KERALAM

ആസൂത്രണ ബോർഡ് അനുമതി നൽകി ശബരി പാതയ്ക്ക് ബഡ്ജറ്റിൽ പണം

തിരുവനന്തപുരം: ആറ് ജില്ലകളുടെ വികസനത്തിന് ഉതകുന്ന അങ്കമാലി-എരുമേലി ശബരിപാതയ്ക്ക് സംസ്ഥാന ബഡ്ജറ്റിൽ പണം നീക്കിവയ്ക്കും. പദ്ധതിചെലവായ 3800.94കോടി രൂപയിൽ 1900.47കോടിയാണ് കേരളം മുടക്കേണ്ടത്. അഞ്ചോ പത്തോ വർഷം കൊണ്ട് ഗഡുക്കളായി റെയിൽവേയ്ക്ക് പണംനൽകിയാൽ മതിയാവും. ബഡ്ജറ്റിൽ പണം വകയിരുത്താൻ ആസൂത്രണബോർഡ് അംഗീകാരം നൽകി. ഭാവിയിൽ വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള ചരക്കുനീക്കത്തിൽ നിർണായകമാവുന്ന ശബരിപാത യാഥാർത്ഥ്യമാക്കേണ്ടത് അനിവാര്യമാണെന്ന് ആസൂത്രണബോർഡ് വിലയിരുത്തി.

കിഫ്ബിയിൽ നിന്ന് പണമെടുത്താൽ, അത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്നൊഴിവാക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം മറുപടി നൽകിയില്ല. കേന്ദ്രബഡ്‌ജറ്റിൽ അടിസ്ഥാനസൗകര്യ വികസനത്തിന് പ്രഖ്യാപിച്ച ഒന്നരലക്ഷം കോടിയുടെ വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്താനും കേന്ദ്രം താത്പര്യം കാട്ടുന്നില്ല. ഒരു വർഷം ചെലവഴിക്കാനാവുന്ന പണം മാത്രമേ ഇതിൽ ഉൾപ്പെടുത്താനാവൂ എന്നാണ് കേന്ദ്ര നിലപാട്. അതിനാലാണ് ബഡ്ജറ്റ് വിഹിതമായി പണം അനുവദിക്കാനുള്ള തീരുമാനം.

1997-98ൽ പ്രഖ്യാപിച്ച, 111കി.മീ പാതയിൽ ഏഴു കിലോമീറ്റർ റെയിലും ഒരുപാലവും നിർമ്മിച്ച് പാതിവഴിയിലിട്ടിരിക്കുകയാണ്.

കരാറിന്റെ കരട് റെയിൽവേ കൈമാറിയിട്ടുണ്ട്. പകുതിച്ചെലവ് നൽകാമെന്ന് കേന്ദ്രവും സംസ്ഥാനവും റിസർവ്ബാങ്കുമായി കരാറൊപ്പിടണം. കേരളം പണം നൽകിയില്ലെങ്കിൽ വിവിധ സ്കീമുകളിലൂടെ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുവദിക്കുന്ന വിഹിതത്തിൽ കുറവുചെയ്യുമെന്നതാണ് കരാറിലെ ഉപാധി. ത്രികക്ഷികരാറിന് തയ്യാറാണെന്നും ഏതുവിധേനയും ശബരിപാത യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി വി.അബ്ദുറഹിമാൻ ‘കേരളകൗമുദി’യോട് പറഞ്ഞു.

തുറമുഖത്തിന്

റെയിൽ ഇടനാഴി

1.എറണാകുളം, ഇടുക്കി,കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഗതാഗത സൗകര്യമേറും. റെയിൽവേ കണക്ടിവിറ്റിയില്ലാത്ത മലയോരമേഖലകളിലേക്കും ഇടുക്കിയിലേക്കും റെയിലെത്തും.

2.പുനലൂരുമായി ബന്ധിപ്പിച്ചാൽ ചെങ്കോട്ടവഴി തമിഴ്നാട്ടിലേക്കുള്ള പാതയാവും. വിഴിഞ്ഞത്തേക്ക് നീട്ടിയാൽ തുറമുഖത്തേക്കുള്ള ഇടനാഴിയാക്കാം.

4800കോടി

അങ്കമാലി-എരുമേലി പാത വിഴിഞ്ഞത്തേക്ക് നീട്ടാനുള്ള ചെലവ്

`സർക്കാരിന്റെ മുൻഗണന അങ്കമാലി-എരുമേലി പദ്ധതിക്കാണ്. മന്ത്രിസഭാ തീരുമാനമുണ്ടായാൽ കരാറൊപ്പിടാം’

-വി.അബ്ദുറഹിമാൻ,

മന്ത്രി


Source link

Related Articles

Back to top button