‘സർക്കാർ പിന്തുണയില്ല’; മുകേഷ് ഉൾപ്പടെയുള്ള നടന്മാർക്കെതിരായ പരാതികൾ പിൻവലിക്കുന്നെന്ന് നടി

തിരുവനന്തപുരം: മുകേഷ് എംഎൽഎ ഉൾപ്പടെയുള്ള നടന്മാർക്കെതിരെ സമർപ്പിച്ച ലൈംഗിക ആരോപണ പരാതികൾ പിൻവലിക്കുന്നെന്ന് നടി. സർക്കാരിൽ നിന്ന് തനിക്ക് പിന്തുണ ലഭിച്ചില്ലെന്നും അതുകൊണ്ട് പ്രത്യേക അന്വേഷണ സംഘത്തിന് കേസുകൾ പിൻവലിക്കുന്നതിനായി കത്ത് നൽകുമെന്നും പരാതിക്കാരി അറിയിച്ചു. തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസിന്റെ സത്യം തെളിയിക്കാൻ സർക്കാർ തയ്യാറായില്ലെന്നും നടി വ്യക്തമാക്കി.

നടൻ മുകേഷ് ഉൾപ്പടെ ഏഴ് പേർക്കെതിരെയാണ് ആലുവ സ്വദേശിയായ നടി ലൈംഗിക ആരോപണം ഉന്നയിച്ചത്. ഈ നടിക്കെതിരെ ബന്ധുവായ യുവതിയുടെ പരാതിയിൽ പൊലീസ് പോക്‌സോ കേസെടുത്തിരുന്നു. 16 വയസുള്ളപ്പോൾ ഓഡീഷനാണെന്ന് പറഞ്ഞ് ചെന്നൈയിൽ കൊണ്ടുപോകുകയും മറ്റ് പലർക്കും കൈമാറാൻ ശ്രമിച്ചെന്നുമായിരുന്നു നടിക്കെതിരെയുള്ള പരാതി. പരാതിയിൽ നടിക്കെതിരെ മൂവാറ്റുപുഴ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ഈ കേസിൽ സത്യം തെളിയിക്കാൻ സർക്കാർ തയ്യാറായില്ലെന്നാണ് നടി ഇപ്പോൾ ആരോപിക്കുന്നത്.

തനിക്കെതിരെയുള്ള പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്നും അതിന്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നുമാണ് നടി ആരോപിക്കുന്നത്. മുകേഷ് ഉൾപ്പടെയുള്ള നടന്മാർക്കെതിരെ പരാതി നൽകിയതിന്റെ പ്രതികാര നടപടിയാണ് പോക്‌സോ കേസ്. സർക്കാരിൽ നിന്നും മാദ്ധ്യമങ്ങളിൽ നിന്നും തനിക്ക് പിന്തുണ ലഭിച്ചില്ല. അതിൽ മനം മടുത്താണ് കേസുകളിൽ നിന്ന് പിന്മാറുന്നതെന്ന് നടി വ്യക്തമാക്കുന്നു.

കേസ് പിൻവലിക്കുന്നതിനായി നടി ഔദ്യോഗികമായി അന്വേഷണ സംഘത്തെ ബന്ധപ്പെട്ടില്ലെന്നാണ് വിവരം. ഉടൻ ഇ മെയിൽ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന പൂങ്കുഴലി ഐപിഎസിന് കത്ത് നൽകുമെന്നും നടി അറിയിച്ചു.


Source link
Exit mobile version