KERALAMLATEST NEWS

ജാർഖണ്ഡിൽ ഹേമന്ത് സോറൻ തന്നെ മുഖ്യമന്ത്രിയായേക്കും, ചർച്ചകൾ സജീവമാക്കി ഇന്ത്യ മുന്നണി

ന്യൂഡൽഹി: ജാർഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് ഇന്ത്യ മുന്നണി.നിലവിലെ സാഹചര്യത്തിൽ ജെ എം എം നേതാവ് ഹേമന്ത് സോറൻ തന്നെ മുഖ്യമന്ത്രി ആകാനാണ് സാദ്ധ്യത. 56 സീ​റ്റുകളാണ് ജെ എം എം – കോൺഗ്രസ് ഉൾപ്പെടെ ഇന്ത്യ മുന്നണി സംസ്ഥാനത്ത് നേടിയത്. മുന്നണിയിലെ പാർട്ടികളുടെ പ്രമുഖരായ നേതാക്കളെല്ലാം ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട്. എങ്കിലും വിജയത്തിന്റെ മുഖ്യശില്പി എന്നനിലയിൽ ഹേമന്ത് സോറന് തന്നെ മുഖ്യമന്ത്രിസ്ഥാനം നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

സഖ്യകക്ഷികളുടെ വകുപ്പ് സംബന്ധിച്ച് ഇന്ന് റാഞ്ചിയിൽ ചർച്ച നടക്കും. എല്ലാ പാർട്ടികളുടെയും പിന്തുണ നേടി ഉടനടി ഗവർണറെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. മന്ത്രിസഭ രൂപീകരണത്തിന് മുൻപ് ഹേമന്ത് സോറൻ ഡൽഹിയിലെത്തി ഇന്ത്യ സഖ്യ നേതാക്കളെ കാണും.

മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാർഖണ്ഡ് മുക്തി മോർച്ചയുടെ 34 സീറ്റ് മികവിൽ കോൺഗ്രസും (16) ആർജെഡിയും (4) അടങ്ങിയ ‘ഇന്ത്യ’ മുന്നണി ഭരണം നിലനിർത്തുകയായിരുന്നു.81 അംഗ സഭയിൽ ബിജെപി (21) സഖ്യത്തിന് 24 സീറ്റ് മാത്രം. നിയമസഭയിലേക്ക് ഹാട്രിക് വിജയം നേടിയ സോറൻ സംസ്ഥാനത്ത് തുടർച്ചയായി രണ്ട് തവണ അധികാരത്തിലേറുന്ന ആദ്യ മുഖ്യമന്ത്രിയാണ്. ഭാര്യ കൽപ്പനയും ഇളയസഹോദരൻ ബസന്ത് സോറനും ജയിച്ചു.

ജയിൽ, ഇഡി, സിബിഐ തുടങ്ങിയ നിരവധി പ്രശ്നങ്ങളെ അതിജീവിച്ചാണ് സോറൻ മിന്നും ജയം സ്വന്തമാക്കിയത്. ഉറ്റ ബന്ധുക്കൾ ഉൾപ്പെടെയുള്ള പ്രമുഖരെ ബിജെ പി ചാക്കിട്ടതും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പക്ഷേ അതെല്ലാം ജനം തിരിച്ചറിഞ്ഞ് വോട്ടുകൊണ്ട് അനുഗ്രഹിച്ചു.

പിതാവ് ഷിബു സോറന്റെ കാലം മുതൽ ഗോത്ര വിഭാഗങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന വർഗങ്ങൾക്കിടയിലെ ജെ.എം. എം. പാർട്ടിയുടെ സ്വാധീനം ഒട്ടും കുറഞ്ഞില്ലെന്ന് തെളിയിക്കുന്ന ആധികാരിക വിജയമാണ് നേടിയത്.2000ൽ ജാർഖണ്ഡ് സംസ്ഥാനം രൂപീകരിച്ച ശേഷം ഇന്നുവരെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇത്തവണ റെക്കോർഡ് പോളിംഗ് ആയിരുന്നു. 67.74%. ഛോട്ടാ നാഗ്പൂർ, കൊൽഹൻ, കൊയ്ലാഞ്ചൽ, പാലമു, സന്താൾ പർമാന തുടങ്ങിയ നിർണായക മേഖലകൾ ജാർഖണ്ഡ് മുക്തി മോർച്ച -കോൺഗ്രസ്-ആർ.ജെ.ഡി ഉൾക്കൊള്ളുന്ന ‘ഇന്ത്യ’ സഖ്യത്തിനൊപ്പം നിന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം 200ൽപ്പരം റാലികളാണ് ഹേമന്ത് സോറനും, ഭാര്യ കൽപനയും സംഘടിപ്പിച്ചത്.


Source link

Related Articles

Back to top button