സിപിഎം സജി ചെറിയാനൊപ്പം, രാജി വേണ്ട, ഒരിക്കൽ ധാർമ്മികത മുൻനിർത്തി രാജിവച്ചിരുന്നെന്ന് പാർട്ടി
തിരുവനന്തപുരം: ഭരണഘടനാ നിന്ദ കേസിൽ മന്ത്രി സജി ചെറിയാൻ രാജി വയ്‌ക്കേണ്ടെന്ന് സിപിഎം. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സമിതിയാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. ഒരിക്കൽ ധാർമ്മികത മുൻനിർത്തി സജി ചെറിയാൻ രാജിവച്ചതാണെന്നും അതിനാൽ അതേവിഷയത്തിൽ രണ്ട് തവണ രാജി വേണ്ടെന്നുമാണ് പാർട്ടി നിലപാട്. ഇതേനിലപാട് തന്നെയാണ് കഴിഞ്ഞദിവസം മന്ത്രിയും സ്വീകരിച്ചത്. കേസിൽ സ്വതന്ത്രമായ അന്വേഷണം നടക്കട്ടെ. കേസിലെ നിയമപരമായ കാര്യങ്ങൾ സംബന്ധിച്ച് എജിയിൽ നിന്ന് ഇക്കാര്യത്തിൽ നിയമോപദേശം തേടുമെന്നാണ് മന്ത്രി പറഞ്ഞത്.
സജി ചെറിയാന്റെ ഭാഗം കേട്ടില്ലെന്ന അദ്ദേഹത്തിന്റെ വാദം ശരിയാണെന്നാണ് പാർട്ടി നിലപാട്. മന്ത്രിസ്ഥാനത്തിരിക്കുന്ന ആളാണെങ്കിലും അന്വേഷണം വേണം എന്ന് ഹൈക്കോടതി പറയുമ്പോൾതന്നെ അദ്ദേഹത്തിന്റെ മന്ത്രി സ്ഥാനത്തെ കോടതി ചോദ്യം ചെയ്‌തിട്ടില്ല. സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥയിൽ സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് കോടതി വിശ്വാസം അർപ്പിച്ചിട്ടുമുണ്ട് എന്നാണ് സിപിഎം വ്യക്തമാക്കുന്നത്. അതിനാൽ തന്നെ മന്ത്രിസ്ഥാനം സജി ചെറിയാൻ രാജിവയ്‌ക്കേണ്ട എന്നാണ് പാർട്ടി നിലപാട്.
എന്നാൽ ഉത്തരവ് പഠിച്ച് നിയമനടപടിയുമായി മേൽക്കോടതിയെ സമീപിക്കുമെന്നാണ് സജി ചെറിയാൻ കഴിഞ്ഞദിവസം പറഞ്ഞത്. പൊലീസ് അന്വേഷിക്കാത്ത ചില ഭാഗങ്ങളുണ്ട്. അതും അന്വേഷിക്കണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളതെന്നും സജി ചെറിയാൻ വ്യക്തമാക്കി.
ഭരണഘടനാവിരുദ്ധ പരാമർശത്തിന്റെയും ഹൈക്കോടതി വിധിയുടെയും പശ്ചാത്തലത്തിൽ സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കഴിഞ്ഞദിവസം ആവശ്യപ്പെട്ടത്. സജി മന്ത്രി സ്ഥാനത്ത് തുടരവേ പൊലീസ് നൽകിയ റിപ്പോർട്ട് സ്വീകാര്യമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഭരണഘടനയെ അപമാനിച്ച സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുത്തതിലൂടെ തെറ്റായ നടപടിയാണ് മുഖ്യമന്ത്രി ചെയ്തത്. മന്ത്രിസഭാ പുനപ്രവേശം തെറ്റായിരുന്നെന്ന പ്രതിപക്ഷ നിലപാട് ഒന്നുകൂടി അടിവരയിടുന്നതാണ് ഹൈക്കോടതി വിധിയെന്നാണ് വി.ഡി സതീശൻ പറഞ്ഞത്. സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവയ്‌ക്കണം എന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരനും ഇന്ന് ആവശ്യപ്പെട്ടത്.
Source link