ഉത്തർപ്രദേശിലെ വാരാണസിയിലെ ഏറ്റവും പഴക്കം ചെന്ന ശിവക്ഷേത്രങ്ങളിലൊന്നാണ് കാലഭൈരവ ക്ഷേത്രം. വിശ്വേശ്വരർഗഞ്ചിലെ അഥവാ വാരാണസി ഭരോനാഥിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുണ്ട്; പ്രത്യേകിച്ച് പ്രദേശ വാസികൾക്കിടയിൽ. ശിവന്റെ ഒരു പ്രചണ്ഡമായ രൂപമാണ് കാലഭൈരവൻ. വിനാശകാരിയായ അല്ലെങ്കിൽ വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമാണ് കാലഭൈരവൻ എന്നാണ് വിശ്വാസം. ശരീരത്തിൽ സർപ്പങ്ങളെയും, കപാലമാലയും ആഭരണമായ് അണിഞ്ഞിരിക്കുന്നു. നായയാണ് കാലഭൈരവന്റെ വാഹനം.
കാലഭൈരവൻ, അസിതാംഗഭൈരവൻ, സംഹാരഭൈരവൻ, രുരുഭൈരവൻ, ക്രോധഭൈരവൻ, കപാലഭൈരവൻ, രുദ്രഭൈരവൻ, ഉൻമത്തഭൈരവൻ എന്നിങ്ങനെ ശിവന്റെ ഉഗ്രരൂപങ്ങളായ എട്ട് ഭൈരവന്മാരിൽ ഒന്നാണ് കാലഭൈരവൻ. കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാലഭൈരവനെ ആരാധിക്കുന്നു. പ്രപഞ്ചത്തിന്റെ സമയത്തിന്റെ മുന്നോട്ടുള്ള പ്രയാണം നിർണയിക്കുന്നവനാണ് ഭൈരവൻ. സമയം വൃഥാ ചെലവഴിക്കുന്ന പ്രവണത അവസാനിപ്പിക്കാനും ബുദ്ധിപൂർവം വിനിയോഗിച്ചു ജീവിതം വിജയപ്രദമാക്കാനും ഭൈരവമൂർത്തിയുടെ അനുഗ്രഹത്തിനായി പ്രാർഥിക്കാം.
ഐതിഹ്യംഒരിക്കൽ ബ്രഹ്മാവിനും മഹാവിഷ്ണുവിനും ശിവനും ഇടയിൽ ആരാണ് കൂടുതൽ ശ്രേഷ്ഠൻ എന്ന കാര്യത്തിൽ തർക്കം വന്നു. പ്രശ്നപരിഹാരത്തിനായി ശിവന്റെ നേതൃത്വത്തിൽ ഒരു സഭ ചേർന്നു. മഹാമുനിമാരും ഋഷിമാരും സിദ്ധന്മാരും ജ്ഞാനികളും സഭയിൽ സന്നിഹിതരുമായിരുന്നു. സഭയുടെ തീരുമാനങ്ങൾ എല്ലാവരും അനുസരിക്കണമെന്ന നിബന്ധനവച്ചു. ശിവനാണ് ഏറ്റവും ശ്രേഷ്ഠനെന്ന് എല്ലാവരും അംഗീകരിച്ചു. ബ്രഹ്മാവ് മാത്രം വഴങ്ങിയില്ല. തർക്കങ്ങൾക്കൊടുവിൽ ബ്രഹ്മാവ് ശിവനെ അപമാനിച്ചു. കോപിഷ്ഠനായ ശിവൻ ബ്രഹ്മാവിന്റെ അഞ്ചു തലകളിൽ ഒന്ന് വെട്ടിമാറ്റി.
കലിയടങ്ങാതെ ശിവൻ ഉഗ്രമായ പ്രളയ രൂപത്തിൽ പ്രത്യക്ഷനായി. പ്രളയത്തിൽ മൂന്നു ലോകങ്ങളും നടുങ്ങി വിറയ്ക്കാൻ തുടങ്ങി. പ്രളയത്തിനിടയിൽ ഉഗ്രരൂപമായ ഭൈരവന്റെ രൂപം കറുത്ത പട്ടിയുടെ മുതുകിലിരുന്നു വരുന്നതും പ്രത്യക്ഷമായി. പാപികളെ ശിക്ഷിക്കുവാൻ കയ്യിൽ ദണ്ഡുമായി വന്ന ഭൈരവൻ ദണ്ഡപാണിയെന്നും അറിയപ്പെട്ടു. ഉഗ്രരൂപമായ ഭൈരവനെ കണ്ട് ആരാണ് കൂടുതൽ ശക്തിമാനെന്ന സംശയം തീരുകയും ബ്രഹ്മാവ് ഭയന്നുപോകുകയും തന്റെ തെറ്റിന് ക്ഷമ ചോദിക്കുകയും ചെയ്തു. അപ്രതീക്ഷിത സംഭവങ്ങളിൽ പരിഭ്രാന്തിയിലായ മറ്റു ദേവതകൾ പരമശിവനോടും ഭൈരവനോടും ക്ഷമ ചോദിക്കുകയും തെറ്റ് പൊറുക്കുവാൻ ആപേക്ഷിക്കുകയും ചെയ്തു.
ഇതോടെ ശാന്ത സ്വരൂപം കൈക്കൊണ്ട ശിവൻ ബ്രഹ്മാവിന്റെ അഞ്ചാം തല യഥാസ്ഥാനത്ത് തന്നെ പുനസ്ഥാപിക്കുകയും ബ്രഹ്മാവിനോട് പൊറുക്കുകയും ചെയ്തു. അങ്ങനെയുണ്ടായതാണ് ശിവന്റെ ഭൈരവ അവതാരം എന്നാണ് ഐതിഹ്യം. നവഗ്രഹങ്ങളെയും പന്ത്രണ്ട് രാശികളെയും അഷ്ടദിക്പാലകരെയും തന്നിലാക്കിയ മൂർത്തീ ഭാവമാണ് ഭൈരവന്റേത്. ഭൈരവനെ വണങ്ങിയാൽ സകല ദോഷങ്ങളിൽ നിന്നും മോചനം നേടാം. ഭൈരവ ഉപാസകാരെ ശനീശ്വരൻ ഒരു രീതിയിലും ഉപദ്രവിക്കാറില്ല. ഭൈരവന് 64 മൂർത്തീ ഭാവങ്ങളുണ്ട്. കാശിയിൽ കാലചക്രത്തെ നിയന്ത്രിക്കുന്ന ഭൈരവമൂർത്തി കാലഭൈവരനായി വാണരുളുന്നു.
ഓം ദിഗംബരായ വിദ് മഹേദീർഘദർശനായ ധീമഹിതന്വോ ഭൈരവഃ പ്രചോദയാത്
ഈ ഭൈരവഗായത്രി സദാ ജപിക്കുന്നവർക്ക് ജിവിതം എല്ലാ അർഥത്തിലും സുരക്ഷിതമായിരിക്കും. മഹാദേവന്റെ ഭയാനകമായ ക്രോധഭാവമാണ് കാലഭൈരവൻ.കാലഭൈരവനെ ആരാധിക്കുന്ന സന്യാസി സമൂഹമാണ് അഘോരികൾ. മറ്റു സന്യാസി സമൂഹത്തിന്റെ ആരാധനാ ക്രമങ്ങളല്ല അഘോരികളുടേത്. അഘോരി എന്നാണ് ശിവന്റെ പഞ്ചമുഖങ്ങളിൽ ഒന്നിന്റെ നാമവും.
ഭൈരവ സങ്കല്പംപരമശിവന്റെ ഏറ്റവും ഭയം ജനിപ്പിക്കുന്ന ഭാവമാണ് ഭൈരവ മൂർത്തി. ഭീഷണം, ‘ഭയാജനകം’ എന്നൊക്കെയാണ് ഭൈരവൻ എന്ന പദത്തിന്റെ അർഥം. അമ്പലങ്ങളുടെ സംരക്ഷകനാകയാൽ കാലഭൈരവനെ ക്ഷേത്രപാലകനെന്നും പറയുന്നു. യാത്ര പുറപ്പെടും മുമ്പ് ഭൈരവനെ പ്രാർഥിക്കണമെന്ന് സിദ്ധൻമാർ അനുശാസിക്കാറുണ്ട്. ശനീശ്വരന്റെ ഗുരുവാണ് കാലഭൈരവ മൂർത്തി.
കാലഭൈരവ ജയന്തിമാർഗശീർഷ കൃഷ്ണപക്ഷ അഷ്ടമി ദിവസം ശിവൻ ഭൈരവന്റെ രൂപത്തിൽ അവതാരമെടുത്തു എന്നാണ് ഐതിഹ്യം. അന്നാണ് കാലഭൈരവ ജയന്തി, അല്ലെങ്കിൽ കാല അഷ്ടമിയായി ആചരിക്കുന്നത്. എല്ലാ മാസങ്ങളിലുമുള്ള കൃഷ്ണപക്ഷ അഷ്ടമി ദിവസങ്ങളിലും ഭൈരവ ജയന്തി പൂജ നടത്തക്കുമെങ്കിലും ഭൈരവജയന്തി ദിവസം നടക്കുന്ന പൂജകൾക്കും ചടങ്ങുകൾക്കും വളരെയധികം പ്രാധാന്യമുണ്ട്. ഈ വർഷത്തെ കാലഭൈരവ ജയന്തി നവംബർ 23ന് ശനിയാഴ്ചയാണ്.
ഉഗ്രരൂപിയായ കാലത്തിന്റെ അധിപനായ ശിവ ഭഗവാനെ, ദണ്ഡപാണിയായ കാലഭൈരവരൂപത്തിൽ ഈ ദിവസം ഉപാസന ചെയ്ത് ആരാധിച്ചാൽ എല്ലാവിധ കഷ്ട നഷ്ടങ്ങളിൽ നിന്നു മോചനവും ദുഷ്ട ശക്തികളിൽ നിന്നുള്ള ദൃഷ്ടിയും പെടാതെ ജീവിതം ഐശ്വര്യ പൂർണമായിരിക്കുമെന്നാണ് വിശ്വാസം. അന്നേ ദിവസം വ്രതമെടുത്ത് രാത്രിയിൽ ഉണർന്നിരുന്ന് ഭോലെ നാഥ് സ്തോത്രവും ഭജനയും ശംഖു വിളികളും ശിവപാർവതി പൂജയും ഭൈരവ ഉല്പത്തികഥകളും കേൾക്കണമെന്നാണ് വിശ്വാസം.
അതിരാവിലെ ഉണർന്ന് പുണ്യ നദികളിൽ സ്നാനം ചെയ്ത് പിതൃതർപ്പണം ചെയ്യുകയും ഭൈരവ ഭഗവാന്റെ വാഹനമായ നായയ്ക്ക് ഭക്ഷണം കൊടുക്കുകയും ചെയ്യുകയെന്നുള്ളതും ഈ ദിവസത്തിലെ ആചാരങ്ങളാണ്. ശുദ്ധമായ മനസ്സോടു കൂടി കാലഭൈരവ പൂജ ചെയ്യുന്നവർക്ക് രോഗ ശാന്തിയടക്കമുള്ള ഫല പ്രാപ്തി നിശ്ചയമാണ്.
ഇന്ത്യയിൽ പ്രശസ്തമായ തൊണ്ണൂറ്റിയാറോളം കാലഭൈരവ ക്ഷേത്രങ്ങൾ ഉണ്ടെന്നാണ് കണക്ക്. അതിൽ ഏറ്റവും കൂടുതലുള്ളത് തമിഴ്നാട്ടിലാണ്. ഇരുപതെണ്ണം. ഇന്ത്യയ്ക്ക് പുറമെ നേപ്പാളിൽ പതിനാറു കാലഭൈരവ ക്ഷേത്രങ്ങളും അമേരിക്ക, മൗറീഷ്യസ്, സിംഗപൂർ, ഇന്തോനീഷ്യ എന്നീ രാജ്യങ്ങളിലും കാലഭൈരവ ക്ഷേത്രമുണ്ട്.
മരിച്ചുപോയ പൂർവികരുടെ അഥവാ പിതൃക്കളുടെ ആത്മശാന്തിക്കായി കാലഭൈരവ ക്ഷേത്രങ്ങളിൽ മഹാലയ അമാവാസിയിൽ നടക്കുന്ന പൂജയാണ് കാലഭൈരവ ശാന്തി. രാവിലെ 5 മുതൽ 1.30 വരെയും വൈകിട്ട് 4.30 മുതൽ 9.30 വരെയുമാണ് ദർശന സമയം. ഞായറാഴ്ചയും ചൊവ്വാഴ്ചയും ഇവിടെ പ്രാധാന്യമുള്ള ദിവസങ്ങളാണ്. കാശിദർശനം നടത്തുന്നവർ നിർബന്ധമായും പോകേണ്ട ക്ഷേത്രങ്ങളിലൊന്ന് കാലഭൈരവ ക്ഷേത്രവും അടുത്തത് ബിന്ദു മാധവ ക്ഷേത്രവുമാണ്. രാജ്യത്തെ അനേകം കാലഭൈരവ ക്ഷേത്രങ്ങളിൽ ഈ ദിവസം വിശേഷമായി കൊണ്ടാടുന്നു. ഹൈന്ദവർക്കും ബുദ്ധമതക്കാർക്കും ജൈനർക്കും ഒരു പോലെ ആരാധ്യനാണ് ഭൈരവമൂർത്തി. കേരളത്തിൽ എറണാകുളം ജില്ലയിൽ തന്നെ നോർത്ത് പറവൂർ കെടാമംഗലത്ത് വരാപ്പുഴ, ആലുവ ചൊവ്വര എന്നിവിടങ്ങളിലും കാലഭൈരവ ക്ഷേത്രങ്ങളുണ്ട്. കാലഭൈരവന്റെ അവതാരമാണ് മുത്തപ്പൻ എന്നാണ് സങ്കല്പം.
Source link