നെഞ്ചിൽ ചവിട്ടി വീഴ്ത്തി, മനുഷ്യമലം തീറ്റിക്കാൻ ശ്രമിച്ചു: ഗുരുതര പരാതിയുമായി യുവതി രംഗത്ത്
ഭുവനേശ്വർ: ക്രൂരമായി ആക്രമിക്കപ്പെട്ടുവെന്നും ബലംപ്രയോഗിച്ച് മനുഷ്യമലം തീറ്റിക്കാൻ ശ്രമിച്ചെന്നുമുള്ള പരാതിയുമായി ഇരുപതുകാരിയായ ആദിവാസി യുവതി. ഒഡീഷയിലെ ബലംഗീർ ജില്ലയിൽ നിന്നുള്ള യുവതിയാണ് ഉന്നത കുലജാതനെതിരെ പരാതിയുമായി രംഗത്തെത്തിയത്. തന്റെ കൃഷിഭൂമിയിൽ കൃഷിനാശം വരുത്തിയതിനെതിരെ പ്രതിഷേധിച്ചതിനുള്ള പ്രതികാരമായാണ് അതിക്രമം എന്നും യുവതി പറയുന്നുണ്ട്.
ഇക്കഴിഞ്ഞ പതിനാറിന് ബംഗോമുണ്ട ഗ്രാമത്തിലെ കുളത്തിൽ നിന്ന് കുളിച്ചശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് യുവതി പറയുന്നത്. ആ ഗ്രാമത്തിലെതന്നെ അഭയ് ബാഗ് എന്ന യുവാവ് ആദ്യം ജാതി അധിക്ഷേപം നടത്തുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു. ആദ്യം നെഞ്ചിൽ അടിച്ചുവീഴ്ത്തി. ആക്രമിക്കപ്പെടുന്നതുകണ്ട് അമ്മ എത്തിയപ്പോൾ അവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. പിന്നീടാണ് തന്റെ മുഖത്ത് മനുഷ്യ മലം പുരട്ടുകയും ബലമായി കഴിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്നും ബംഗോമുണ്ട പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിൽ പറയുന്നു.
പ്രതിയെ അറസ്റ്റുചെയ്യാത്തതിൽ പൊലീസിനെതിരെ കടുത്ത വിമർശനവുമായി ആദിവാസി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. നടപടി ഇനിയും വൈകിയാൽ കടുത്ത പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പും അവർ നൽകി. എന്നാൽ പരാതിയെക്കുറിച്ച് അന്വേഷണം നടത്തിയെന്നും പ്രതി ഒളിവിലാണെന്നുമാണ് പൊലീസ് പറയുന്നത്. പ്രതിയെ പിടികൂടാൻ കൂടുതൽ പൊലീസ് സേനയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ സാമൂഹ്യ സംഘനകളും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. അത്യന്തം നീചമായ പ്രവൃത്തിയാണ് ഇതെന്നും പ്രതികൾക്കെതിരെ പഴുതുകളില്ലാത്ത അന്വേഷണം നടത്തണമെന്നുമാണ് അവരുടെ ആവശ്യം.
Source link