ശബരിമല: പതിനെട്ടാംപടിക്ക് സമീപം താഴെ തിരുമുറ്റത്ത് കണ്ട കാട്ടുപാമ്പ് ഭീതിപരത്തി. ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. മഹാകാണിക്ക ഭാഗത്ത് നിന്ന് അപ്പം, അരവണ കൗണ്ടറുകളിലേക്ക് പോകുന്നതിനുള്ള ഭൂഗർഭപാതയുടെ പടിക്കെട്ടിന്റെ കൈവരിയിലാണ് പാമ്പിനെ കണ്ടത്.
പൊലീസ് അറിയിച്ചതോടെ വനംവകുപ്പിന്റെ സ്‌നേക്ക് ക്യാച്ചേഴ്സെത്തി പിടികൂടാൻ ശ്രമിച്ചപ്പോൾ പാമ്പ് പടിക്കെട്ടിലേക്ക് ഇഴഞ്ഞു. തുടർന്ന് ഇവിടെനിന്നാണ് പിടികൂടിയത്. വിഷമില്ലാത്ത ഈ കാട്ടുപാമ്പിന് രണ്ടടി നീളമുണ്ട്. ആദ്യമായാണ് പതിനെട്ടാംപടിക്ക് സമീപത്ത് നിന്ന് പാമ്പിനെ പിടികൂടുന്നത്. ഇത്തവണ മണ്ഡല തീർത്ഥാടനം തുടങ്ങിയശേഷം 33 പാമ്പുകളെ വനം വകുപ്പ് ജീവനക്കാർ പിടികൂടി ഉൾവനത്തിൽ വിട്ടു. സന്നിധാനത്ത് നിന്നുമാത്രം 93 കാട്ടുപന്നികളെയും പിടികൂടിയിരുന്നു. തീർത്ഥാടനകാലം സുരക്ഷിതമാക്കുന്നതിന് വനംവകുപ്പ് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സന്നിധാനത്തെ വനംവകുപ്പ് സ്‌പെഷ്യൽ ഓഫീസർ ലിതേഷ് ടി പറഞ്ഞു. പമ്പയിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ കൺട്രോൾ റൂമാണ് വനംവകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Source link