ഹൈക്കോടതി നിർദ്ദേശം വെർച്വൽ ക്യൂ: ക്യാൻസലേഷൻ സൗകര്യം ഭക്തരെ അറിയിക്കണം
കൊച്ചി: ശബരിമല വെർച്വൽ ബുക്കിംഗ് ചെയ്യുന്നവർ എത്തുന്നില്ലെങ്കിൽ ക്യാൻസൽ ചെയ്യണമെന്ന് മാദ്ധ്യമങ്ങളിലൂടെ അറിയിക്കാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദ്ദേശം. കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങിളിലും പ്രചാരണം നൽകണമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളികൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു.
ബുക്ക് ചെയ്യുന്നവരിൽ 20 – 25% എത്തുന്നില്ലെന്ന് ദേവസ്വംബോർഡ് അറിയിച്ചു. ഇവർ ക്യാൻസൽ ചെയ്യാത്തതിനാൽ ഈ സ്ലോട്ടുകൾ മറ്റുള്ളവർക്ക് അനുവദിക്കാനാവുന്നില്ല. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങളിൽ എൽ.ഇ.ഡി ബൾബുകളും മറ്റും സ്ഥാപിച്ചതിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി.
ബസുകളുടെ കാര്യക്ഷമത
ഉറപ്പാക്കും
ശബരിമലയിൽ ബസുകളുടെ കാര്യക്ഷമത ഉറപ്പാക്കാൻ പ്രത്യേക മെക്കാനിക്കൽ ടീം പമ്പ ഡിപ്പോയിൽ എല്ലാ ബസുകളും പരിശോധിക്കുന്നുണ്ടെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ അറിയിച്ചു. . ദിവസവും കൃത്യമായ ഇടവേളകളിൽ സർവീസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അഭിഭാഷകൻ ദീപു തങ്കൻ വിശദീകരിച്ചു.
നിലയ്ക്കൽ-പമ്പ ചെയിൻ സർവീസ് നടത്തുന്ന ലോഫ്ളോർ ബസ് 17ന് പ്ലാത്തോടിൽ തീപിടിച്ചതിനെ റിപ്പോർട്ട് നൽകി.
വ്യാഴാഴ്ച 122 ചെയിൻ ബസുകൾ സർവീസ് നടത്തി. 87,709 തീർത്ഥാടകർ യാത്ര ചെയ്തു. 150 ചെയിൻ ബസുകളുണ്ടെന്നും തിരക്ക് കൂടുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കുമെന്നും അറിയിച്ചു.
പാർക്കിംഗ് പ്രശ്നങ്ങളില്ല
പമ്പയിലും നിലയ്ക്കലും പാർക്കിംഗ് പ്രശ്‌നങ്ങൾ ഇല്ലെന്ന് ദേവസ്വംബോർഡും സീതത്തോട്-നിലയ്ക്കൽ കുടിവെള്ള പൈപ്പിടൽ ജോലി ഒരാഴ്ചയ്ക്കകം പൂർത്തിയാകുമെന്ന് ജല അതോറിറ്റിയും അറിയിച്ചു.
അയ്യപ്പ സേവാസംഘത്തിന്റെ കൈവശമിരുന്ന കെട്ടിടത്തിന്റെ അവസ്ഥ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ശബരിമല സ്‌പെഷ്യൽ കമ്മീഷണർക്ക് നിർദ്ദേശം നൽകി. കെട്ടിടത്തിന്റെ ഫോട്ടോകൾ ദേവസ്വം ബോർഡ് ഹാജരാക്കി. കെട്ടിടം ദേവസ്വംബോർഡിന് കൈമാറാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഇടത്താവളമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ പാർക്കിംഗ് ഗ്രൗണ്ടിൽ ശൗചാലയങ്ങൾ ഉറപ്പാക്കാനും ഉത്തരവിട്ടു.
സന്നിധാനത്ത്
മുറിബുക്കുചെയ്യാം
ശബരിമല: തീർത്ഥാടകർക്ക് സന്നിധാനത്ത് താമസിക്കാൻ ഓൺലൈനായും നേരിട്ടും മുറികൾ ബുക്കുചെയ്യാം. ദേവസ്വം ബോർഡിന്റെ സന്നിധാനത്തെ ഗസ്റ്റ് ഹൗസുകളിലായി 540 മുറികളുണ്ട്. താമസിക്കുന്നതിന് 15 ദിവസം മുമ്പ് വരെ onlinetdb.com എന്ന വെബ്സൈറ്റിലൂടെ ബുക്കുചെയ്യാം. സന്നിധാനത്തിന് സമീപമുള്ള അക്കോമഡേഷൻ കൗണ്ടറുകളിലൂടെ ആധാർ കാർഡ് കാട്ടി അതാത് ദിവസം നേരിട്ടും ബുക്കുചെയ്യാം. 250 മുതൽ 1,600 രൂപ വരെയാണ് 12 മണിക്കൂറത്തേക്കുള്ള നിരക്ക്. 12 മണിക്കൂർ, 16 മണിക്കൂർ സമയത്തേക്കാണ് മുറി.
Source link