മന്ത്രി സജി ചെറിയാൻ രാജി വയ്ക്കേണ്ടതില്ലെന്ന് സി.പി.എം

തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പരാമർശ കേസിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ മന്ത്രി സജി ചെറിയാൻ രാജി വയ്ക്കേണ്ടതില്ലെന്ന് സി.പി.എം. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. കേസ് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി തുടർനടപടികളിലേക്ക് കടക്കും. നിലവിലെ കോടതിവിധി തന്നെ കേൾക്കാതെയാണെന്നുള്ള മന്ത്രിയുടെ വാദവും പാർട്ടി മുഖവിലയ്ക്കെടുത്തു.
ധാർമികത മുൻനിറുത്തി ഒരിക്കൽ മന്ത്രി സ്ഥാനം സജി ചെറിയാൻ രാജി വച്ചതാണെന്നും അത്തരമൊരു സാഹചര്യം നിലവിലില്ലെന്നുമാണ് വിലയിരുത്തൽ. മന്ത്രി പദവിയിലിരുന്ന് അന്വേഷണം നേരിടുന്നതിനെ കോടതി എതിർക്കുന്നില്ല. മന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾക്കെതിരായ അന്വേഷണം ക്രൈംബ്രാഞ്ച് നടത്തട്ടെയെന്ന ഉത്തരവിലൂടെ വ്യക്തമാക്കുന്നത് ഇതാണെന്നാണ് നിരീക്ഷണം.സെക്രട്ടേറിയറ്റംഗമായ മന്ത്രി യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
മന്ത്രിയെ കൂടി കേൾക്കണം
ഭരണഘടന വിരുദ്ധ പരാമർശ കേസിൽ സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് തുടരുന്നതിൽ ധാർമ്മികതയുടെ പ്രശ്നമില്ലെന്ന മന്ത്രി പി. രാജീവ് വ്യക്തമാക്കി. വിഷയത്തിൽ അദ്ദേഹത്തിന്റെ ഭാഗം കൂടി ഹൈക്കോടതി കേൾക്കേണ്ടതായിരുന്നു. ഇതു സംബന്ധിച്ച് നേരത്തെ തന്നെ സുപ്രീംകോടതി ഉത്തരവുകളുണ്ട്. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്ന് സജി ചെറിയാൻ പറയുന്നു.മന്ത്രി സ്ഥാനത്തിരുന്ന് കൊണ്ട് തന്നെ അന്വേഷണം നേരിടാമെന്നും രാജീവ് പറഞ്ഞു.
വയനാട് പുനരധിവാസം: കേന്ദ്ര അവഗണനയ്ക്കെതിരെ എൽ.ഡി.എഫ് പ്രക്ഷോഭം
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്രം കാട്ടുന്ന അവഗണനയ്ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ എൽ.ഡി.എഫ് യോഗം തീരുമാനിച്ചു. ഡിസംബർ 5ന് രാവിലെ 10.30ന് 25000 പ്രവർത്തകർ പങ്കെടുക്കുന്ന രാജ്ഭവൻ മാർച്ച് നടത്തും. അന്ന് ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസ് ഉപരോധിക്കും. ഓരോ ജില്ലയിലും 10000 പേർ പങ്കെടുക്കുമെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രതിപക്ഷവുമായി യോജിച്ചുള്ള സമരത്തിന് എൽ.ഡി.എഫ് ശ്രമിക്കും. യു.ഡി.എഫ് നേതൃത്വവുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കക്ഷിരാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മ വേണമെന്നാണ് എൽ.ഡി.എഫ് നിലപാട്.
ഒന്നിച്ച് നിവേദനം നൽകാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത എം.പിമാരുടെ യോഗം തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നു.
വയനാട്ടിലെ പ്രധാനമന്ത്രിയുടെ സന്ദർശനം പി.ആർ ഇവന്റാക്കി മാറ്റിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സഹായം ലഭിക്കുമെന്നാണ് ഇപ്പോഴും പ്രതീക്ഷക്കുന്നത്. നാനൂറിലേറെപ്പേർ മരിച്ച ദുരന്തമാണ്.ആയിരത്തോളം കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പ് പദ്ധതിക്ക് കേന്ദ്രസഹായം പ്രതീക്ഷിച്ചിരുന്നു. സംസ്ഥാനത്തിനെതിരായ കേന്ദ്രത്തിന്റെ ഉപരോധം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രി സജിചെറിയാന്റേത് നിയമപരമായ പ്രശ്നമാണ്. അതിൽ അന്വേഷണം നടക്കട്ടെ. അതിൽ വരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്ത് നിന്നു ഒരു കുടുംബത്തെപോലും ഒഴിപ്പിക്കാൻ പാടില്ലെന്നാണ് എൽ.ഡി.എഫ് നിലപാട്.
Source link