ഗവർണർ പദവിയിൽ സി.വി.ആനന്ദബോസ് മൂന്നാം വർഷത്തിലേക്ക്
കൊൽക്കത്ത: പ്രധാനമന്ത്രി മുന്നോട്ടുവച്ച ‘അമ്മയ്ക്ക് ഒരു മരം’ പദ്ധതി പശ്ചിമബംഗാളിൽ ജനകീയമാക്കാനുള്ള ദൗത്യത്തിന് രാജ്ഭവനിൽ തുടക്കം കുറിച്ച് ഗവർണർ പദവിയിൽ സി.വി.ആനന്ദബോസ് മൂന്നാം വർഷത്തിലേയ്ക്ക്.
രാജ്ഭവൻ പൂന്തോട്ടത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചാണ് ഇന്നലെ ഗവർണർ രണ്ടാം വാർഷികദിനാചരണം ഉദ്ഘാടനം ചെയ്തത്. ‘ഹരിതാഭമായ നാളെയിലേക്കുള്ള ഒരു ചുവടുവയ്പ്പ്’ എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ആവിഷ്കരിച്ച ‘ഏക് പെദ് മാ കേ നാം’ ദൗത്യത്തിന്റെ ഭാഗമായി കുട്ടികൾക്കും വിശിഷ്ട വ്യക്തികൾക്കും ഗവർണർ വൃക്ഷത്തൈകൾ വിതരണം ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഭിന്നശേഷിക്കാർക്ക് കൃത്രിമ കൈകാലുകളും കൈമാറി. നിരവധി സംരംഭങ്ങൾക്കും ഗവർണർ ചടങ്ങിൽ തുടക്കം കുറിച്ചു.
2022 നവംബർ 23നാണ് ആനന്ദബോസ് ഗവർണറായി സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യൻ മ്യൂസിയവും വിക്ടോറിയ മെമ്മോറിയൽ ഹാളും ചേർന്ന് അവതരിപ്പിച്ച ‘ ജനകീയ ഗവർണർ: പശ്ചിമ ബംഗാളിന്റെ ഹൃദയത്തിലേക്കുള്ള ഒരു യാത്ര എന്ന പ്രദർശനം,സ്‌കൂൾ വിദ്യാർത്ഥികൾ പങ്കെടുത്ത ‘അപ്‌ന ഭാരത് ജഗ്‌ത ബംഗാൾ”എന്ന വിഷയത്തിൽ ‘പെയിന്റിംഗ് ഫിയസ്റ്റ’, ഗവർണർ എഴുതിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം,കവിതകളുടെ സംഗീത-നൃത്താവിഷ്കാരം എന്നിവയായിരുന്നു മറ്റുപരിപാടികൾ.
പ്രശസ്ത നർത്തകി മമത ശങ്കർ,കവി തമാൽ ലാഹ,രബീന്ദ്ര ഭാരതി സർവകലാശാലയുടെ മുൻ ഡീനും പ്രമുഖ നർത്തകിയുമായ ഡോ. അമിതാ ദത്ത,ഏഷ്യാറ്റിക് സൊസൈറ്റി മുൻ പ്രസിഡന്റ് പ്രൊഫ.സ്വപൻ പ്രമാണിക്,ഇൻഡസ് വാലി വേൾഡ് സ്‌കൂൾ ഉപദേശകൻ ഡോ.സുമൻ സൂദ് എന്നിവർ പങ്കെടുത്തു.
ഫോട്ടോ: ഗവർണർ പദവിയിലെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി പശ്ചിമബംഗാൾ രാജ്ഭവനിൽ
നടന്ന ചടങ്ങിൽ ഗവർണർ സി.വി.ആനന്ദബോസ് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു
Source link