കോട്ടയം: ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ ബയോ തിരുത്തി കോൺഗ്രസ് പ്രവർത്തകൻ എന്ന് മാറ്റിയത് വാർത്തയായതാണ്. ഇപ്പോഴിതാ ഫേസ്ബുക്ക് ലിങ്കിലും അദ്ദേഹം ബിജെപിക്കാരനാണെന്നതാണ് ചർച്ചയാകുന്നത്. പാർട്ടി മാറിയതോടെ സന്ദീപ് പുതിയ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുമോയെന്നും പലരും ചോദിച്ചിരുന്നു. അതിനുളള മറുപടിയായാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
പുതിയ ഫേസ്ബുക്ക്പേജിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ‘അത് വളരെ പണ്ടുണ്ടാക്കിയ പേജാണ്. അത് എന്റെ ഭൂതകാലമാണ്. പഴയ പോസ്റ്റുകൾ ഫേസ്ബുക്കിൽ കിടക്കുന്നത് പോലുളള ഒന്നുമാത്രം.വെരിഫൈ ചെയ്ത അക്കൗണ്ടാണ്. വളരെ ജൈവികമായാണ് ആ പേജിൽ ഇത്രയധികം ഫോളോവേഴ്സ് വരുന്നതും. അതുകൊണ്ട് മറ്റൊരു പേജിനെ കുറിച്ച് തൽക്കാലം ചിന്തിക്കുന്നില്ല. സാങ്കേതികമായി ലിങ്ക് മാറ്റുന്നതിന് വേണ്ടി എന്തെങ്കിലും ചെയ്യാനാകുമോ എന്ന് ശ്രമിക്കും. അതൊന്നും വലിയ കാര്യമായി ഞാൻ കാണുന്നില്ല’- സന്ദീപ് വ്യക്തമാക്കി.
ബിജെപി നേതൃത്വവുമായുണ്ടായ തർക്കത്തെ തുടർന്നാണ് സന്ദീപ് വാര്യർ പാർട്ടി വിട്ടത്. കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചതിന് അദ്ദേഹത്തെ ബിജെപി രൂക്ഷമായി വിമർശിച്ചു. ബിജെപിയെ വെറുപ്പിന്റെ ഫാക്ടറിയെന്നും കോൺഗ്രസിനെ സ്നേഹത്തിന്റെ കടയെന്നുമാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ വിശേഷിപ്പിച്ചത്.
Source link