വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളും ഗൾഫ് രാജ്യങ്ങളും പ്രധാന ആവശ്യക്കാർ, മൂന്നുവർഷം തുടർച്ചയായി വിളവെടുക്കാം, കർഷകർക്ക് പ്രിയം ഈ വിളയോട്
കോന്നി : മലയോര മേഖലയിലെ കൈതച്ചക്കത്തോട്ടങ്ങളിൽ വിളവെടുപ്പ് തുടങ്ങി. കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനത്തിൽ കുറവുണ്ടായെങ്കിലും കർഷകർക്ക് നല്ല വില ലഭിക്കുന്നുണ്ട്. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ റബർത്തോട്ടങ്ങളിലും മറ്റു ചെറുകിട റബർത്തോട്ടങ്ങളിലും ഇടവിളയായി കൈതച്ചക്ക കൃഷി ചെയ്തുവരുന്നു. പ്രാദേശിക വിപണിക്ക് പുറമേ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളും ഗൾഫ് രാജ്യങ്ങളുമാണ് പ്രധാന വിപണനകേന്ദ്രങ്ങൾ. എ,ബി,സി,ഡി എന്നിങ്ങനെ നാലുഗ്രേഡായി തിരിച്ചാണ് കൈതച്ചക്ക വിപണനം.
വാഴക്കുളം ചക്കയ്ക്ക് പ്രിയം
പൈനാപ്പിൾ സിറ്റി എന്നറിയപ്പെടുന്ന വാഴക്കുളത്തെ ചക്കയാണ് ജില്ലയിൽ പ്രധാനമായും കൃഷിചെയ്യുന്നത്. വാഴക്കുളം കൈതച്ചക്ക എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളിലെ 132 പഞ്ചായത്തുകളിൽ കൃഷി ചെയ്യുന്നുണ്ട്. വാഴക്കുളം പൈനാപ്പിളിന്റെ പ്രത്യേക ഗന്ധവും രുചിയും വലിപ്പവും വിപണിയിലെ ആകർഷണീയതയാകുന്നു.
വിളവെടുപ്പ് മൂന്ന് വർഷം
ചെടിനട്ട് ഒന്നാംവർഷം മുതൽ വിളവെടുക്കാവുന്ന വിളയാണ് പൈനാപ്പിൾ. മൂന്നുവർഷം തുടർച്ചയായി വിളവെടുക്കാനാകും. ക്യൂ എന്ന ചക്കയിനമാണ് അധികവും കൃഷി ചെയ്യുന്നത്. കന്നാര എന്നറിയപ്പെടുന്ന മൗറീഷ്യസ് ഇനവും കൃഷിചെയ്യുന്നുണ്ട്. കൃഷിച്ചെലവിന്റെ ഭൂരിഭാഗവും ആദ്യകൃഷിയിൽ നിന്നു തന്നെ ലഭിക്കും. 15 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ ചൂടാണ് അഭികാമ്യം. ചൂടുകൂടുന്നത് വിളവിനെ ദോഷകരമായി ബാധിക്കും.
ഒരു ഏക്കറിൽ നടുന്ന തൈകളുടെ എണ്ണം : 9,000,
ഒരേക്കറിലെ ശരാശരി ഉൽപാദനം : 12 ടൺ
എ ഗ്രേഡ് പൈനാപ്പിൾവില : 60 – 65 (ഒരു കിലോയ്ക്ക്)
600 – 2500 മില്ലിമീറ്റർ ശരാശരി മഴ കിട്ടുന്ന സ്ഥലങ്ങൾ കൈതച്ചക്ക കൃഷിക്ക് അനുയോജ്യമാണ്.
ജോർജ് വർഗീസ്
(കൈതച്ചക്ക കർഷകൻ)
Source link