ഹൈഡ്രജൻ ട്രെയിനുമായി ഇന്ത്യയും, പരീക്ഷണം അടുത്തമാസം, 2025ൽ 35 ട്രെയിനുകൾ
കൊച്ചി:ഇന്ത്യൻ റെയിൽവേയുടെ ഹരിതദൗത്യത്തിന് കുതിപ്പേകാൻ ഹൈഡ്രജൻ ഇന്ധനമായ ട്രെയിൻ വരുന്നു. ഡിസംബറിൽ ഹരിയാനയിലെ ജിന്ദ് – സോനിപത്ത് ( 90 കിലോമീറ്റർ) പൈതൃകപാതയിൽ പരീക്ഷണ ഓട്ടം തുടങ്ങും. ഹൈഡ്രജൻ ട്രെയിൻ സ്വന്തമാകുന്ന അഞ്ചാമത്തെ രാജ്യമാകും ഇന്ത്യ. 2025ൽ രാജ്യവ്യാപകമായി 35 ഹൈഡ്രജൻ ട്രെയിനുകൾ ഇറക്കും.
ഹൈഡ്രജൻ ഓക്സിജനുമായി പ്രതിപ്രവർത്തനം നടത്തി വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഫ്യൂവൽ സെല്ലുകളാണ് ഉപയോഗിക്കുന്നത്. തമിഴ്നാട്ടിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് നിർമ്മാണം.
കംപ്രസ്ഡ് ഹൈഡ്രജൻ ലഭ്യമാക്കാൻ സ്വകാര്യ വിതരണക്കാരെയും ആശ്രയിക്കും. സ്വകാര്യ പങ്കാളിത്തത്തോടെ ഹൈഡ്രജൻ ഉത്പാദന – സംഭരണ പ്ലാന്റുകൾ സ്ഥാപിക്കും. ഡീസൽ, ഡെമു ട്രെയിനുകളെ ഹൈഡ്രജൻ ഇന്ധനത്തിലേക്ക് മാറ്റും.
ഒരു ട്രെയിനിന് 80 കോടി
ഒരു ട്രെയിനിൽ ആറ് ബോഗികൾ. ഓരോ ബോഗിയിലും 100കിലോവാട്ട് ഫ്യൂവൽ സെല്ലുകൾ. ട്രെയിൻ പുറംതള്ളുന്നത് നീരാവി മാത്രം. മണിക്കൂറിൽ 140 കിലോമീറ്റർ വേഗത. 80 കോടി നിർമ്മാണച്ചെലവ്. ഹൈഡ്രജൻ ട്രെയിനിനായി ജിന്ദ് – സോനിപത്ത് പാത പരിഷ്‌കരിക്കാൻ 70 കോടി.
മലിനീകരണം ഇല്ല
ഡീസൽ എൻജിന്റെ കാർബൺ, ശബ്ദ മലിനീകരണം ഇല്ല. പരിസ്ഥിതി സൗഹൃദം. ഡീസൽ ട്രെയിനുകൾ ഓടുന്ന പൈതൃക, മലയോര പാതകളിലാവും ഓടിക്കുക. വൈദ്യുതിവൽക്കരണ ചെലവ് ലാഭിക്കാം. 2030ഓടെ സീറോ എമിഷൻ ആണ് റെയിൽവേയുടെ ലക്ഷ്യം. കാലാവസ്ഥാവ്യതിയാനം നേരിടാനുള്ള ഇന്ത്യയുടെ നിർണായക സംഭാവനയാണിത്.
പിന്നിൽ മലയാളിയും
ഹൈഡ്രജൻ അതിമർദ്ദത്തിൽ സംഭരിക്കാനും ട്രെയിനിൽ സുരക്ഷിതമായി നിറയ്ക്കാനുമുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചത് അമേരിക്കയിലെ ഫ്ലൂയിട്രോൺ കമ്പനിയുടെ കൊച്ചി യൂണിറ്റാണ്. ഇരുപതു വർഷമായി യു.എസിൽ ഹൈഡ്രജൻ ഇന്ധനരംഗത്ത് പ്രവർത്തിക്കുന്ന കോട്ടയം പുതുപ്പള്ളി സ്വദേശി തോമസ് ജോസഫാണ് ഫ്ലൂയിട്രോണിന്റെ ചീഫ് ഇന്നവേഷൻ ഓഫീസർ.കമ്പനിയുടെ കോയമ്പത്തൂരിലെ ഫാക്ടറിയിൽ കംപ്രഷൻ സിസ്റ്റവും ഡിസ്പെൻഷൻ സിസ്റ്റവും സജ്ജമായി. ആദ്യ ഹൈഡ്രജൻ ട്രെയിനിന് വേണ്ടി ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷന് സമീപം ഹൈഡ്രജൻ ഫില്ലിംഗ് പ്ലാന്റ് റെയിൽവേ ഒരുക്കും.
ഹൈഡ്രജൻ ട്രെയിൻ
ഓടുന്ന രാജ്യങ്ങൾ
ജർമ്മനി
സ്വീഡൻ
ജപ്പാൻ
ചൈന
Source link