ഇംഫാൽ ∙ ക്രമസമാധാനപ്രശ്നത്തെ കലാപമാക്കി മാറ്റിയതിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിന് പങ്കുണ്ടെന്ന് അദ്ദേഹത്തിന്റെ കഴിഞ്ഞ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയും മണിപ്പുർ മുൻ ഡിജിപിയുമായ വൈ.ജൊയ്കുമാർ സിങ് ആരോപിച്ചു. ബിരേൻ സിങ്ങിനെ സംരക്ഷിക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്നും എൻപിപിയുടെ ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ ജൊയ്കുമാർ പറഞ്ഞു.
ജൊയ്കുമാർ
സിങ്
ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ ഏതാനും ദിവസം മുൻപ് എൻപിപി പിൻവലിച്ചിരുന്നു. ‘മനോരമ’യുമായുള്ള അഭിമുഖത്തിൽനിന്ന്
Q മുഖ്യമന്ത്രിക്കു പറ്റിയ പിഴവെന്താണ് ?A മെയ്തെയ്കൾക്കു പട്ടികവർഗ പദവി നൽകുന്നതു സംബന്ധിച്ചുള്ള കോടതി നിർദേശത്തെത്തുടർന്നു കുക്കി മേഖലകളിലെ പ്രതിഷേധത്തെയും അക്രമത്തെയും തടയാൻ സർക്കാർ ശ്രമിച്ചില്ല. വ്യാജവാർത്തകൾ പരന്നത് കുക്കികളുടെ കൂട്ടക്കൊലയ്ക്കു കാരണമായി. ഇതു തടയുന്നതിനു പകരം പൊലീസിന്റെ ആയുധപ്പുര തീവ്ര മെയ്തെയ് സംഘടനയായ ആരംഭായ് തെംഗോലിനു തുറന്നുകൊടുക്കുകയാണു ചെയ്തത്.
Q ആരംഭായ് തെംഗോലും ബിരേൻ സിങ്ങും തമ്മിലുള്ള ബന്ധം എന്താണ് ?A സംഘടനയുടെ സ്ഥാപകരിൽ ഒരാളാണ് ബിരേൻ സിങ്. നാളെ ബിജെപി കേന്ദ്ര നേതൃത്വം കൈയൊഴിഞ്ഞാൽ അതിനെ ചെറുക്കാൻ കൂടിയാണു ബിരേനും കൂട്ടരും ആരംഭായ് തെംഗോൽ സ്ഥാപിച്ചത്. സ്വകാര്യ ഭീകരസേനയായി അതു മാറി.
Q എന്തുകൊണ്ടാണ് ജനക്കൂട്ടം മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീട് ആക്രമിക്കുന്നത് ?A ബിരേൻ സിങ്ങിന്റെ തനിനിറം ജനം മനസ്സിലാക്കി. അതിനെതിരേയുള്ള പ്രതിഷേധമാണിത്.
Q ജിരിബാമിൽ ഒരു കുടുംബത്തിലെ 3 കുട്ടികളെയും 3 സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ഒഴിവാക്കാമായിരുന്നില്ലേ ?A തട്ടിക്കൊണ്ടുപോയവരുമായി ചർച്ച നടത്തി അവരെ മോചിപ്പിക്കണമായിരുന്നു. അസം റൈഫിൾസിനു പതിറ്റാണ്ടുകളായി കുക്കി-മാർ ഗോത്രങ്ങളുമായി അടുപ്പമുണ്ട്. ഇവരെ ഉപയോഗിച്ചായിരുന്നു ചർച്ച നടത്തേണ്ടിയിരുന്നത്. സർക്കാർ അതു ചെയ്തില്ല.
Q മണിപ്പുർ കലാപപരിഹാരം മുന്നണിയിൽ ചർച്ച ചെയ്യുമായിരുന്നോ ?A കലാപം കഴിഞ്ഞുള്ള ആദ്യ യോഗത്തിൽ പോലും ഞങ്ങളെ വിളിച്ചില്ല. ബിരേനെ എതിർക്കുന്നവരെ ആരംഭായ് തെംഗോൽ ആക്രമിക്കും. അദ്ദേഹത്തെ വിമർശിച്ച കോൺഗ്രസ് പ്രസിഡന്റുകൂടിയായ മേഘചന്ദ്ര എംഎൽഎയെ അവർ മർദിച്ചു.
Q ഇത്ര പ്രശ്നങ്ങളുണ്ടായിട്ടും എന്തുകൊണ്ട് ബിരേൻ സിങ്ങിനെ മാറ്റുന്നില്ല ?A ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ബിരേൻ സിങ്ങിനെ സംരക്ഷിക്കുന്നത്.
Source link