തൃശൂരിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മതവികാരം ഇളക്കിവിട്ടാണ് എൻ ഡി എ സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി ജയിച്ചതെന്നും അതിനാൽത്തന്നെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്.

എ ഐ വൈ എഫ് നേതാവ് എ എസ് ബിനോയ് ആണ് ഹർജി നൽകിയത്. ജസ്റ്റിസ് കൗസർ ഇടപ്പഗത്താണ് ഹർജി പരിഗണിക്കുക. വോട്ടർമാരെ സ്വാധീനിക്കാൻ സുരേഷ്‌ ഗോപി തിരഞ്ഞെടുപ്പ് ദിവസം മതചിഹ്നങ്ങൾ ഉപയോഗിച്ചെന്നും ശ്രീരാമന്റെ പേരിൽ വോട്ട് ചെയ്യണമെന്ന് അഭ്യർ‌ത്ഥിച്ചെന്നും ഹർജിയിൽ പറയുന്നു.

സുരേഷ്‌ ഗോപി സുഹൃത്തുവഴി വോട്ടർമാർക്ക് പെൻഷൻ തുക വാഗ്ദാനം ചെയ്തു. രാജ്യസഭാ എംപിയെന്ന നിലയിൽ ലഭിക്കുന്ന പെൻഷൻ തുകയിൽ നിന്ന് തിരഞ്ഞെടുപ്പ് കാലത്ത് ചിലരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറിയിട്ടുണ്ടെന്നും ഹർജിക്കാരൻ വാദിക്കുന്നു. ഹർജിയിൽ സുരേഷ് ഗോപിക്ക് നേരത്തെ കോടതി നോട്ടീസ് അയച്ചിരുന്നു.

കേരളത്തിൽ നിന്നുള്ള ആദ്യ ബി ജെപി ലോക്‌സഭാംഗമാണ് സുരേഷ് ഗോപി. 74686 വോട്ടുകൾക്കാണ് സുരേഷ് ഗോപി വിജയിച്ചത്. തൃശൂർ പിടിച്ചേ അടങ്ങൂ എന്നത് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്‌ വാശിയായിരുന്നു. ഇതിനായി പ്രധാനമന്ത്രിയെ തന്നെ അവർ കളത്തിലിറക്കി. സുരേഷ് ഗോപിക്കായി വോട്ടുചോദിക്കാൻ നരേന്ദ്ര മോദി നേരിട്ട് തൃശൂരിൽ എത്തിയിരുന്നു, അതും രണ്ട് തവണ.


Source link
Exit mobile version