കുറുവ സംഘം കവർന്ന നൂറിലേറെ പവൻ കോടതിയിൽ കുടുങ്ങി # മുപ്പതു വർഷമായ തൊണ്ടിമുതൽ

പാലക്കാട്: അർദ്ധനഗ്നരായി, മുഖം മറച്ച്, ശരീരമാസകലം എണ്ണയും തേച്ച് കവർച്ചയ്ക്കെത്തുന്ന കുറുവ സംഘങ്ങളിൽ നിന്നു പൊലീസ് വീണ്ടെടുത്ത നൂറിലേറെ പവൻ സ്വർണം മുപ്പതുവർഷമായി പാലക്കാട്ടെ കോടതികളിൽ ‘തൊണ്ടി മുതലായി ’ കെട്ടിക്കിടക്കുന്നു. 1988 മുതൽ 1995 വരെ കുറുവ സംഘങ്ങൾ ഇവിടെ വിഹരിച്ചിരുന്നു.

കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂങ്കിൽമടയിൽവച്ച് അന്നത്തെ എസ്.ഐ ജുബി മാത്യുവും സംഘവും ആറുപേരെ പിടികൂടി. പിടിയിലായ പരുത്തിവീരൻ, മധുരവീരൻ, മലയാളത്താൻ, ഗണേശൻ, ശെൽവപാണ്ടി, സുബ്രഹ്മണ്യൻ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 43 കേസുകൾ രജിസ്റ്റർ ചെയ്തു. 130 പവൻ പിടിച്ചെടുക്കുകയും ചെയ്തു. പ്രതികൾ ജാമ്യത്തിലിറങ്ങി മുങ്ങി.

ഉടമസ്ഥർ കോടതിയെ സമീപിച്ചാൽ സത്യവാങ് മൂലത്തിന്റെ അടിസ്ഥാനത്തിൽ ഉപാധികളോടെ സ്വർണം തിരിച്ചു നൽകാറുണ്ട് . ചിലർക്ക് ലഭിച്ചെങ്കിലും ഭൂരിഭാഗം പേർക്കും കിട്ടിയില്ല. കോടതിയെ സമീപിക്കാത്തതാണോ സർക്കാർ അഭിഭാഷകർ എതിർത്തതാണോ കാരണം എന്ന് വ്യക്തമല്ല. പൊലീസ്ഉദ്യോഗസ്ഥർ പലരും വിരമിച്ചു. കേസ് നടപടികൾ എന്തായെന്ന വിവരം സ്റ്റേഷനുകളിൽ നിന്നു ലഭ്യമല്ല.

 ആദ്യം എത്തിയത് പാലക്കാട്ട്

കേരള – തമിഴ്നാട് അതിർത്തിയും കമ്പം, ബോഡിനായ്ക്കന്നൂർ, കോയമ്പത്തൂർ, മധുര, തഞ്ചാവൂർ എന്നീ സ്ഥലങ്ങളിൽ താവളങ്ങളുള്ള സംഘങ്ങൾ കേരളത്തിൽ ആദ്യം എത്തിയത് പാലക്കാട്ടാണ്. ക്രമേണ കോഴിക്കോട്ടേയ്ക്ക് നീങ്ങി.പിന്നീടാണ് മറ്റുജില്ലകളിലും ഇവർ എത്തിയത്.

`കേരളത്തിലെ സ്ത്രീകൾ വലിപ്പച്ചെറുപ്പമില്ലാതെ, സ്വർണാഭരണങ്ങൾ ധരിക്കുന്നതാണ് ഇവരെ ഇവിടേക്ക് ആകർഷിക്കുന്നത്.’

– പൊലീസിനോട് പ്രതികൾ പറഞ്ഞത്


Source link
Exit mobile version