കൊച്ചി: മെഡിക്കൽ കോളേജുകളോട് അനുബന്ധിച്ചുള്ള കെട്ടിടങ്ങൾക്കും നികുതിയിളവ് ബാധകമാണെന്ന വാദം പരിശോധിച്ച് തീരുമാനമെടുക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം. വിദ്യാർത്ഥികളുടെ ഹോസ്റ്റൽ, ഡോക്ടർമാരുടെ ക്വാർട്ടേഴ്‌സ് എന്നിവയ്ക്ക് കെട്ടിട നികുതി ഈടാക്കിയതിനെതിരെ പത്തനംതിട്ട മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഉത്തരവ്.
കേരള ബിൽഡിംഗ് ടാക്‌സ് ആക്ടിൽ മെഡിക്കൽ കോളേജ് അനുബന്ധ കെട്ടിടങ്ങൾക്ക് നികുതിയിളവ് അനുവദിക്കുന്നുണ്ടെന്നാണ് ഹർജിക്കാരുടെ വാദം. ഇത് മറികടന്ന് അടൂർ തഹസിൽദാർ നികുതി ഈടാക്കിയതിനെതിരെയായിരുന്നു ഹർജി.
അപ്പലേറ്റ് അതോറിറ്റിയെ സമീപിക്കാതെ ഹർജിക്കാർ നേരിട്ട് ഹൈക്കോടതിയിൽ എത്തിയതിനെ സർക്കാർ അഭിഭാഷകൻ ചോദ്യംചെയ്തു. തുടർന്നാണ് സർക്കാരിന് കീഴിലുള്ള അപ്പലേറ്റ് അതോറിറ്റിക്ക് മുന്നിൽ വിഷയം ഉന്നയിക്കാൻ കോടതി നിർദ്ദേശിച്ചത്.
Source link