക്കു മാത്രമാണ് പഴയ പ്രതാപത്തിന്റെ കുറച്ചെങ്കിലും ശേഷിപ്പുള്ളത്.
‘ചെമ്മീൻ” നിർമ്മിച്ച
ബാബു സേട്ട്
മലയാളം ഒരിക്കലും മറക്കാത്ത പേരുകളിലൊന്നാണ് കൊച്ചിയിലെ കച്ചി മേമൻ വംശ പരമ്പരയിലെ ഹാജി ഈസാ ഇസ്മയിൽ സേട്ട് എന്ന ബാബു സേട്ടിന്റേത്. മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ക്ളാസിക് സിനിമയായ
‘ചെമ്മീൻ” നിർമ്മിച്ച കൺമണി ഫിലിംസിന്റെ ഉടമ! ‘ചെമ്മീൻ” സിനിമയോടെ ബാബു സേട്ട് ‘ചെമ്മീൻ ബാബു” എന്ന പേരിന് ഉടമയായി. പതിനെട്ടാം വയസിലാണ് ബാബു സേട്ട് സിനിമാ നിർമ്മാണത്തിലേക്കു കടന്നത്. സമ്പന്നതയുടെ ആൾരൂപമായിരുന്നു അന്ന് ബാബു. അളവറ്റ ഭൂസ്വത്ത് സ്വന്തമായ കുടുംബാംഗം.
മലയാള സിനിമയുടെ ഗതിമാറ്റിയ ‘ചെമ്മീൻ” സിനിമയ്ക്കായി പണം വാരിയെറിഞ്ഞ്, അന്നു കിട്ടാവുന്ന ഏറ്റവും പ്രമുഖരായ എല്ലാ സാങ്കേതിക വിദഗ്ദ്ധരെയും ബാബു സേട്ട് കേരളത്തിലെത്തിച്ചു. സംവിധായകൻ രാമുകാര്യാട്ട് ആവശ്യപ്പെട്ടതെല്ലാം ബാബുസേട്ട് ഒരുക്കി. ചെമ്മീന്റെ വിജയത്തിനു ശേഷം, രാജ്യത്തെ ഏറ്റവും മികച്ച തിയേറ്ററുകളിലൊന്ന് കൊച്ചി എം.ജി.റോഡിൽ നിർമ്മിച്ച് ‘കവിത” എന്ന് പേരുമിട്ടു. വയലാറിന്റെ കവിതകളായിരുന്നു തിയേറ്ററിനു മുന്നിൽ എഴുതിവച്ചിരുന്നത്. സിനിമ തുടങ്ങും മുമ്പ് സ്ക്രീനിൽ ആ കവിതകൾ തെളിഞ്ഞു! എറണാകുളം നഗരത്തെ സമ്പത്തുകൊണ്ട് കൈവെള്ളയിൽ നിറുത്തിയിരുന്ന ബാബുസേട്ട് അതെല്ലാം നഷ്ടമായി, വെറും നിസ്വനായാണ് 2005-ൽ ജീവിതത്തോട് വിടപറഞ്ഞത്.
Source link