KERALAMLATEST NEWS

സെക്രട്ടേറിയറ്റിലെ ക്ലോസറ്റ് തകർന്ന് ഉദ്യോഗസ്ഥയ്ക്ക് ഗുരുതര പരിക്ക്

14 സെമി.നീളത്തിലും 4.84സെമീ ആഴത്തിലും മുറിവ്,​ 14 തുന്നലിട്ടു

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അനക്‌സ് ഒന്നിലെ വനിത ടോയ്ലറ്റിലെ പഴകിയ ക്ലോസ്റ്റ് തകർന്ന് ഉദ്യോഗസ്ഥയുടെ ദേഹത്ത് ചീളുകൾ തുളച്ചുകയറി. തദ്ദേശവകുപ്പിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ അമ്പലമുക്ക് സ്വദേശിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇടുപ്പിന്റെ പിൻഭാഗത്ത് 14സെമി. നീളത്തിലും 4.84സെമീ ആഴത്തിലുമാണ് പരിക്ക്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 14 തുന്നലിട്ടു. ക്ലോസറ്റിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണം. കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.

ഭരണസിരാകേന്ദ്രത്തിൽ ജീവനക്കാർ ഉപയോഗിക്കുന്ന ടോയ്ലറ്റിന്റെ അറ്റകുറ്റപ്പണികൾ യഥാസമയം പരിഹരിക്കാത്തതിൽ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.05ഓടെ സെക്രട്ടേറിയറ്റ് അനക്‌സ് ഒന്നിലെ ഒന്നാം നിലയിലെ ടോയ്ലറ്റിലായിരുന്നു സംഭവം. അണ്ടർ സെക്രട്ടറിയുടെ ഓഫീസിലെ മീറ്റിംഗ് കഴിഞ്ഞശേഷമാണ് ഇവർ ടോയ്ലറ്റിലേക്കു പോയത്. ക്ലോസറ്റ് പാടെ പൊട്ടി പരിക്കേറ്റതോടെ ഇവർ മൊബൈൽ ഫോണിൽ സെക്ഷൻ ഓഫീസറെ വിവരം അറിയിച്ചു. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഒന്നാം നിലയിലുണ്ടായിരുന്ന വനിത സുരക്ഷാജീവനക്കാർ ഉൾപ്പെടെ എത്തി. അതിനിടെ വാതിൽ തുറന്ന് ഉദ്യോഗസ്ഥ പുറത്തിറങ്ങി. രക്തം വാർന്നൊലിക്കുന്നത് കണ്ടതോടെയാണ് മുറിവ് ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞത്.

സെക്രട്ടേറിയറ്റ് ക്ലീനിക്കിലെ ഡോക്ടറും നഴ്സും ഉൾപ്പെടെ സ്ഥലത്തെത്തിയാണ് പരിക്കേറ്റ ഉദ്യോഗസ്ഥയെ ആംബുലൻസിൽ കയറ്റിയത്. ജനറൽ ആശുപത്രിയിൽ എത്തിച്ച് തുന്നലിട്ടു. പ്രാഥമിക ചികിത്സയ്ക്കുശേഷം ഉടൻ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ക്ലോസറ്റ് ചീളുകളുടെ അംശം ശരീരത്തിലുണ്ടോയെന്ന് അറിയാൻ വിശദമായ സ്കാനിംഗ് ഉൾപ്പെടെ നടത്തി. കോട്ടയം ചെങ്ങന്നൂർ സ്വദേശിയായ ഉദ്യോഗസ്ഥ ദീർഘകാലത്തെ അവധിക്കുശേഷം കഴിഞ്ഞമാസമാണ് തിരിച്ചെത്തിയത്.

പൂട്ടില്ലാത്ത ടോയ്ലറ്റ്

അപകടം നടന്ന ടോയ്ലറ്റിന്റെ അവസ്ഥ ദയനീയമാണ്. വൃത്തിഹീനമാണ്. പുറത്തു നിന്ന് പൂട്ടാനാവില്ല. സംഭവശേഷം ആരും കയറാതിരിക്കാൻ ടോയ്ലറ്റ് പുറത്തുനിന്ന് പൂട്ടാനാവാത്തതിനാൽ കയർ ഉപയോഗിച്ച് കെട്ടിവച്ചു.


Source link

Related Articles

Back to top button