Graphics Story ‘സേനാ’പതി ഷിൻഡെ, ‘പവർ’ഫുൾ അജിത്; ‘മഹാ’ചതുരംഗപ്പോരിൽ കളംനിറഞ്ഞ് കളംമാറിച്ചവിട്ടിയവർ– ഗ്രാഫിക്സ്

‘മഹാ’ചതുരംഗപ്പോരിൽ കളംനിറഞ്ഞ് കളംമാറിച്ചവിട്ടിയവർ– ഗ്രാഫിക്സ്- Maharashtra Assembly Election | Maharashtra Election Results 2024 | Malayala Manorama Online News

Graphics Story

‘സേനാ’പതി ഷിൻഡെ, ‘പവർ’ഫുൾ അജിത്; ‘മഹാ’ചതുരംഗപ്പോരിൽ കളംനിറഞ്ഞ് കളംമാറിച്ചവിട്ടിയവർ– ഗ്രാഫിക്സ്
Maharashtra Assembly Election Results 2024

ജെഫിൻ പി.മാത്യു/അരുണിമ ജയൻ

Published: November 23 , 2024 09:03 PM IST

2 minute Read

Source: Manorama Creative

ഇന്ത്യൻ‌ തിരഞ്ഞെടുപ്പു ചതുരംഗക്കളത്തിലെ ഏറ്റവും പ്രയാസമുള്ള കരുനീക്കങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലേത്. ഒന്നു രണ്ടായും രണ്ടു നാലായും പിരിഞ്ഞുപിരിഞ്ഞ് പാർട്ടികളുടെ എണ്ണം കൂടിയപ്പോൾ മഹാരാഷ്ട്രയുടെ തിരഞ്ഞെടുപ്പു കളത്തിലെ കരുനീക്കങ്ങളും കടുപ്പമേറിയതായിരുന്നു. ഒടുവിൽ കളി തീർ‌ന്നപ്പോൾ‌ ജയം മഹായുതി സഖ്യത്തിന്. അഞ്ചു വർഷം മുൻപ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മത്സരിച്ച രണ്ടു പാർട്ടികൾ, നാലായി പിരിഞ്ഞ് രണ്ടു ചേരിയിൽനിന്നു പരസ്പരം പോരടിക്കുന്നതിനാണ് ഇത്തവണ മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്.

ബിജെപി, ശിവസേന (ഷിൻഡെ), എൻസിപി (അജിത് പവാർ) എന്നിവർ ഒന്നിച്ച മഹായുതി സഖ്യവും കോൺഗ്രസ് ശിവസേന (ഉദ്ധവ്), എൻസിപി (ശരദ് പവാർ) എന്നിവരടങ്ങിയ മഹാവികാസ് സഖ്യവുമാണ് മഹാരാഷ്ട്രയിൽ ഏറ്റുമുട്ടിയത്. ജനങ്ങൾ ജനപ്രതിനിധികളെ തിരഞ്ഞെടുക്കാൻ വോട്ടു ചെയ്തപ്പോൾ കളംമാറി ചവിട്ടിയവരും ചവിട്ടേറ്റു വീണവരും സ്വന്തം പാർട്ടികളുടെയും അവനവന്റെയും നിലനിൽപ്പിനു വേണ്ടിയാണ് വോട്ടുതേടിയത്. ഏതാണ് യഥാർഥ ശിവസേന? പവാർ നേതാക്കളിൽ കൂടുതൽ ‘പവർ’ ആർക്ക്? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണ് മഹാരാഷ്ട്ര ഫലം.

∙ യഥാർഥ ‘സേനാ’പതി2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം എൻഡിഎയിൽ മത്സരിച്ച അവിഭക്ത ശിവസേനയ്ക്ക് 56 സീറ്റുകളാണ് ലഭിച്ചത്. ആ തിരഞ്ഞെടുപ്പിൽ 105 സീറ്റ് ലഭിച്ച ബിജെപിയോട്, മുഖ്യമന്ത്രി സ്ഥാനം ശിവസേന ആവശ്യപ്പെട്ടതോടെയാണ് മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചതുരംഗക്കളങ്ങളുടെ നിറം മാറിത്തുടങ്ങിയത്. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാതിരുന്നതോടെ ഏറെ നാളത്തെ എൻഡിഎ ബന്ധം ഉദ്ധവും സംഘവും ഉപേക്ഷിച്ചു. എല്ലാ രാഷ്ട്രീയ ഫോർമുലകളെയും മാറ്റിമറിച്ചുകൊണ്ട് കോണ്‍ഗ്രസിനും എൻസിപിക്കുമൊപ്പം അവർ കൈകോർത്തു. അങ്ങനെ താക്കറെ കുടുംബത്തിൽനിന്ന് ആദ്യമായി ഒരാൾ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയുമായി. എന്നാൽ ആ മുഖ്യമന്ത്രിക്കസേരയ്ക്ക് രണ്ടര വർഷത്തെ ആയുസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സ്വന്തം പാളയത്തിലെ വിശ്വസ്തൻ തന്നെ ഉദ്ധവിനെ വീഴ്ത്തി ആ കസേരയിൽ ഇരിപ്പുറപ്പിച്ചു– ഏക്നാഥ് ഷിൻഡെ. മുഖ്യമന്ത്രിക്കസേരയ്ക്കൊപ്പം ശിവസേനയുടെ പൈതൃകം കൂടിയാണ് ഷിൻഡെ ഒപ്പം കൊണ്ടുപോയത്. അത് ഊട്ടിയുറപ്പിക്കുന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം. 80 സീറ്റിൽ മത്സരിച്ച ശിവസേന ഷിൻഡെ പക്ഷം 57 സീറ്റുകളിൽ വിജയിച്ചു. അവിഭക്ത ശിവസേനയ്ക്ക് ലഭിച്ചതിനേക്കാൾ ഒരു സീറ്റ് കൂടുതൽ. അതേസമയം മറുപക്ഷത്ത് 89 സീറ്റുകളിൽ മത്സരിച്ച ഉദ്ധവ് പക്ഷത്തിന് വിജയിക്കാനായത് 20 സീറ്റുകളിൽ മാത്രം. യഥാർഥ സേനയുടെ പേരും ചിഹ്നവും ആർക്കാണെന്ന തർക്കം ഇപ്പോഴും സുപ്രീം കോടതിയിലാണ്. എന്നാൽ യഥാർഥ ‘സേനാപതി’ താൻ തന്നെയാണെന്ന ഷിൻഡെയുടെ അവകാശവാദത്തിന് ഈ ഫലം ബലമാകുന്നു.

∙ ‘പവർ’ഫുൾ അജിത്സേനയിലെ പോരാട്ടത്തിനു സമാനമാണ് മഹാരാഷ്ട്രയിൽ ‘പവാർ’ നേതാക്കളുടെ എൻസിപികൾ തമ്മിലുള്ള മത്സരവും. 2019 നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ അജിത് പവാറിനെ ഒപ്പം കൂട്ടി ബിജെപിയുടെ ദേവേന്ദ്ര ഫഡ‍്നാ‌വിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ മണിക്കൂറുകൾ മാത്രം ആയുസ്സുണ്ടായിരുന്ന ആ സർക്കാർ നിലംപൊത്തി. അജിത് പവാർ എൻസിപിക്കൊപ്പം നിലകൊള്ളുകയും ചെയ്തു. തുടർന്ന് രൂപീകരിച്ച മഹാവികാസ് അഘാ‍ഡി സർക്കാരിൽ അജിത് പവാർ മന്ത്രിയാകുകയും ചെയ്തു. എന്നാൽ ശിവസേനയെ പിളർത്തി ഏക്നാഥ് ഷിൻഡെ ബിജെപിക്കൊപ്പം കൂടിയതിനു പിന്നാലെ, ഇപ്പുറത്ത് മറ്റൊരു പിളർത്തലിന് കോപ്പുകൂട്ടുകയായിരുന്നു അജിത് പവാർ. എൻസിപിയിൽ ആകെയുണ്ടായിരുന്ന 54 എംഎൽഎമാരിൽ 40 പേരുമായാണ് അജിത് എൻഡിഎ പക്ഷത്തേക്കു ചാടിയത്. ഇതോടെ ഔദ്യോഗിക എൻസിപിയായി അജിത് പവാർ പക്ഷം മാറി.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 53 സീറ്റിൽ മത്സരിച്ച അജിത് പക്ഷം, 41 സീറ്റുകളിൽ വിജയിച്ചു. കഴിഞ്ഞ തവണത്തെ സീറ്റുനില നിലനിർ‌ത്താൻ അജിത്തിനു സാധിച്ചു. മറുവശത്ത് 87 സീറ്റുകളിൽ മത്സരിച്ച ശരദ് പവാറിന്റെ എൻസിപി വിജയിച്ചത് 10 സീറ്റുകളിൽ മാത്രം. സ്വന്തം മണ്ഡലമായ ബാരാമതിയിൽ ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അജിത്തിന്റെ വിജയം. വൻ മേധാവിത്വവുമായി 132 സീറ്റിൽ വിജയിച്ച ബിജെപി, മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി പിടിമുറുക്കാനും ശിവസേന ഇടയാനും സാധ്യത ഉണ്ടെന്നിരിക്കെ, 41 എംഎൽഎമാരുള്ള അജിത് പവാറിന്റെ വിലപേശൽ ശേഷി മഹായുതിയിൽ ഇനിയും ഉയർന്നേക്കാം. മറുവശത്ത് മഹാരഥനായ നേതാവ് ശരദ് പവാറിന്റെ ഇനിയുള്ള രാഷ്ട്രീയം എങ്ങനെയാകുമെന്ന് കണ്ടുതന്നെ അറിയണം. ‘മഹാ’നാടകങ്ങൾ തുടരും…!

English Summary:
Maharashtra Assembly Election Results 2024 – How Political Map of Maharashtra Changes- Infogrpahics

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-politics-leaders-ajitpawar mo-news-world-countries-india-indianews mo-politics-leaders-devendrafadnavis mo-politics-parties-shivsena mo-politics-parties-ncp mo-politics-leaders-sharad-pawar quqo29kqmd4v3as98pvp1nfoi mo-politics-elections-maharashtraassemblyelection2024


Source link
Exit mobile version