പാലക്കാട്: വർഗീയതെ കൂട്ടുപിടിച്ചാണ് പാലക്കാട് യുഡിഎഫ് വിജയിച്ചതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഡോ. പി സരിൻ. യുഡിഎഫ് പാലക്കാട് ഉണ്ടാക്കിയത് അപകടം പിടിച്ച വിജയ ഫോർമുലയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഒരു മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു സരിൻ.
‘ഒരേസമയം ബിജെപിയെ ചാരിയും എസ്ഡിപിഐയെ ചാരിയും രാഷ്ട്രീയത്തിലെ അപകടം പിടിച്ച വിജയ ഫോർമുലയാണ് കോൺഗ്രസ് പാലക്കാട് ഉണ്ടാക്കിയത്. അതിൽ വോട്ടർമാർ വീണുപോകുകയായിരുന്നു. എസ്ഡിപിഐ വളരുന്നത് ബിജെപിയെ ചാരിയാണ്. കേരളത്തിലെ യുഡിഎഫും എൽഡിഎഫും ന്യൂനപക്ഷ വിഭാഗീതയ്ക്ക് പരവതാനി വിരിച്ചുകൊടുത്താണ് വളർന്നിട്ടുളളത്. കഴിഞ്ഞ തവണ ബിജെപിയിൽ ശ്രീധരൻ മത്സരിച്ചപ്പോൾ കിട്ടിയിരുന്ന 10,000 വോട്ടുകൾ ഇത്തവണ കുറഞ്ഞു. ആ വോട്ടുകളിൽ ഇത്തവണ കുറവുണ്ടായത് രണ്ട് തരത്തിലാണ്.
സി കൃഷ്ണകുമാർ മത്സരിച്ചത് ജയിക്കാൻ വേണ്ടിയല്ല. അദ്ദേഹത്തിന് പാലക്കാട് കുറച്ച് ഡീലുകൾ നടത്തണം, നഗരസഭയിലെ സ്ഥിരം സാന്നിദ്ധ്യം തുടരണം അങ്ങനെയാണ്. അതുകൊണ്ട് സി കൃഷ്ണകുമാർ തോറ്റതിൽ അദ്ദേഹത്തിന് വ്യക്തിപരമായി സങ്കടം ഉണ്ടാകില്ല. എന്നാൽ ബിജെപിയിൽ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിൽ അഭിപ്രായക്കേട് കാണിച്ചവർ ഒരുപാടുണ്ടായിരുന്നു. അങ്ങനെയുളളവർ കോൺഗ്രസിനാണ് വോട്ട് നൽകിയത്. പാലക്കാട് ഇടതുപക്ഷത്തിന്റെ വളർച്ച തടയിടാൻ ഒരുപോലെ ശ്രമിക്കുന്നവരാണല്ലോ ബിജെപിയും കോൺഗ്രസും. ഫലമെന്തായാലും പാലക്കാട് തന്നെ ഉറച്ച് നിൽക്കും. ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി ജീവിക്കുന്ന വ്യക്തിയാണ് ഞാൻ. അത് അങ്ങനെ തന്നെ തുടരും. വർഗീയതയെ കൂട്ടുപിടിച്ചതിലൂടെയാണ് കോൺഗ്രസിന് വിജയം നേടാൻ സാധിച്ചത്. യുഡിഎഫിന് മതം പറയാനുളള ഏജന്റ് എസ്ഡിപിഐ ആയിരുന്നു’- സരിൻ പറഞ്ഞു.
Source link