KERALAM

കർണാടകയിൽ കേസുകൾ വർദ്ധിക്കുന്നു, ഡെങ്കിയുടെ മൂന്നാം തരം: കേരളത്തിൽ മാറ്റമുണ്ടാകില്ലെന്ന് ആരോഗ്യവിദഗ്ദ്ധർ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 23 മാസമായി ഡെങ്കിപ്പനി കേസുകൾ ക്രമാനുഗതമായി വർദ്ധിക്കുന്നു. സാധാരണ ഏപ്രിൽ,മേയ്,ജൂൺ മാസങ്ങളിലാണ് ഡെങ്കിപ്പനി ബാധിതർ വർദ്ധിക്കുന്നത്. എന്നാൽ രണ്ടു വർഷത്തോളം തുടർച്ചയായി നീളുന്ന രോഗവ്യാപനത്തിന് പ്രധാന കാരണം മൂന്നാം തരം (ഡെങ്കി ടൈപ്പ് 3) ഡെങ്കിയുടെ സാന്നിദ്ധ്യമാണെന്നാണ് വിദഗ്ദ്ധാഭിപ്രായം.

കർണാടകയിൽ ഡെങ്കി കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്നതായും ഇതിനു കാരണം ഡെങ്കിയുടെ മൂന്നാം തരമാണെന്നും പഠന റിപ്പോർട്ടുകളുണ്ട്. അതിനാൽ കേരളത്തിലും മാറ്റമുണ്ടാകില്ലെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

2023 ജനുവരി മുതൽ വ്യാപനം ശക്തമായതോടെ 2022നെക്കാൾ അഞ്ചിരട്ടിയിലധികം ഡെങ്കി കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം ഇതുവരെ 71,461 ഡെങ്കികേസുകളാണുണ്ടായത്. 129 മരണങ്ങളും. 2022ൽ ആകെ 17,823 ഡെങ്കിപ്പനി ബാധിതരാണ് സംസ്ഥാനത്തുണ്ടായിരുന്നത്. 69 മരണങ്ങളുമുണ്ടായി. 2023ൽ ഇത് 50,328 ആയി ഉയർന്നു. മരണം 159. കേരളത്തിൽ രണ്ടാംതരം ഡെങ്കിയാണ് സാധാരണയായിട്ടുള്ളത്.

ഡെങ്കിയുടെ ഒന്നാംതരം വ്യാപകമായപ്പോഴാണ് 2017ൽ കേസുകൾ കുത്തനെ ഉയർന്നത്. സമാനമായ സാഹചര്യമാണ് ഇപ്പോൾ. ഡെങ്കിയുടെ നാലാം തരമാണ് ഇനി അവശേഷിക്കുന്നത്. ഓരോ തരം ഡെങ്കി വൈറസുകളും ബാധിച്ചാൽ ജീവിതകാലം മുഴുവൻ അതിന്റെ പ്രതിരോധ ശേഷിയുണ്ടാകുമെന്നാണ് കണ്ടെത്തൽ. കേരളത്തിൽ ഭൂരിഭാഗം പേരും ഒന്ന്, രണ്ട് തരം ഡെങ്കിവൈറസുകൾ ബാധിച്ച് പ്രതിരോധം ആർജിക്കുമ്പോഴാണ് പുതിയ വൈറസ് ബാധിക്കുന്നത്.

ഡെങ്കി ആവർത്തിക്കുന്നത് ആരോഗ്യം അപകടത്തിലാക്കും. പ്രതിരോധശേഷി കുറഞ്ഞവരിൽ ഇത് മരണത്തിന് കാരണമാകും. പ്രമേഹം,രക്താതിമർദ്ദ, ഹൃദ്രോഗം,വൃക്ക രോഗം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവർ, പ്രായമായവർ,ഗർഭിണികൾ,കുഞ്ഞുങ്ങൾ,രോഗ പ്രതിരോധശേഷി കുറവുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.


കേസുകളിൽ വർദ്ധനവുണ്ട്. എന്നാൽ പ്രതിരോധ സംവിധാനങ്ങൾ ഫലം കണ്ടതിന്റെ തെളിവാണ് ഒരുമിച്ച് രോഗികളുടെ എണ്ണം വർദ്ധിക്കാത്തത്. ചികിത്സാ സംവിധാനങ്ങൾ ശക്തമായതിനാൽ മരണവും വർദ്ധിച്ചില്ല.

-ഡോ.അനീഷ്.ടി.എസ്

കമ്മ്യൂണിറ്റി മെഡിസിൻ

മെഡിക്കൽ വിദ്യാഭ്യാസവകുപ്പ്

ഡെങ്കിയുടെ കുതിപ്പ്

2022 ജനുവരി – ഡിസംബർ…………….17,823

2023 ജനുവരി………………………………….1,458

2023 ജൂൺ………………………………………14,034

2023 ഡിസംബർ………………………………59,288

2024 ജനുവരി………………………………..5,207

2024 ജൂൺ……………………………………29,270

2024 നവംബർ (ഇതുവരെ)………….71,461


Source link

Related Articles

Back to top button