30 പഞ്ചായത്ത് അതിതീവ്ര വന്യജീവി സംഘർഷ മേഖല

തിരുവനന്തപുരം: 30 പഞ്ചായത്തുകൾ അതിതീവ്ര വന്യജീവി സംഘർഷ മേഖലകളായി വനംവകുപ്പ് കണ്ടെത്തി. പത്ത് വർഷത്തിനിടെയുണ്ടായ സംഘർഷം പഠിച്ചതിൽ 273 പ‌ഞ്ചായത്തുകളിൽ ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി. ഇവയെ 12മേഖലകളായി തിരിച്ചിട്ടുണ്ടെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.

വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ സേഫ് ഹാബിറ്റാറ്റ് ഹാക്ക് (ഹാക്കത്തോൺ) പുറത്തിറക്കിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഒരു മാസത്തെ ഫെൻസിംഗ് തീവ്രയജ്ഞം 25ന് തുടങ്ങും. 1400 കിലോമീറ്ററിലുള്ള സൗരോർജ വേലിയുടെ അറ്റകുറ്റപ്പണി പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെ നടപ്പാക്കും. പാമ്പ് കടിച്ചുള്ള അപകടം 50% കുറയ്ക്കാനുള്ള പരിശീലനം ജനുവരിയിൽ തുടങ്ങും. വന്യജീവി സംഘർഷത്തിൽ 5 വർഷത്തിനിടെ 847 മരണങ്ങളിൽ 540 എണ്ണവും പാമ്പുകടിച്ചാണെന്നും മന്ത്രി പറഞ്ഞു.

9 പഞ്ചായത്തിൽ രൂക്ഷം

വയനാട്ടിലെ 9 പഞ്ചായത്തിൽ വന്യജീവി സംഘർഷം രൂക്ഷമാണ്. മാനന്തവാടി,​ സുൽത്താൻ ബത്തേരി,​ ആറളം,​ കുട്ടമ്പുഴ,​ നൂൽപ്പുഴ,​ പനമരം,​ തവിഞ്ഞൽ,​ തിരുനെല്ലി, തൊണ്ടർനാട് എന്നിവയാണിത്.

സേഫ് ഹാബിറ്റാറ്റ് ഹാക്ക് (ഹാക്കത്തോൺ)

 വന്യജീവി സംഘർഷം ലഘൂകരിക്കാനും ആവാസ വ്യവസ്ഥകളുടെ പാലനത്തിനും സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഹാരം കണ്ടെത്താൻ കെ-ഡിസ്‌കുമായി സഹകരിച്ചാണ് പദ്ധതി.

സ്റ്റാർട്ട്അപ്പുകൾ,​ ഇന്നവേറ്റർമാർ,​ സാങ്കേതിക വിദഗ്ദ്ധർ,​ ഗവേഷകർ,​ ഹാബിറ്റാറ്റ് വിദഗ്ദ്ധർ,​വിവിധ ഏജൻസികൾ എന്നിവർ പങ്കാളികളാകും.

 പ്രൊട്ടോടൈപ്പുകൾ, പ്രൊഡക്ട് ഡെവലപ്‌മെന്റ്, സ്റ്റാർട്ട്അപ്പ് ആശയങ്ങൾ കണ്ടെത്തും.

ആശയങ്ങൾ ഡിസംബർ 20നകം സമർപ്പിക്കണം. വിദഗ്ദ്ധസമിതി തിരഞ്ഞെടുക്കുന്നവ 2025 ഫെബ്രുവരി 15നു ശേഷം തിരുവനന്തപുരത്തെ ചടങ്ങിൽ അവതരിപ്പിക്കും. കൂടുതൽ വിവരങ്ങൾ വനംവകുപ്പിന്റെയും കെ-ഡിസ്‌കിന്റെയും വെബ്‌സൈറ്റുകളിൽ.


Source link
Exit mobile version