KERALAMLATEST NEWS

ഗുരുവായൂർ ഏകാദശി ഡിസംബർ 11ന്

ഗുരുവായൂർ: പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഡിസംബർ 11ന് വിവിധ ചടങ്ങുകളോടെ ആഘോഷിക്കും. ഗീതാദിനം കൂടിയായ അന്ന് രാവിലെ ഏഴുമുതൽ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ ഡോ. വി. അച്യുതൻകുട്ടിയുടെ നേതൃത്വത്തിൽ സമ്പൂർണ ശ്രീമദ് ഗീതാപാരായണം നടക്കും. അന്ന് രാവിലെ ആറുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ വി.ഐ.പികൾക്ക് സ്‌പെഷ്യൽ ദർശനം അനുവദിക്കില്ല. ക്ഷേത്രത്തിൽ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവയും ചോറൂൺ കഴിഞ്ഞ കുട്ടികൾക്കുള്ള പ്രത്യേക ദർശനവും ഉണ്ടാകില്ല.

പ്രാദേശികം, സീനിയർ സിറ്റിസൺ വരി രാവിലെ അഞ്ചിന് അവസാനിപ്പിക്കും. രാവിലെ ഒമ്പതിന് ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ എഴുന്നള്ളിപ്പുണ്ടാകും. ഏകാദശി വ്രതം നോറ്റെത്തുന്ന ഭക്തർക്കായുള്ള പ്രസാദ ഊട്ട് രാവിലെ ഒമ്പതിന് തുടങ്ങും. പ്രസാദ ഊട്ടിനുള്ള വരി ഉച്ചയ്ക്ക് രണ്ടിന് അവസാനിപ്പിക്കും. ക്ഷേത്രം അന്നലക്ഷ്മി ഹാൾ, അതിനോട് ചേർന്നുള്ള പന്തൽ, ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് പ്രസാദ ഊട്ട്.

രാവിലെ ശീവേലിക്ക് ഗുരുവായൂർ ശശിമാരാരുടെ നേതൃത്വത്തിൽ മേളവും ഉച്ചയ്ക്ക് കാഴ്ച ശീവേലിക്ക് കുനിശ്ശേരി അനിയൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും അകമ്പടിയാകും. സന്ധ്യയ്ക്ക് ഗുരുവായൂർ ഗോപൻ മാരാരുടെ തായമ്പകയുണ്ടാകും. രാത്രി വിളക്കെഴുന്നള്ളിപ്പിന് കക്കാട് രാജപ്പൻ മാരാരുടെ നേതൃത്വത്തിൽ മേളം അകമ്പടിയാകും.


Source link

Related Articles

Back to top button