കുഴൽനാടന്റെ വിവാദ ഭൂമി പോക്കുവരവ് ചെയ്ത റവന്യു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
തിരുവനന്തപുരം: ഇടുക്കിയിലെ ഉടുമ്പൻചോല താലൂക്കിൽ ചിന്നക്കനാൽ വില്ലേജിൽ മാത്യുകുഴൽനാടൻ എം.എൽ.എയുടെ സ്ഥലവും കെട്ടിടവും രജിസ്റ്റർ ചെയ്തതിലും പോക്കുവരവ് നടത്തിയതിലുമുള്ള ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ട് റവന്യു ഉദ്യോഗസ്ഥർക്കെതിരെ നടപടി.
ഉടുമ്പൻചോല തഹസീൽദാർ എ.വി.ജോസിനെയും ചിന്നക്കനാൽ വില്ലേജ് ഓഫീസർ സുനിൽ കെ.പോളിനെയുമാണ് ജില്ലയ്ക്കു പുറത്തേക്ക് സ്ഥലം മാറ്റിയത്. ജോസിനെ ആലപ്പുഴയിലേക്കും സുനിൽ കെ.പോളിനെ വയനാട്ടിലേക്കും മാറ്റി. ഇവർക്ക് പൊതുജന സമ്പർക്കം കുറഞ്ഞ ഓഫീസുകളിൽ നിയമനം നൽകാൻ രണ്ടു ജില്ല കളക്ടർമാർക്കും ലാൻഡ് റവന്യു കമ്മിഷണർ നിർദ്ദേശം നൽകി. സ്ഥലം പോക്കുവരവ് ചെയ്തതിൽ ക്രമക്കേട് നടന്നതായ ആരോപണത്തെ തുടർന്ന് വിജിലൻസ് ആൻഡ് ആന്റീ കറപ്ഷൻ ബ്യൂറോ അന്വേഷണം നടത്തിയിരുന്നു. തുടർന്ന് സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. കുഴൽനാടന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 50 സെന്റിലധികം സർക്കാർ ഭൂമി കൈയേറ്റമുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു. കൃഷിക്കായി നൽകിയ ഭൂമിയിൽ റിസോർട്ട് നിർമ്മിച്ചിട്ടും പോക്കുവരവ് അനുവദിച്ചതാണ് മറ്റൊരു ക്രമക്കേട്.
Source link