KERALAMLATEST NEWS

‘എങ്ങനെയെങ്കിലും യുകെയിൽ നിൽക്കണം’; പെൺകുട്ടി തിരഞ്ഞെടുത്ത മാർഗത്തിന് രൂക്ഷ വിമർശനം

ലണ്ടൻ: യുകെയിൽ തങ്ങാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ഒരു ഇന്ത്യൻ യുവതി പങ്കുവച്ച ലിങ്ക്‌ഡ്‌ഇൻ പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ വലിയ ച‌ർച്ചയാവുകയാണ്. ഇംഗ്ളണ്ടിലെ ലെയ്‌സെസ്റ്റർ സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ എംഎസ്‌സി ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശ്വേതാ കോതണ്ഡൻ എന്ന യുവതി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

വിസ കാലാവധി കഴിയാറായെന്നും യുകെയിൽ തങ്ങുന്നതിനായി ശമ്പളമില്ലാതെ ജോലി ചെയ്യാൻവരെ തയ്യാറാണെന്നും യുവതിയുടെ കുറിപ്പിൽ പറയുന്നു. മാത്രമല്ല, അവധിയെടുക്കാതെ അധിക ജോലി ചെയ്യാൻ തയ്യാറാണെന്നും കുറിപ്പിലുണ്ട്. 2021ലാണ് പഠനത്തിനായി ശ്വേത യുകെയിലെത്തിയത്. 2022ൽ പഠനം പൂർത്തിയാക്കിയതിനുശേഷം വിസ സ്‌പോൺസർ ചെയ്യുന്ന യുകെ ജോലി കിട്ടുന്നതിനായി കഠിന പരിശ്രമത്തിലാണെന്നും അതിനായി സഹായിക്കണമെന്നുമാണ് യുവതി ആവശ്യപ്പെടുന്നത്. യുകെയിൽ നിന്ന് നാട് കടത്തപ്പെടുമെന്ന് ഭയന്നാണ് യുവതി ഇത്തരമൊരു പോസ്റ്റ് പങ്കുവയ്ക്കാൻ മുതിർന്നതെന്ന് വ്യക്തമാണ്.

യുവതിയുടെ പോസ്റ്റിന്റെ പൂ‌ർണരൂപം

എന്റെ ഗ്രാജ്വേറ്റ് വിസ മൂന്ന് മാസത്തിനുള്ളിൽ അവസാനിക്കും. യുകെയിൽ തുടരാൻ എന്നെ സഹായിക്കുന്നതിന് ഇത് വീണ്ടും പോസ്റ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

ഞാൻ ശ്വേത, ഇന്ത്യയിൽ നിന്നുള്ള ഒരു അന്താരാഷ്ട്ര വിദ്യാർത്ഥിനിയാണ്. 2021ൽ വലിയ സ്വപ്നങ്ങളുമായാണ് ഞാൻ യുകെയിലേക്ക് വന്നത്. 2022ൽ ബിരുദം നേടിയത് മുതൽ, വിസ സ്‌പോൺസർ ചെയ്‌ത യുകെ ജോലിക്കായി ഞാൻ വിശ്രമമില്ലാതെ തിരയുകയാണ്. എന്നാൽ എനിക്കോ എന്റെ ബിരുദത്തിനോ എന്റെ കഴിവുകൾക്കോ ​​യാതൊരു വിലയും തൊഴിൽ വിപണിയിൽ ഇല്ലെന്ന് എനിക്ക് മനസിലായി. 300ൽ അധികം ജോലികൾക്ക് അപേക്ഷിച്ചു.

ഈ ലിങ്ക്ഡ്ഇൻ പോസ്റ്റ് യുകെയിൽ ദീർഘകാല ഭാവി സുരക്ഷിതമാക്കാനുള്ള എന്റെ അവസാന പ്രതീക്ഷയാണ്. വിസ സ്‌പോൺസർ ചെയ്യുന്ന ഡിസൈൻ എഞ്ചിനീയർ ജോലികളാണ് ഞാൻ തിരയുന്നത്.

എന്റെ യോഗ്യതകൾ ഇവയാണ്:

മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഒന്നാം ക്ലാസോടെ രണ്ട് ബിരുദം.
ഡിസൈൻ എഞ്ചിനീയർ ആയുള്ള മുൻ പരിചയം.
യുകെയിലെ ആമസോണിലെ പ്രവൃത്തി പരിചയം. ഓരോ ഷിഫ്റ്റിലും നൂറിലധകം പ്രശ്‌നങ്ങൾ ഞാൻ പരിഹരിച്ചു.
നിങ്ങൾ ഡിസൈൻ എഞ്ചിനീയറെ തേടുന്ന യുകെ തൊഴിലുടമയാണെങ്കിൽ, എന്നെ നിയമിച്ചാൽ നിങ്ങൾക്ക് ഖേദിക്കേണ്ടിവരില്ല.
എന്റെ മൂല്യം തെളിയിക്കാൻ ദിവസവും 12 മണിക്കൂറും ആഴ്ചയിൽ 7 ദിവസവും ജോലി ചെയ്യാൻ ഞാൻ തയ്യാറാണ്.
നിങ്ങൾ ഇത് വായിക്കുന്ന ഒരു അന്തർദേശീയ വിദ്യാർത്ഥിയാണെങ്കിൽ, ഇത് റീപോസ്റ്റ് ചെയ്ത് സഹായിക്കണം
‘ഒരു മാസത്തേക്ക് എന്നെ സൗജന്യമായി നിയമിച്ചുനോക്കൂ. ഞാൻ കൃത്യമായി ജോലി ചെയ്തില്ലെങ്കിൽ, എന്നെ അപ്പോൾതന്നെ പുറത്താക്കാം, ഒരു ചോദ്യവും ചോദിക്കില്ല’ എന്നും യുവതി സ്വന്തം ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്. യുവതിയുടെ പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

പോസ്റ്റ് വിഡ്ഢിത്തമാണെന്നും തൊഴിലുടമകൾക്ക് യഥാർത്ഥമല്ലാത്ത പ്രതീക്ഷകൾ നൽകുന്നതാണെന്നും ചിലർ വിമർശിച്ചു. ‘ഇന്ത്യക്കാരുടെ പ്രതിച്ഛായ നശിപ്പിക്കുന്നു’, ‘പണക്കാരായ കുട്ടികളുടെ പ്രശ്നമാണിത്, യാതൊന്നും ചിന്തിക്കാതെ വിദേശത്ത് പഠിക്കാൻ പോകും, ശേഷം യാഥാർത്ഥ്യബോധം ഉണ്ടാവുമ്പോൾ അവതാളത്തിലാവും’, ‘അടിമയാകാൻ ആഗ്രഹിക്കുന്നു’, ‘ഇന്ത്യയിലേക്ക് വരാതിരിക്കാൻ എന്തുംചെയ്യുന്ന തലമുറ’ എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് പോസ്റ്റിന് കൂടുതലായും ലഭിക്കുന്നത്.


Source link

Related Articles

Back to top button