# കരമൊടുക്കാൻ അനുമതിക്ക്
കോടതിയെ സർക്കാർ സമീപിക്കും
തിരുവനന്തപുരം: മുനമ്പത്തെ പ്രശ്നങ്ങൾ വിശദമായി പഠിക്കാൻ ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ കമ്മിഷനായി നിയോഗിക്കാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. മൂന്ന് മാസത്തിനകം കമ്മിഷൻ റിപ്പോർട്ട് നൽകണം. പരിഗണനാ വിഷയങ്ങൾ വൈകാതെ നിശ്ചയിക്കും.
ആരെയും കുടിയിറക്കില്ല. അന്തിമതീരുമാനം വരുംവരെ വഖഫ്ബോർഡ് ആർക്കും നോട്ടീസ് നൽകില്ല. നൽകിയ നോട്ടീസുകളിൽ തുടർ നടപടികൾ നിർത്തിവയ്ക്കും. കരം അടയ്ക്കാൻ ഭൂ ഉടമകൾക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ റിട്ട്പെറ്റീഷൻ നൽകും.
അതേസമയം, മുനമ്പം ഭൂമിയുടെ പേരിൽ വഖഫ് ബോർഡിന് 400 ഏക്കർ സർക്കാർ ഭൂമി നൽകാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് കമ്മിഷൻ രൂപീകരണമെന്ന ഗുരുതര ആരോപണവുമായി മുനമ്പം സമരസമിതി രംഗത്ത് വന്നു.
ആരെയും കുടിയൊഴിപ്പിക്കാതെ ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജുഡിഷ്യൽ കമ്മിഷനെ നിയമിക്കാൻ തീരുമാനിച്ചതെന്ന് യോഗത്തിൽ പങ്കെടുത്ത മന്ത്രിമാരായ പി.രാജീവും കെ.രാജനും വി.അബ്ദുറഹ്മാനും അറിയിച്ചു. സമരം പിൻവലിക്കണമെന്നും അഭ്യർത്ഥിച്ചു.
അവിടെ താമസിക്കുന്നവരുടെ നിയമപരമായ അവകാശം സർക്കാർ സംരക്ഷിക്കും. ഹൈക്കോടതിയിൽ ഒമ്പത് കേസുകളും വഖഫ് ട്രൈബ്യൂണലിൽ രണ്ട് കേസുകളും നിലവിലുണ്ട്. സങ്കീർണമായ വിഷയമായതിനാൽ സർക്കാരിന് ഒറ്റയടിക്ക് തീരുമാനമെടുക്കാനാവില്ല. സമരസമിതിക്കാരുമായും ചർച്ച നടത്തും. നേരത്തെ മുഖ്യമന്ത്രി അവരെ കണ്ടിരുന്നതാണ്. നിയമപരമായ ശാശ്വതപരിഹാരമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രി പി.രാജീവ് വ്യക്തമാക്കി.
മന്ത്രിമാർക്ക് പുറമെ വഖഫ്ബോർഡ് ചെയർമാൻ എം.കെ.സക്കീർ, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ, അഡ്വക്കറ്റ് ജനറൽ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
സമരക്കാരുമായി മുഖ്യമിയുടെ
ഓൺലൈൻ യോഗം ഇന്ന്
തിരുവനന്തപുരം: മുനമ്പത്ത് സമരം ചെയ്യുന്നവരെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അഭിസംഭോധന ചെയ്യും. ഇന്ന് വൈകിട്ട് 4ന് ഓൺലൈനായിട്ടായിരിക്കും യോഗം. ഇന്നലത്തെഉന്നതതലയോഗ തീരുമാനം മുഖ്യമന്ത്രി സമരക്കാരോട് വിശദീകരിക്കും.
സമരം തുടരും
കൊച്ചി: സർക്കാർ തീരുമാനം ചർച്ചചെയ്യാനും സമരപരിപാടികൾ തീരുമാനിക്കാനും ഇന്ന് വൈകിട്ട് അഞ്ചിന് മുനമ്പം വേളാങ്കണ്ണി മാതാ പള്ളിയിൽ സമരസമിതിയുടെ പൊതുയോഗം ചേരും.
ഹൈക്കോടതിയിലെ കേസിൽ, മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന് സർക്കാരും വഖഫ് ബോർഡും സത്യവാങ്മൂലം നൽകിയാൽ അപ്പോൾ തീരുന്ന പ്രശ്നം മാത്രമാണിത്. അതിന് തയ്യാറാകാതെ മുനമ്പത്തെ പാവപ്പെട്ട ജനങ്ങളെ കബളിപ്പിക്കാനുള്ള ഒരു തീരുമാനവും അംഗീകരിക്കില്ലെന്ന് സമര സമിതി വ്യക്തമാക്കി.
`ആരുമായും ആലോചിക്കാതെ ജുഡിഷ്യൽ കമ്മിഷൻ എന്ന തീരുമാനം അടിച്ചേൽപ്പിച്ചതിലൂടെ സർക്കാരിന് ദുരുദ്ദേശ്യം ഉണ്ടെന്ന് വ്യക്തമായി. മുനമ്പത്തെ പാവങ്ങൾക്ക് അർഹതപ്പെട്ട നീതിയാണ് നിഷേധിക്കുന്നത്.
വി.ഡി.സതീശൻ,
പ്രതിപക്ഷ നേതാവ്
.
Source link