തിരുവനന്തപുരം: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ പാർക്കിംഗിലേക്ക് യുവാവിനെ വിളിച്ചുവരുത്തി ഗുണ്ടകളെ വച്ച് മർദ്ദിച്ച് അരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഡിവൈ.എസ്.പി വി.ഹംസയെ ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തു.
നടക്കാവ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിൽ മൂന്നാം പ്രതിയാണ് ഹംസ. മറ്റ് നിരവധി ക്രിമിനൽ കേസുകളിൽ അന്വേഷണം നേരിടുന്നുമുണ്ട്. അനധികൃത സ്വത്ത് കേസിലും പ്രതിയാണ്.
സെപ്തംബർ 20നാണ് പരാതിക്കാരനായ നവീനെ മൂന്നു പ്രതികൾ ചേർന്ന് മർദ്ദിച്ചത്. അന്ന് വൈകിട്ട് മറ്റ് പ്രതികൾ നവീനെ ഭീഷണിപ്പെടുത്തി 50,000 രൂപ തട്ടിയെടുത്തു. 21ന് വൈകിട്ട് 7ന് പാർക്കിംഗിൽ ഗുണ്ടകൾ ഒത്തുകൂടിയപ്പോൾ ഡിവൈ.എസ്.പി അവിടെ കാറിൽ ഉണ്ടായിരുന്നു. നവീനെ ബി.ജെ.പി നേതാക്കൾക്കെതിരേ മൊഴി നൽകാൻ നിർബന്ധിച്ചെന്നതടക്കം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച പരാതിയിലാണ് കേസെടുത്തത്.
മുതിർന്ന ഉദ്യോഗസ്ഥനായ ഹംസയുടെ ഭാഗത്ത് ഗുരുതര കൃത്യവിലോപവും പെരുമാറ്റദൂഷ്യവുമുണ്ടായെന്നും നിരവധി അന്വേഷണങ്ങൾ നേരിടുന്ന സ്ഥിരം കുറ്റവാളിയായ ഇയാൾ സേനയ്ക്ക് കളങ്കമാണെന്നും ഡിജിപി സർക്കാരിനെ അറിയിച്ചു. സസ്പെൻഷനും ശക്തമായ മറ്റ് നടപടികളും എടുക്കാനും ശുപാർശ ചെയ്തു. ഹംസ ഗുരുതരമായ പെരുമാറ്റദൂഷ്യവും അച്ചടക്ക ലംഘനവും അധികാര ദുർവിനിയോഗവും കാട്ടിയതായി സർക്കാരിന്റെ അന്വേഷണത്തിലും കണ്ടെത്തി.
സസ്പെൻഷന് പുറമെ വകുപ്പുതല അന്വേഷണത്തിന് സമിതിയെ നിയോഗിക്കാനും ഡിജിപിയോട് സർക്കാർ നിർദ്ദേശിച്ചു.
Source link