KERALAM

മൈഗ്രന്റ് പാസിന് കൈക്കൂലി; അസി.ലേബർ കമ്മിഷണർ വിജിലൻസ് പിടിയിൽ

കൊച്ചി: അമ്പലമേടിലെ ബി.പി.സി.എൽ പ്ലാന്റിൽ തൊഴിലാളികളെ പ്രവേശിപ്പിക്കാനുള്ള മൈഗ്രന്റ് ലൈസൻസിനായി ഉപ കരാറുകാരനിൽനിന്ന് കൈക്കൂലി വാങ്ങിയ സെൻട്രൽ അസിസ്റ്റന്റ് ലേബർ കമ്മീഷണർ വിജിലൻസിന്റെ പിടിയിലായി. കാക്കനാട് ശ്രംസദനിലെ കൊച്ചി സെൻട്രൽ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണറേറ്റ് ഉദ്യോഗസ്ഥൻ ഉത്തർപ്രദേശ് സ്വദേശി അജീത്കുമാറാണ് (32)അറസ്റ്റിലായത്.

പത്ത് തൊഴിലാളികൾക്കായി 20,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. അഴിമതി പരാതികളിൽ സംസ്ഥാന അന്വേഷണ ഏജൻസികൾക്ക് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെയും ഇപ്പോൾ അറസ്റ്റ് ചെയ്യാനാകും. ഇത് പരിഗണിച്ചാണ് എറണാകുളം വിജിലൻസ് സംഘം അന്വേഷണത്തിന് ഇറങ്ങിയത്.

പ്ലാന്റിൽ ഉപകരാറെടുത്ത പരാതിക്കാരൻ ലൈസൻസിനായി സെപ്തംബർ 18ന് റീജിയണൽ ലേബർ കമ്മിഷണർ ഓഫീസിൽ ഓൺലൈനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ ലൈസൻസ് അനുവദിച്ചില്ല. തുടർന്ന് അസിസ്റ്റന്റ് ലേബർ കമ്മീഷണറെ പലതവണ കണ്ടു. ഇതിനിടെയാണ് ആൾക്കൊന്നിന് ആയിരം രൂപവീതം കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് കരാറുകാരൻ എറണാകുളം വിജിലൻസ് എസ്.പി എസ്. ശശിധരന് പരാതി നൽകി.

ഇന്നലെ വിജിലൻസിന്റെ നിർദ്ദേശപ്രകാരം കരാറുകാരൻ രാവിലെ ഓഫീസിലെത്തി അജീത്കുമാറിന് ആവശ്യപ്പെട്ട പണം കൈമാറി. പിന്നാലെ വിജിലൻസ് ഉദ്യോഗസ്ഥരെത്തി കൈയോടെ പിടികൂടുകയായിരുന്നു.

രാവിലെ ഓഫീസിലും അജീത്കുമാറിന്റെ വീട്ടിലും ഒരേസമയം പരിശോധന നടന്നു. വീട്ടിൽനിന്ന് രണ്ടുലക്ഷം രൂപയും 30 പവനും പിടിച്ചെടുത്തു. വിജിലൻസ് പരിശോധനയ്ക്കെത്തുമ്പോൾ ഇടനിലക്കാരെന്ന് സംശയിക്കുന്ന യുവതിയും യുവാവും ഇയാളുടെ മുറിയിലുണ്ടായിരുന്നെങ്കിലും മുങ്ങി.പ്രതിയെ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഒന്നിലധികം പരാതികൾ ഇയാൾക്കെതിരെ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.


Source link

Related Articles

Back to top button