ഡൽഹിയിലെ വിഷവായു: പടക്കങ്ങളുടെ ഓൺലൈൻ വിൽപന നിർത്തി; 50% ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം
ഡൽഹിയിലെ വിഷവായു: പടക്കങ്ങളുടെ ഓൺലൈൻ വിൽപന നിർത്തി; 50% ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം – Latest News | Manorama Online
ഡൽഹിയിലെ വിഷവായു: പടക്കങ്ങളുടെ ഓൺലൈൻ വിൽപന നിർത്തി; 50% ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം
ഓൺലൈൻ ഡെസ്ക്
Published: November 21 , 2024 11:30 AM IST
1 minute Read
അന്തരീക്ഷ മലിനീകരണം ശക്തമായ തോതിലായ ഡൽഹിയിലെ ദൃശ്യങ്ങൾ
ന്യൂഡൽഹി ∙ വായുമലിനീകരണം കൂടിയതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി. ദേശീയ തലസ്ഥാന പ്രദേശത്ത് (എൻസിടി) പടക്കങ്ങളുടെ ഓൺലൈൻ വിൽപനയും വിതരണവും ഉടൻ നിർത്തണമെന്ന് എല്ലാ സമൂഹമാധ്യമ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോടും ഡൽഹി പൊലീസ് നിർദേശിച്ചു. വായുമലിനീകരണം നിയന്ത്രിക്കുന്നതിനായി പടക്ക നിർമാണം, സംഭരണം, പൊട്ടിക്കൽ എന്നിവ പൂർണമായും നിരോധിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ ചുവടുപിടിച്ചാണു നടപടി.
ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ, സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ എന്നിവയ്ക്ക് ഇ-മെയിൽ വഴി രേഖാമൂലം നിർദേശം നൽകിയെന്നു ഡൽഹി പൊലീസ് അറിയിച്ചു. പടക്ക നിരോധനത്തെക്കുറിച്ച് ഉപയോക്തക്കളെ അറിയിക്കാൻ പൊതു അറിയിപ്പ് പ്രസിദ്ധീകരിക്കും. നിരോധന കാലയളവിൽ പടക്കങ്ങളുള്ള ലോഡുകൾ സ്വീകരിക്കുകയോ കൊണ്ടുപോകുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്നു ഡെലിവറി കമ്പനികൾക്കും നിർദേശം നൽകി. വായുമലിനീകരണം വർധിക്കുന്നതിനാൽ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനാണു നടപടികളെന്നും പൊലീസ് വ്യക്തമാക്കി.
∙ 50% ജീവനക്കാർക്ക് വർക്ക് ഫ്രം ഹോംതുടർച്ചയായ ദിവസങ്ങളിൽ വായുമലിനീകരണം ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ ഇന്നുമുതൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ 50% വർക്ക് ഫ്രം ഹോം നടപ്പാക്കും. ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ ഉൾപ്പെടെ 80 വകുപ്പുകളിലായി സർക്കാരിന് കീഴിൽ 1.4 ലക്ഷം ജീവനക്കാരാണുള്ളത്. അവശ്യസേവനങ്ങളായ ആശുപത്രി, ശുചീകരണം, പൊതുഗതാഗതം, അഗ്നിരക്ഷാ സേന, പൊലീസ്, വൈദ്യുതി, പൊതുവിതരണം, ജലസംസ്കരണം തുടങ്ങിയവ സാധാരണ പോലെ പ്രവർത്തിക്കും.
‘രാവിലത്തെ ഗതാഗതത്തിരക്ക് കുറയ്ക്കാൻ സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തനസമയത്തിൽ മാറ്റം വരുത്തണം. റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ, കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ ഷട്ടിൽ ബസ് സർവീസ് ഏർപ്പെടുത്തണം. സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി ഇത്തരത്തിൽ ബസ് ഏർപ്പെടുത്തി. ഡൽഹിയോട് ചേർന്നുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇതേ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം’– സർക്കാർ ആവശ്യപ്പെട്ടു. ശ്വാസതടസ്സമടക്കമുള്ള രോഗികളുടെ ചികിത്സയ്ക്കായി പ്രത്യേകം സംവിധാനം ഒരുക്കണമെന്ന് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ആശുപത്രികൾക്കും നിർദേശം നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ കാറ്റ് വീശിയതിനെത്തുടർന്ന് ചില സ്ഥലങ്ങളിലെ മൂടിക്കെട്ടിയ അന്തരീക്ഷത്തിനു മാറ്റമുണ്ടെങ്കിലും വായുനിലവാരം ഗുരുതരമായി തുടരുകയാണ്. ആനന്ദ് വിഹാർ (522), അശോക് വിഹാർ ഫേസ് 2 (527), അശോക് വിഹാർ ഫേസ് 3 (634), ദ്വാരക സെക്ടർ 11 (390), ജിടിബി നഗർ (617), അലിപ്പുർ (490) എന്നിങ്ങനെയാണ് എക്യുഐ. വായുമലിനീകരണം കുറയ്ക്കാനായി കൃത്രിമമഴയ്ക്ക് അനുമതി തേടി സംസ്ഥാന സർക്കാർ തുടർച്ചയായി കത്തുനൽകിയിട്ടും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മറുപടി നൽകിയിട്ടില്ല.
English Summary:
Delhi is grappling with severe air pollution, leading to stringent measures like a complete ban on firecracker sales online and offline, and a 50% work from home policy for government and private institutions
mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list mo-news-common-firecracker-ban 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-environment-delhi-air-pollution 5de2cmkl3icot07m248mmpu3hn
Source link