യുക്രൈനില്‍ പ്രയോഗിച്ചത് ഭൂഖണ്ഡാനന്തര മിസൈലല്ല, നാറ്റോയുമായുള്ള യുദ്ധമുന്നറിയിപ്പുമായി പുതിന്‍
മോസ്‌കോ: വ്യാഴാഴ്ച യുക്രൈനില്‍ നടത്തിയ ആക്രമണത്തില്‍ ഉപയോഗിച്ചത് പുതിയതായി വികസിപ്പിച്ച മധ്യദൂര ഹൈപ്പര്‍സോണിക് മിസൈലാണെന്ന് റഷ്യ. യു.എസ്, ബ്രീട്ടീഷ് മിസൈലുകള്‍ ഉപയോഗിച്ച് ഈ ആഴ്ച ആദ്യം റഷ്യയ്‌ക്കെതിരെ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ വ്യക്തമാക്കി. രാജ്യവ്യാപകമായി സംപ്രേഷണം ചെയ്ത ടെലിവിഷന്‍ പ്രസംഗത്തില്‍ ആണ് പുതിന്റെ പ്രതികരണം. ആണവായുധം വഹിക്കാന്‍വേണ്ടി രൂപകല്പനചെയ്തിട്ടുള്ള ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ (ഐ.സി.ബി.എം.) ആണ് റഷ്യ പ്രയോഗിച്ചതെന്നാണ് യുക്രൈന്‍ ആരോപിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് പുതിന്റെ മറുപടി. പൗരന്മാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള മുന്നറിയിപ്പ് ആക്രമണത്തിന് മുന്‍പ് നല്‍കുമെന്ന് പറഞ്ഞ പുതിന്‍, റഷ്യന്‍ മിസൈലുകളെ തടയാന്‍ യു.എസ്. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് കഴിയില്ലെന്നും അവകാശപ്പെട്ടു.അതേസമയം, റഷ്യയെ ആക്രമിക്കാന്‍ മിസൈലുകള്‍ ഉപയോഗിച്ച രാജ്യങ്ങള്‍ക്കെതിരേ ഇത് പ്രയോഗിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പാശ്ചാത്യനിര്‍മിത ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് യുക്രൈന്‍ റഷ്യയെ ആക്രമിച്ചാല്‍ അത് റഷ്യയും നാറ്റോയും തമ്മിലുള്ള യുദ്ധത്തില്‍ കലാശിക്കുമെന്ന് യു.എസിനും നാറ്റോ സഖ്യകക്ഷികള്‍ക്കും പുതിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Source link