രണ്ട് ഭവനരഹിതർക്ക് വീടൊരുങ്ങി , അമൃതയ്ക്കും അരവിന്ദിനും ഇന്ന് ശിവഗിരിയിൽ മാംഗല്യം
ശിവഗിരി: ശ്രീശാരദാദേവി സന്നിധിയിൽ ഇന്ന് അരവിന്ദ് യു.ഉണ്ണിക്കൃഷ്ണനും അമൃതലക്ഷ്മിയും ഒന്നിക്കുന്നതിലൂടെ രണ്ട് ഭവനരഹിതർക്ക് സ്വന്തം വീടെന്ന സ്വപ്നവും പൂവണിയും. എറണാകുളം പുത്തൻകാവിലെ എ.ഡി.ഉണ്ണിക്കൃഷ്ണനും ഡോ. എസ്.ആർ.സജീവും മക്കളുടെ വിവാഹച്ചെലവ് ചുരുക്കി, വീട് നിർമ്മിച്ച് നൽകുന്ന വാർത്ത കേരളകൗമുദി നവംബർ ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു. ശ്രീനാരായണ ധർമ്മസംഘംട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ കാർമ്മികത്വത്തിൽ 11.40നും 12.30നും മദ്ധ്യേയാണ് വിവാഹം. അതേവേദിയിൽ വച്ച് വീടുകളുടെ താക്കോൽദാനവും സ്വാമി നിർവഹിക്കും.
വൈക്കത്തിനടുത്ത് ചെമ്പിലും കാട്ടിക്കുന്നിലുമാണ് 10 ലക്ഷം രൂപ മുടക്കിൽ എറണാകുളം പൂത്തോട്ട കെ.പി.എം.എസ് സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്കായി വീടുകൾ പൂർത്തിയാക്കിയത്. ഉണ്ണിക്കൃഷ്ണന്റെ ഭാര്യ എ.കെ.സിന്ധുവും സജീവിന്റെ ഭാര്യ ഒ.രജിതയും ഇതേ സ്കൂളിലെ അദ്ധ്യാപകരാണ്. സ്‌കൂളിലെ 1,600 കുട്ടികളിൽ നിന്നാണ് പി.ടി.എ രണ്ടുപേരെ തിരഞ്ഞെടുത്തത്.
പൂത്തോട്ട 1103-ാം നമ്പർ എസ്.എൻ.ഡി.പി യോഗത്തിനു കീഴിലുള്ള ലാ കോളേജടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരും ശാഖാ പ്രസിഡന്റുമാണ് ഉണ്ണിക്കൃഷ്ണൻ. കളമശേരി അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സ്‌കീം റിട്ട. പ്രിൻസിപ്പലാണ് ഡോ. സജീവ്. ബഹുരാഷ്ട്ര കമ്പനിയിലെ ഉദ്യോഗസ്ഥനാണ് ഉണ്ണിക്കൃഷ്ണന്റെ മകൻ അരവിന്ദ്. ഫാക്ട് ഉദ്യോഗസ്ഥയാണ് അമൃതലക്ഷ്മി.
Source link