ലൈംഗികപീഡനവും മയക്കുമരുന്ന് കേസും;അറ്റോർണി ജനറൽ നോമിനി മാറ്റ് ഗെയ്റ്റ്സ് പിന്മാറി;ട്രംപിന് തിരിച്ചടി

വാഷിങ്ടൺ: യു.എസ്. അറ്റോർണി ജനറലായി നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശിച്ച മാറ്റ് ഗെയ്റ്റ്സ് പിന്മാറി. പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗിച്ച കേസിലും മയക്കുമരുന്നുകേസിലും ജനപ്രതിനിധിസഭ എത്തിക്സ് കമ്മിറ്റിയുടെ അന്വേഷണം അദ്ദേഹം നേരിട്ടിരുന്നു.തനിക്കെതിരായുള്ള ആരോപണത്തിന്റെ പേരിൽ രണ്ടാം ട്രംപ് സർക്കാരിനുണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് പിന്മാറുന്നതെന്ന് ഗെയ്റ്റ്സ് പറഞ്ഞു. വ്യാഴാഴ്ച ക്യാപിറ്റോളിൽ മന്ദിരത്തിൽ ചേർന്ന എത്തിക്സ് കമ്മിറ്റി യോഗത്തിൽ ഗെയ്റ്റ്സിനെതിരായുള്ള അന്വേഷണറിപ്പോർട്ട് പുറത്തുവിടുന്നതിൽ വോട്ടെടുപ്പ് നടന്നിരുന്നു. അഞ്ച് റിപ്പബ്ലിക്കൻ അംഗങ്ങൾ റിപ്പോർട്ട് പുറത്തുവിടരുതെന്നും അഞ്ച് ഡെമോക്രാറ്റിക് അംഗങ്ങൾ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു. ഇതോടെ കമ്മിറ്റിക്ക് തീരുമാനമെടുക്കാനായില്ല. തുടർനടപടികൾക്കായി അടുത്തമാസം കമ്മിറ്റി വീണ്ടും ചേരും. ഫ്ലോറിഡയിൽനിന്നുള്ള കോൺഗ്രസ് അംഗമായിരുന്നു ഗെയ്റ്റ്സ്. അറ്റോർണിയായി ട്രംപ് നാമനിർദേശം ചെയ്തതോടെ ജനപ്രതിനിധിസഭ അംഗത്വം അദ്ദേഹം രാജിവെച്ചിരുന്നു.
Source link