കൊച്ചി: മുനമ്പം വഖഫ് ഭൂമി സമരത്തിന് മുൻനിരയിൽ നിൽക്കുന്ന ലത്തീൻ സഭാ നേതൃത്വവുമായി മുസ്ലീം ലീഗ് നേതാക്കൾ നടത്തിയ ചർച്ചയിൽ സമവായ ധാരണ.
സംസ്ഥാന സർക്കാർ 22ന് നടത്തുന്ന ഉന്നതതല യോഗത്തിൽ സമവായനിർദ്ദേശം മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് കൂടിക്കാഴ്ചയ്‌ക്കു ശേഷം ഇരുവിഭാഗവും പറഞ്ഞു.
ലീഗിന്റെ സമവായനീക്കം സ്വാഗതം ചെയ്യുന്നതായി വരാപ്പുഴ അതിരൂപത മേജർ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ അറിയിച്ചു. രമ്യമായി പരിഹരിക്കാൻ മുൻകൈയെടുക്കും.
ഇന്നലെ വൈകിട്ട് മൂന്നിന് കൊച്ചിയിലെ വരാപ്പുഴ ബിഷപ്പ് ഹൗസിലെത്തിയ ലീഗ് അദ്ധ്യക്ഷൻ പണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ ആർച്ച് ബിഷപ്പുമായി നടത്തിയ കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടു. അതിരൂപതയിലെ 16 മെത്രാൻമാരും മുനമ്പം സമരസമിതി അംഗങ്ങളും പങ്കെടുത്തു. പ്രശ്‌നം എത്രയുംവേഗം പരിഹരിക്കണമെന്ന നിലപാടിലാണ് ഇരുപക്ഷവും.
പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശ ദിവസം ലീഗ് നേതാക്കൾ നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയനീക്കം കൂടിയായി.
മുനമ്പം നിവാസികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലീഗ് നേതാക്കൾ എത്തിയതിലുള്ള സന്തോഷം ലത്തീൻസഭ തുറന്നുപറഞ്ഞു. ഫാറൂഖ് കോളേജ് കമ്മിറ്റിയുടെയും എല്ലാ മുസ്ലീം സംഘടനകളുടെയും യോഗം സാദിഖലി തങ്ങൾ വിളിച്ചിരുന്നതായും പ്രശ്‌നപരിഹാരത്തിന് മുൻകൈ എടുക്കാൻ യോഗം തങ്ങളോട് ആവശ്യപ്പെട്ടിരുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വളരെ വേഗം പരിഹരിക്കാനാകും. സാങ്കേതിക പ്രശ്‌നങ്ങൾ ഉള്ളതുകൊണ്ടാണ് സർക്കാർ യോഗം വിളിക്കണമെന്ന് പറയുന്നത്. പ്രശ്‌നം പരിഹരിക്കാനുള്ള വ്യക്തമായ കാഴ്ചപ്പാടോടെയാണ് കൂടിക്കാഴ്ച പിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ബോർഡിൽ ലീഗ് നേതാവ് അദ്ധ്യക്ഷനായിരുന്നപ്പോഴാണ് മുനമ്പം വിഷയത്തിൽ ഉത്തരവിറക്കിയതെന്ന് നിയമമന്ത്രി പി. രാജീവ് കഴിഞ്ഞദിവസം തുറന്നടിച്ചിരുന്നു. പരിഹാരം കാണാതെ വിഷയം നീട്ടുന്നത് സംസ്ഥാന സർക്കാരാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചിരുന്നു.
ഇതൊരു മാനുഷിക പ്രശ്‌നമാണ്, മതത്തിന്റെയോ വർഗത്തിന്റെയോ പ്രശ്‌നമല്ല. 600ലധികം കുടുംബങ്ങൾ നേരിടുന്ന വലിയ പ്രശ്‌നം പരിഹരിക്കപ്പെടണം. അതിനായി ഇവരെല്ലാവരും കൂടെ നിൽക്കുന്നതിൽ അഭിമാനമുണ്ട്’
-ജോസഫ് കളത്തിപ്പറമ്പിൽ
വരാപ്പുഴ ആർച്ച് ബിഷപ്പ്
Source link