കഠിനാധ്വാനത്തിന്റെ കഥ, ആരോപണങ്ങളുടെയും; ഇതാണ് ഗൗതം അദാനി

കഠിനാധ്വാനത്തിന്റെ കഥ, ആരോപണങ്ങളുടെയും; ഇതാണ് ഗൗതം അദാനി – Story of Gautam Adani | India News, Malayalam News | Manorama Online | Manorama News
കഠിനാധ്വാനത്തിന്റെ കഥ, ആരോപണങ്ങളുടെയും; ഇതാണ് ഗൗതം അദാനി
മനോരമ ലേഖകൻ
Published: November 22 , 2024 03:56 AM IST
Updated: November 21, 2024 11:15 PM IST
1 minute Read
ഗൗതം അദാനി. REUTERS/Amit Dave/File Photo
ശൂന്യതയിൽനിന്ന് കഠിനാധ്വാനത്തിലൂടെ വ്യവസായ സാമ്രാജ്യം പടുത്തുയർത്തിയ ഗൗതം അദാനിയുടെ നിഴൽപോലെ എക്കാലത്തും ആരോപണങ്ങളുണ്ടായിരുന്നു, കഠിനമായ പ്രതിസന്ധികളും. അതിന്റെ മുനകൊണ്ടു മുറിഞ്ഞും ചിലപ്പോഴൊക്കെ മുനയൊടിച്ചുമാണ് അദാനി മുന്നോട്ടുപോയത്.
അഹമ്മദാബാദിലെ ജൈനകുടുംബത്തിൽ, വസ്ത്രവ്യാപാരിയായ ശാന്തിലാൽ അദാനിയുടെയും ശാന്തയുടെയും 8 മക്കളിൽ ഏഴാമനായി ജനിച്ച ഗൗതം സ്കൂൾ പഠനം ഉപേക്ഷിച്ചു മുംബൈയിലെത്തി. അപ്പോൾ പ്രായം 16. രത്നങ്ങൾ തരംതിരിക്കുന്ന പണിയായിരുന്നു ആദ്യം. എൺപതുകളുടെ തുടക്കത്തിൽ ഗുജറാത്തിൽ മടങ്ങിയെത്തി. ചേട്ടൻ മഹാസുഖ്ഭായി ഒരു ചെറുകിട പിവിസി ഫിലിം നിർമാണ ഫാക്ടറി വാങ്ങിയിരുന്നു. അതിന്റെ പ്രവർത്തനത്തിൽ സഹായിച്ചു. 1988 ൽ ഉൽപന്ന വ്യാപാരത്തിലേക്ക് ഇറങ്ങി. 1994 ൽ ഈ കമ്പനി ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തു. അതാണ് ഇന്നത്തെ അദാനി എന്റർപ്രൈസസ്.
തൊണ്ണൂറുകളുടെ പാതിയിൽ അദാനി പടർന്നു പന്തലിക്കാൻ തുടങ്ങി. 1998 ജനുവരി ഒന്നിന് ക്ലബിൽനിന്ന് കാറിൽ മടങ്ങുകയായിരുന്ന ഗൗതം അദാനിയെയും വ്യാപാര പങ്കാളി ശാന്തിലാൽ പട്ടേലിനെയും ഗുണ്ടാസംഘം മോചനദ്രവ്യം ആവശ്യപ്പെട്ടു തട്ടിക്കൊണ്ടുപോയി. ഒരു ദിവസത്തിനു ശേഷം ഇരുവരും മോചിതരായി. പണം കൊടുത്തോ എന്നത് ഇന്നും അവ്യക്തം.
2008 നവംബർ 26നു മുംബൈയിലെ താജ് ഹോട്ടലിൽ ഭീകരർ ആക്രമണം നടത്തുമ്പോൾ അദാനി അവിടെയുണ്ടായിരുന്നു. അത്താഴം കഴിഞ്ഞ് ബില്ല് കൊടുത്ത് ഇറങ്ങുന്നതിനിടെ കൂടെയുണ്ടായിരുന്നവർ വീണ്ടുമൊരു യോഗത്തിനു വിളിച്ചു. ആ വിളിയില്ലായിരുന്നെങ്കിൽ താൻ ഭീകരരുടെ തോക്കിനുമുന്നിലേക്ക് എത്തുമായിരുന്നെന്ന് അദാനി പറഞ്ഞിട്ടുണ്ട്. അന്ന് ഹോട്ടലിന്റെ അടുക്കളയിലും ഭൂഗർഭനിലയിലുമായി കഴിഞ്ഞ അദ്ദേഹം പിറ്റേന്ന് സുരക്ഷിതമായി അഹമ്മദാബാദിലെത്തി. ‘വെറും 15 അടി അകലെ ഞാൻ മരണത്തെ കണ്ടു’ എന്നാണ് അദാനി അന്നു പറഞ്ഞത്. ഇന്നു കുറ്റാരോപണങ്ങളുടെ പോർമുനകൾക്കു മുന്നിൽ നിൽക്കുകയാണ് ഗൗതം അദാനിയും അദ്ദേഹം പടുത്തുയർത്തിയ സാമ്രാജ്യവും.
English Summary:
Story of Gautam Adani
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-national-personalities-gautam-adani mo-business-adanienterprises mo-business-adanigroup mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 18skpsv0grrfi153knhael899e
Source link