ഞങ്ങൾ കൊടുത്ത പല മുന്നറിയിപ്പുകളുടെയും അടിസ്ഥാനത്തിലാണ് വാര്യരെ മാറ്റി നിറുത്തിയത്

സന്ദീപ് വാര്യർ ഒരു കള്ളനാണയമാണെന്ന് ബിജെപി വക്താവ് സന്ദീപ് വചസ്‌പതി. ഇന്നലെ വരെ പാർട്ടിയുടെ നാവായി നിന്നയാൾ പറയുന്നു അതൊന്നും താൻ പറഞ്ഞതല്ലെന്ന്. അപ്പോൾ ഇയാൾക്ക് ഡ്യുവൽ പേഴ്‌സണാലിറ്റിയാണോ? ഇരട്ടത്താപ്പുകാരനാണ് സന്ദീപ് വാര്യരെന്നും വചസ്‌പതി വിമർശിച്ചു.
സന്ദീപ് കോൺഗ്രസിലേക്ക് പോയതിൽ ഗൂഢാലോചനയുണ്ട്. സാഹചര്യങ്ങൾ അതാണ് തെളിയിക്കുന്നത്. പാർട്ടിയിലെ പലർക്കും ഇതേപറ്റി അറിവുണ്ടായിരുന്നു. വാര്യർ മറുകണ്ടം ചാടുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. പലപ്പോഴും മുന്നറിയിപ്പ് കൊടുത്തിട്ടുള്ളതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് പല ചുമതലകളിൽ നിന്നും അദ്ദേഹത്തെ മാറ്റി നിറുത്തിയത്. സന്ദീപ് വാര്യർ പറയുന്ന പല കാര്യങ്ങളും പരസ്‌പര വിരുദ്ധമാണ്. ബിജെപിയിൽ നിന്നപ്പോഴും അയാൾ ഒറ്റുകാരനായിരുന്നുവെന്നും സന്ദീപ് വചസ്‌പതി ആരോപിച്ചു.
അതേസമയം, പാലക്കാട്ടെ ബിജെപിയുടെ തോൽവിക്ക് കാരണക്കാരൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും സംഘവുമാണെന്നാണ് രാവിലെ സന്ദീപ് വാര്യർ പ്രതികരിച്ചത്. സുരേന്ദ്രൻ രാജിവച്ച് പുറത്തുപോകാതെ ബിജെപി എന്ന പ്രസ്ഥാനം കേരളത്തിൽ രക്ഷപ്പെടാൻ പോകുന്നില്ലെന്നും സന്ദീപ് പറഞ്ഞു.
സി. കൃഷ്ണകുമാർ സ്ഥാനാർത്ഥി ആയതുകൊണ്ടുതന്നെയാണ് പാലക്കാട് ബിജെപിക്ക് തിരിച്ചടി ഉണ്ടായത്. പാൽ സൊസൈറ്റിയിൽ ഇലക്ഷൻ നടന്നാൽ കൃഷ്ണകുമാർ, പഞ്ചായത്തിൽ ഇലക്ഷൻ നടന്നാൽ കൃഷ്ണകുമാർ, മുനിസിപ്പാലിറ്റിയിലും നിയമസഭയിലും പാർലമെന്റിലും ഇലക്ഷൻ നടന്നാൽ കൃഷ്ണകുമാർ. കൃഷ്ണകുമാറും ഭാര്യയും മാത്രമാണ് പാലക്കാട്ടെ ബിജെപി എന്ന് എഴുതികൊടുത്ത ബിജെപി നേതൃത്വം തന്നെയാണ് ഈ പരാജയത്തിന് കാരണം. കെ. സുരേന്ദ്രനെയും അദ്ദേഹത്തിന്റെ സംഘാംഗങ്ങളെയും മാരാർജി ഭവനിൽ നിന്ന് അടിച്ചു പുറത്താക്കി ചാണകം തളിക്കണം. അടുത്ത ഇലക്ഷനോട് കൂടി പാലക്കാട് മുനിസിപ്പാലിറ്റി ഭരണവും ബിജെപിക്ക് നഷ്ടപ്പെടുമെന്ന് സന്ദീപ് വാര്യർ പ്രതികരിച്ചു.
Source link