KERALAMLATEST NEWS

ഹൈക്കോടതി ഉത്തരവ് , കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല

 മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ കേസ് റദ്ദാക്കി

കൊച്ചി: കരിങ്കൊടി വീശിയുള്ള പ്രതിഷേധം അപകീർത്തികരമോ നിയമവിരുദ്ധമോ അല്ലെന്ന് ഹൈക്കോടതി. ചിഹ്നങ്ങളോ പ്രകടമായ രൂപങ്ങളോ അപകീർത്തിപ്പെടുത്തലിന്റെ ഭാഗമായി പറയാമെങ്കിലും കരിങ്കൊടിയെ അങ്ങനെ കാണാനാകില്ല.ഏത് നിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമ വിരുദ്ധമല്ല. പിന്തുണച്ചോ പ്രതിഷേധിച്ചോ ആവാം കൊടി വീശൽ. സാഹചര്യത്തെയും കാഴ്ചപ്പാടിനെയും ബന്ധപ്പെടുത്തി ഇതിൽ മാറ്റമുണ്ടാകാമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.

2017 ഏപ്രിൽ ഒമ്പതിന് പറവൂരിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ മൂന്ന് കോൺഗ്രസ് പ്രവർത്തകർക്കെതിരായ കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി കാട്ടുകയും തടയാൻ ശ്രമിച്ച പൊലീസുകാരെ തട്ടിമാറ്റുകയും ചെയ്തെന്നാണ് കേസ്. ജീവൻ അപായപ്പെടുത്തുന്ന പ്രവൃത്തി ചെയ്തെന്നും ആരോപിച്ചിരുന്നു. പറവൂർ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള തുടർ നടപടികൾ റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരായ സിമിൽ, ഫിജോ, സുമേഷ് ദയാനന്ദൻ എന്നിവരുടെ ആവശ്യം.

പ്രതിഷേധങ്ങൾ

അനിവാര്യം

ജനാധിപത്യത്തിൽ പ്രതിഷേധങ്ങൾ അനിവാര്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സമാധാനപരമായ പ്രതിഷേധങ്ങൾ ഭരണനിർവഹണത്തെ ദുർബലപ്പെടുത്തുകയല്ല, ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. അപകീർത്തി നേരിട്ട വ്യക്തി നൽകിയാലല്ലാതെ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപകീർത്തിക്കേസ് നിലനിൽക്കില്ല. ഇതിൽ വിചാരണ നടന്നാലും നിയമ സാധുതയില്ല. അപകീർത്തി എന്തെന്ന് പൊലീസിന്റെ അന്തിമ റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുമില്ല.പൊലീസ് സമരക്കാരെ തടഞ്ഞതിനാൽ, മുഖ്യമന്ത്രിക്കും വാഹനവ്യൂഹത്തിനും തടസമുണ്ടായിട്ടില്ല. വ്യക്തമായ ഉദ്ദേശ്യത്തോടെ പൊതുസേവകന്റെ കർത്തവ്യം തടസപ്പെടുത്തിയാൽ മാത്രമേ ഈ കുറ്റകൃത്യവും

നിലനിൽക്കൂവെന്ന് കോടതി വ്യക്തമാക്കി.


Source link

Related Articles

Back to top button