ഒരുമിക്കുന്നുവെന്നത് അഭ്യൂഹം മാത്രമായി; വേർപിരിയാൻ തന്നെ തീരുമാനം; ധനുഷും ഐശ്വര്യയും കുടുംബ കോടതിയില്‍

ഒരുമിക്കുന്നുവെന്നത് അഭ്യൂഹം മാത്രമായി; വേർപിരിയാൻ തന്നെ തീരുമാനം; ധനുഷും ഐശ്വര്യയും കുടുംബ കോടതിയില്‍ | Dhanush Aishwarya Rajinikanth
ഒരുമിക്കുന്നുവെന്നത് അഭ്യൂഹം മാത്രമായി; വേർപിരിയാൻ തന്നെ തീരുമാനം; ധനുഷും ഐശ്വര്യയും കുടുംബ കോടതിയില്‍
മനോരമ ലേഖകൻ
Published: November 21 , 2024 04:08 PM IST
1 minute Read
വിവാഹമോചനവുമായി ബന്ധപ്പെട്ട് ഐശ്വര്യ രജനികാന്തും ധനുഷും ഇന്ന് ചെന്നൈ കുടുംബ കോടതിയിൽ ഹാജരായി. കോടതി നടപടികളിൽ ഇരുവരും വിവാഹമോചനവുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്ന് കോടതിയെ അറിയിച്ചു. ഇതനുസരിച്ച് ധനുഷിന്റെയും ഐശ്വര്യയുടെയും വിവാഹമോചന ഹർജിയിൽ നവംബർ 27ന് അന്തിമ വിധി വരും.
ഐശ്വര്യയും ധനുഷും ഇതിനു മുമ്പ് നടന്ന മൂന്ന് ഹിയറിങുകളിലും കോടതിയിൽ ഹാജരായിരുന്നില്ല. ഇതേ തുടർന്ന് രജനികാന്ത് ഇടപെട്ട് ഇരുവരെയും വിവാഹമോചനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2022 ജനുവരിയിലാണ് തങ്ങളുടെ വേർപിരിയൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
6 മാസം നീണ്ട പ്രണയത്തിനൊടുവിൽ 2004 നവംബർ 18 നായിരുന്നു ധനുഷ് – ഐശ്വര്യ വിവാഹം. വിവാഹിതനാകുമ്പോൾ ധനുഷിന് 21 വയസ്സും ഐശ്വര്യയ്ക്ക് 23 വയസ്സുമായിരുന്നു പ്രായം. സൂപ്പർസ്റ്റാർ രജനിയുടെ മരുമകൻ എന്ന വിശേഷണത്തിനിടം കൊടുക്കാതെ സ്വയം പാത തെളിയിക്കാനാണ് ധനുഷ് അപ്പോഴും ശ്രമിച്ചത്. ഐശ്വര്യയും പിന്നീട് സിനിമയില്‍ സജീവമായി.
സംവിധായികയെന്ന നിലയിൽ ‘ത്രീ’ ഐശ്വര്യയ്ക്ക് അഭിനന്ദനം നേടിക്കൊടുത്ത സംരംഭമായിരുന്നു. ധനുഷായിരുന്നു നായകൻ. ധനുഷ് താരമെന്നതിനൊപ്പം നല്ല നടൻ എന്ന നിലയിലേക്കും ഇതിനോടകം ഉയർന്നിരുന്നു. രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി. സംവിധായകൻ, തിരക്കഥാകൃത്ത്, ഗായകൻ, ഗാനരചയിതാവ്, നിർമാതാവ് എന്നിങ്ങനെ സിനിമയുടെ പല മേഖലയിലും തിളങ്ങി നിൽക്കുകയാണ് ധനുഷ്. യാത്രയും ലിംഗയുമാണ് ഇവരുടെ മക്കള്‍.
തങ്ങളുടെ ദാമ്പത്യത്തിലെ ഇഴയടുപ്പം കുറയുന്നതായുള്ള സൂചനകളൊന്നും ഇക്കാലത്തിനിടെ ഇരുവരും പ്രകടിപ്പിച്ചിരുന്നില്ല. അങ്ങനെ സംഭവിക്കാതിരിക്കാൻ ഇവരും ചുറ്റമുള്ളവരും ശ്രദ്ധിച്ചു. അതുകൊണ്ടു തന്നെ ആരാധകർക്കിടയിൽ ഇവരുടെ വിവാഹമോചന വാർത്ത സൃഷ്ടിച്ച ഞെട്ടൽ ചെറുതായിരുന്നില്ല.
‘‘സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വർഷം ഒരുമിച്ചു കഴിഞ്ഞു. വളരാനും, മനസ്സിലാക്കാനും, പൊരുത്തപ്പെടാനും ശ്രമിച്ച യാത്രയായിരുന്നു. ഇന്ന് വഴികള്‍ വേര്‍പിരിയുന്ന ഇടത്താണ് ഞങ്ങള്‍ നില്‍ക്കുന്നത്. ഐശ്വര്യയും ഞാനും ദമ്പതികളെന്ന നിലയിൽ വേർപിരിയാനും വ്യക്തികളെന്ന നിലയിൽ പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കാനും തീരുമാനിച്ചു’’. എന്നാണ് വേർപിരിയൽ വാർത്ത പങ്കുവച്ച് ധനുഷ് അന്ന് എക്സില്‍ കുറിച്ചത്
ഇപ്പോൾ തമിഴിലെ വിലയേറിയ താരങ്ങളിലൊരാളാണ് ധനുഷ്. ഐശ്വര്യയും സംവിധാനവും നിർമാണവുമൊക്കെയായി സിനിമാ രംഗത്ത് നിറഞ്ഞു നിൽക്കാനുള്ള ഒരുക്കത്തിലാണ്. രജനികാന്തിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ‘ലാൽ സലാം’ ആണ് ഐശ്വര്യ സംവിധാനം ചെയ്ത അവസാന സിനിമ.
English Summary:
Dhanush and Aishwarya appear before court for the first time over the legal divorce battle
7rmhshc601rd4u1rlqhkve1umi-list 1glknophttts9k0pvu2cadehhd mo-entertainment-common-kollywoodnews mo-entertainment-movie-dhanush f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-aishwarya-rajinikanth mo-celebrity-celebritydivorce
Source link