പാലക്കാട് മദ്യപൻ ഓടിച്ച കാർ രണ്ട് പേരെ ഇടിച്ചുതെറിപ്പിച്ചു: വയോധികർക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് കൊടുവായൂരിൽ മദ്യപൻ ഓടിച്ച കാറിടിച്ച് രണ്ട് വയോധികർ മരിച്ചു. റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കാർ ഓടിച്ച എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി മേനോനെ (45)​ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാർ അമിത വേഗത്തിലായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽപ്പെട്ടത് ഒരു സ്ത്രീയും പുരുഷനുമാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പുതുനഗരം ഭാഗത്ത് നിന്ന് കൊടുവായൂരിലേക്ക് വരികയായിരുന്ന കാറാണ് വയോധികരെ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് പേരും ദൂരത്തേക്ക് തെറിച്ചുവീണു. ഇവരെ ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനം ഓടിച്ചയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. വൈദ്യപരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ചയാൾ തമിഴ്നാട് സ്വദേശികളാണെന്നാണ് സൂചന.


Source link
Exit mobile version