INDIALATEST NEWS

നിയമസഭകളിൽ നേട്ടമുണ്ടാക്കി ബിജെപി; 9 സിറ്റിങ് സീറ്റ് കോൺഗ്രസിന് നഷ്ടം


നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് മികച്ച നേട്ടം. 5 സീറ്റുകൾ കൂടി നേടിയതോടെ രാജസ്ഥാനിൽ ബിജെപി നില ഭദ്രമാക്കി. 200 അംഗ സഭയിൽ ബിജെപിക്ക് 119 പേരായി. യുപിയിൽ 9 മണ്ഡലങ്ങളിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറക്കാനും പാർട്ടിയിലെ വിമതരെ നിശബ്ദരാക്കാനും 6 സീറ്റുകളിലെ ജയം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു സഹായമാകും.

അസമിലെ 5 സീറ്റുകളും ബിജെപി നേടി. കാൽ നൂറ്റാണ്ടായി ജയിച്ചിരുന്ന സാമഗുരി കൈവിട്ടതിന്റെ ക്ഷീണം കോൺഗ്രസിനു ചെറുതാകില്ല. അസം, ഗുജറാത്ത്, കേരളം, കർണാടക, മധ്യപ്രദേശ്, മേഘാലയ, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലായി 13 എണ്ണം കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളായിരുന്നു. അതിൽ ഒൻപതിൽ പരാജയപ്പെട്ടു. പുതുതായി വേറെ മൂന്നെണ്ണം കിട്ടി. 

പഞ്ചാബിൽ ആം ആദ്മി പാർട്ടിയുമായി സഖ്യമില്ലാതെയാണു കോൺഗ്രസ് മത്സരിച്ചത്. 3 സീറ്റുകൾ എഎപി പിടിച്ചെടുത്തു. എഎപിയുടെ ശക്തികേന്ദ്രമായ ബർണാല സീറ്റ് കോൺഗ്രസും പിടിച്ചു. ഗുജറാത്തിലെ വാവ് നിയമസഭാ മണ്ഡലം കോൺഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നു. ബിജെപി പിടിച്ചു. കർണാടകയിലെ 3 സീറ്റുകൾ നിലനിർത്താനായത് പാർട്ടിക്ക് ആശ്വാസമാകും. മഹാരാഷ്ട്രയിലെ നാൻദേദ് ലോക്സഭാ സീറ്റ് കോൺഗ്രസ് നിലനിർത്തി.
9 ഇടങ്ങളിലും സ്ഥാനാർഥിയെ നിർത്തി, രണ്ടിൽ മാത്രം ജയിച്ചത് സമാജ്‌വാദി പാർട്ടിക്കു ക്ഷീണമായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ എസ്പി 37 സീറ്റും കോൺഗ്രസ് 6 സീറ്റും നേടിയിരുന്നു.
ബിഹാറിൽ ഇന്ത്യാസഖ്യ പാർട്ടികളിലെ ആർജെഡിക്കും (2) സിപിഐ–എംഎലിനും (1) സിറ്റിങ് സീറ്റ് നഷ്ടമായി. ഉപതിരഞ്ഞെടുപ്പു നടന്ന 4 നിയമസഭാ മണ്ഡലങ്ങളിലും എൻഡിഎ ജയിച്ചതോടെ ഇന്ത്യാസഖ്യത്തിനു 3 സിറ്റിങ് സീറ്റുകൾ നഷ്ടമായി. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി 4 സീറ്റിലും മത്സരിച്ചെങ്കിലും മൂന്നിൽ കെട്ടിവച്ച കാശു പോയി. കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി ഒഴിഞ്ഞ ഇമാംഗഞ്ച് സീറ്റിൽ മരുമകൾ ദീപാ സന്തോഷ് മാഞ്ചി വിജയിച്ചു. ആർജെഡിയുടെ കോട്ടയായി കരുതപ്പെട്ട ബേലാഗഞ്ച് സീറ്റിൽ ജെഡിയു സ്ഥാനാർഥി മനോരമ ദേവി അട്ടിമറി വിജയം നേടി. സിപിഐ (എംഎൽ) സിറ്റിങ് സീറ്റായ തരാരിയിൽ ബിജെപിയുടെ വിശാൽ പ്രശാന്ത് ജേതാവായി.
നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ∙ യുപി: 9ബിജെപി: 6 , ആർഎൽഡി:1 , എസ്പി: 2 

∙ രാജസ്ഥാൻ: 7 ബിജെപി: 5 , കോൺഗ്രസ്: 1 , ഭാരത് ആദിവാസി പാർട്ടി: 1 
∙ ബംഗാൾ: 6 തൃണമൂൽ കോൺഗ്രസ്: 6 
∙ അസം: 5 ബിജെപി: 3, അസം ഗണപരിഷത്ത്: 1, യുണൈറ്റഡ് പീപ്പിൾസ് പാർട്ടി (ലിബറൽ): 1 
∙ ബിഹാർ: 4 ബിജെപി: 2, ജെഡിയു: 1, ഹിന്ദുസ്ഥാനി അവാം മോർച്ച സെക്കുലർ:1 

∙ പഞ്ചാബ്: 4ആംആദ്മി പാർട്ടി: 3 , കോൺഗ്രസ്: 1 
∙ കർണാടക: 3 കോൺഗ്രസ്: 3 
∙ സിക്കി: 2 സിക്കിം ക്രാന്തികാരി മോർച്ച: 2 (എതിരില്ലാതെ) 
∙ മധ്യപ്രദേശ്: 2 ബിജെപി: 1 , കോൺഗ്രസ്: 1 

∙ മേഘാലയ: 1 നാഷനൽ പീപ്പിൾസ് പാർട്ടി: 1 
∙ ഗുജറാത്ത്: 1 ബിജെപി: 1 
∙ ഛത്തീസ്ഗഡ്: 1 ബിജെപി: 1 
∙ ഉത്തരാഖണ്ഡ്:1 ബിജെപി: 1 


Source link

Related Articles

Back to top button