KERALAM

ഇന്നും കുടയെടുക്കാൻ മറക്കേണ്ട, ഏഴ് ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യത, സന്നിധാനത്തെത്തുന്നവർ കരുതിയിരിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്.

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോ മീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആകാശം പൊതുവേ മേഘാവൃതമായിരിക്കും. ഏതാനും തവണ നേരിയതോ മിതമായതോ ആയ (മണിക്കൂറിൽ രണ്ട് സെന്റീമീറ്റർ വരെ) മഴയ്ക്കോ ഇടിമിന്നലോട് കൂടിയ മഴയ്ക്കോ സാദ്ധ്യതയുണ്ട്.

ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ

മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. കാറ്റിൽ മറിഞ്ഞു വീഴാൻ സാദ്ധ്യതയുള്ള വസ്തുക്കൾ കെട്ടിവയ്ക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിംഗ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം. പട്ടം പറത്തുന്നത് ഒഴിവാക്കുക.


Source link

Related Articles

Back to top button